poster

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്‌ക്കനെതിരേ കെ പി സി സി ആസ്ഥാനത്തും തിരുവനന്തപുരം നഗരത്തിലെ മറ്റിടങ്ങളിലും പോസ്റ്ററുകൾ. ജോസഫ് വാഴയ്‌ക്കനെ മൂവാറ്റുപുഴയിൽ മത്സരിപ്പിക്കുന്നതിനെതിരെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജോസഫ് വാഴയ്‌ക്കൻ മൂവാറ്റുപുഴ സീറ്റിന് അർഹനല്ല എന്നാണ് ഇംഗ്ലീഷിലുളള പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.

'സേവ് കോൺഗ്രസ്, സേവ് മൂവാറ്റുപുഴ' തുടങ്ങിയ വാചകങ്ങളും പോസ്റ്ററിലുണ്ട്. നേരത്തെ മൂവാറ്റുപുഴ സീറ്റ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകി ചങ്ങനാശേരി ഏറ്റെടുക്കാൻ കോൺഗ്രസിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഇതിനെതിരേ ജോസഫ് വാഴയ്‌ക്കൻ ഉൾപ്പടെ പരസ്യമായി രംഗത്തെത്തി. ഇതിനുപിന്നാലെയാണ് ജോസഫ് വാഴയ്‌ക്കനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അതേസമയം, കോന്നിയിൽ അടൂർ പ്രകാശിനും റോബിൻ പീറ്ററിനുമെതിരെ പോസ്റ്റർ ഒട്ടിച്ചവരുടെ ദൃശ്യങ്ങൾ സി സി ടി വി വഴി പൊലീസിന് ലഭിച്ചു. സംഭവത്തിന് പിന്നിൽ സി പി എമ്മാണെന്നാണ് ഡി സി സി നേതൃത്വം പറയുന്നത്.