gunshot

ലക്‌നൗ: ഉത്തർപ്രദേശിലെ മോഹൻലാൽഗഞ്ജിൽ നിന്നുള‌ള ലോക്‌സഭാംഗമായ ബിജെപി നേതാവ് കൗശൽ കിഷോറിന്റെ മകൻ ആയുഷിന് വെടിയേ‌റ്റു. ബൈക്കിലെത്തിയ അക്രമികളാണ് വെടിയുതി‌ർ‌ത്തത്. നെഞ്ചിന് വെടിയേ‌റ്റ ആയുഷിനെ ചികിത്സയ്‌ക്ക് ശേഷം ഡിസ്‌ചാർജ് ചെയ്‌തു. സംഭവത്തിന് പിന്നിലെ കാരണം അന്വേഷിച്ച പൊലീസ് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വസ്‌തുതകളായിരുന്നു.

സംഭവസമയത്ത് ആയുഷിനൊപ്പമുണ്ടായിരുന്ന ഇയാളുടെ സഹോദരീ ഭർ‌ത്താവ് ആദർശിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ആക്രമണം ആയുഷ് തന്നെ പദ്ധതിയിട്ടതാണെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. തനിക്ക് ശത്രുതയുള‌ള ആരെയോ കുരുക്കാൻ ആയുഷ് തന്നെ ഏർപ്പെടുത്തിയ ആളുകളാണ് ഇയാളെ വെടിവച്ചത്. പൊലീസ് നടത്തിയ തിരച്ചിലിൽ ഒരു ലൈസൻസുള‌ള തോക്കിൽ നിന്നാണ് വെടിയേ‌റ്റതെന്ന് മനസ്സിലായി. ഈ തോക്ക് ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി ലക്‌നൗ പൊലീസ് കമ്മീഷണർ ഡി.കെ.ധാക്കൂർ അറിയിച്ചു.

ആക്രമണം നടത്തണമെന്ന് തന്നോട് ആയുഷ് ആവശ്യപ്പെട്ടിരുന്നതായി ആദർശ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്നും കൂടുതൽ അന്വേഷണങ്ങൾക്കും ആയുഷിന്റെ ചോദ്യം ചെയ്യലിനും ശേഷമേ കേസെടുക്കാനാകൂവെന്നും ലക്‌നൗ പൊലീസ് കമ്മീഷണർ അറിയിച്ചു.