pakistan-

ജനീവ : ഐക്യരാഷ്ട്ര മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെ തുറന്ന് കാട്ടി ഇന്ത്യൻ പ്രതിനിധിയുടെ വാക്കുകൾ. ഭീകരർക്ക് പെൻഷൻ അനുവദിക്കുന്ന രാജ്യമെന്ന വിശേഷണം നൽകിയാണ് മനുഷ്യാവകാശ കൗൺസിലിലെ ഇന്ത്യൻ പ്രതിനിധി പവൻ ബാദെ അയൽരാജ്യത്തെ മറ്റ് അംഗങ്ങൾക്ക് പരിചയപ്പെടുത്തിയത്. അടുത്തിടെ ഹാഫിസ് സയീദ്, ലക്ഷർഇതായ്ബയുടെ നേതാവ് സകിയുർ റഹ്മാൻ ലഖ്‌വി, പാകിസ്ഥാൻ ആണവ ശാസ്ത്രജ്ഞൻ മഹമൂദ് സുൽത്താൻ ബഷീറുദ്ദീൻ എന്നിവർക്ക് അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള പണം നൽകാൻ അനുവദിക്കണമെന്ന് പാകിസ്ഥാൻ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് ഭീകരബന്ധം കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയെ സമീപിച്ചത്. ഇത് എടുത്തുകാട്ടിയാണ് ഭീകരർക്ക് പെൻഷൻ കൊടുക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇന്ത്യ വിശേഷിപ്പിച്ചത്.

പതിവ് പോലെ കാശ്മീർ വിഷയത്തിൽ ഊന്നിയാണ് പാകിസ്ഥാൻ ഇന്ത്യയെ പ്രതിരോധിക്കാൻ ശ്രമിച്ചത്. എന്നാൽ പാക് ആരോപണങ്ങൾക്ക് ഇരട്ടി പ്രഹരമായിരുന്നു ഇന്ത്യൻ പ്രതിനിധി നൽകിയത്. തീവ്രവാദികളെ ഉൽപാദിപ്പിക്കുന്നതിനുള്ള ഫാക്ടറിയായി പാകിസ്ഥാൻ മാറിയെന്ന് അവിടെയുള്ള നേതാക്കൾ തന്നെ സമ്മതിച്ചു കഴിഞ്ഞതായും മനുഷ്യാവകാശത്തെ ഏറ്റവും മോശമായി ദുരുപയോഗം ചെയ്യുന്ന രാജ്യമാണ് അതെന്നും ഇന്ത്യൻ പ്രതിനിധി പ്രസ്താവിച്ചു. ലോകം കണ്ട ഏറ്റവും വലിയ ഭീകരനായ അൽ ക്വയ്ദ നേതാവ് ഒസാമ ബിൻ ലാദനെ 'രക്തസാക്ഷി' എന്നാണ് പാക് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

പാക് ഭീകരതയ്‌ക്കൊപ്പം മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന യാതനകളും ഇന്ത്യ ഉയർത്തിക്കാട്ടി. അവിടെ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും നിരന്തരം വിവേചനം നേരിടുന്നു. 'കൗൺസിൽ പാകിസ്ഥാനോട് ചോദിക്കണം കിസ്ത്യാനികൾ, ഹിന്ദുക്കൾ, സിഖുകാർ തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളുടെ വലുപ്പം സ്വാതന്ത്ര്യ ലബ്ദിക്കുശേഷം എന്തുകൊണ്ടാണ് കുത്തനെ ചുരുങ്ങിയതെന്ന് ' എന്നിങ്ങനെ പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കി ഇന്ത്യയുടെ പ്രതിനിധി ആഞ്ഞടിച്ചു.