
കാർ ഒരു കയറ്റം കയറുകയായിരുന്നു. തെരുവുവിളക്കുകൾ കത്തുന്നുണ്ടായിരുന്നില്ല. കുറ്റാക്കൂരിരുട്ട്. ഹെഡ്ലൈറ്റിന്റെ പ്രകാശം ഇരുട്ടിനെ കീറി മുറിച്ചു. കാറിൽ മൂന്നു യാത്രക്കാരുണ്ടായിരുന്നു. കാറോടിക്കുന്ന യുവാവിന്റെ അടുത്തായി ഒരു യുവതി. ഭാര്യാഭർത്താക്കന്മാരാകാം. പിന്നിലെ സീറ്റിൽ മറ്റൊരു യുവാവ്. അവരുടെ സുഹൃത്തോ അവരിലൊരാളുടെ സഹോദരനോ ആവാം. അയാൾ പിന്നിലേക്ക് തല ചായ്ച്ചു കിടക്കുകയാണ്. കണ്ണുകളടഞ്ഞിട്ടുണ്ട്. ഉറക്കമാകാം.
''നശിച്ച റോഡ്.""
കാറോടിക്കുന്ന യുവാവ് ആത്മഗതമെന്നോണം പറഞ്ഞു.
''നമ്മളെപ്പോ ടൗണിലെത്തും?'""
യുവതി അയാളുടെ നേർക്ക് തിരിഞ്ഞു ചോദിച്ചു.
''ഇനിയിപ്പോ അധികം സമയം വേണ്ടെന്നു തോന്നുന്നു. പ്രകാശനെ ഉണർത്തിയാ കറക്ടറിയാം.""
''വേണ്ട, വേണ്ട. അവനുറങ്ങട്ടെ. ടൗണെത്തീട്ട് വിളിക്കാം.""
യുവാവ് മുന്നോട്ടുനോക്കി ആക്സിലറേറ്ററിൽ കാലമർത്തി. കാറിൽ നിന്നും എന്തോ അപശബ്ദം വരുന്നതുപോലെ അയാൾക്ക് തോന്നി. ആകെക്കൂടെ ഒരു പന്തികേട്. ഒന്ന് രണ്ടുവട്ടം നിരങ്ങി നീങ്ങി വണ്ടി നിന്നു.
''എന്താ ചേട്ടാ? എന്ത് പറ്റി?""
പരിഭ്രമത്തോടെ യുവതി ചോദിച്ചു.
''അറീല്ല. നോക്കട്ടെ.""
യുവാവ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. പുറകിലെ സീറ്റിലേക്ക് തല നീട്ടി വിളിച്ചു.
''പ്രകാശാ ..പ്രകാശാ ...എഴുന്നേൽക്ക്.""
പ്രകാശൻ കണ്ണുകൾ തുറന്നു. ചുറ്റും നോക്കി.
''എത്തിയോ?""
''എത്തിയില്ല. കാറിനെന്തോ പ്രശ്നം. സഡനായിട്ടു നിന്നു. സ്റ്റാർട്ട് ചെയ്യാൻ നോക്കീട്ടു പറ്റുന്നില്ല.""
പ്രകാശൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. കൈ രണ്ടും വലിച്ചുകുടഞ്ഞു നിദ്രാലസ്യമകറ്റിക്കൊണ്ട് അയാൾ പറഞ്ഞു:
''രവിയേട്ടൻ വണ്ടിയൊന്ന് സ്റ്റാർട്ട് ചെയ്യ്. നോക്കട്ടെ.""
രവി വീണ്ടും വണ്ടിക്കുള്ളിലേക്കു കയറി എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചു. കാറിന് ഒരു പ്രതികരണവുമില്ല.
പ്രകാശൻ കാറിന്റെ മുന്നിലേക്ക് ചെന്ന് ബോണറ്റ് തുറന്നു. അവൻ അതിനകത്ത് എന്തൊക്കെയോ തിരിക്കുകയും പിടിക്കുകയും ചെയ്യുന്നതുകണ്ട് രവി യുവതിയോട് അടക്കത്തിൽ ചോദിച്ചു:
''ഇവന് ഇത് വല്ലതും അറിയാമോ?""
അപ്പോൾ പ്രകാശൻ വിളിച്ചുപറഞ്ഞു:
''ചേട്ടാ,ഇനി സ്റ്റാർട്ട് ചെയ്തു നോക്ക്.""
രവി താക്കോൽ തിരിച്ചു. ഇല്ല. കാറിനനക്കമില്ല.
ബോണറ്റ് അടച്ചു. പ്രകാശൻ ചുറ്റും നോക്കി.
''ഇനിയെന്ത് ചെയ്യും?""
യുവതി പരിഭ്രമത്തോടെ ചോദിച്ചു.
''പ്രകാശാ , എവിടെയായി? അടുത്തെങ്ങാനും വർക്ക്ഷോപ്പ് കാണുമോ?""
''ഉണ്ടെങ്കിൽപ്പോലും ഈ സമയത്ത് എല്ലാം അടച്ചുകാണൂല്ലേ?""
പ്രകാശൻ ഇരുപുറവും നോക്കി മുന്നോട്ട് രണ്ടുചാൽ നടന്നു. പിന്നെ എന്തോ കണ്ടുപിടിച്ചപോലെ പിന്തിരിഞ്ഞു നടന്നു. അതുകണ്ട് ആത്മഗതം പോലെ യുവതി പിറുപിറുത്തു :ഇവനിതെന്താ ചെയ്യുന്നത്?
''നീ സമാധാനമായിരിക്ക്. അവനിവിടെയൊക്കെ നന്നായിട്ടറിയാം. എന്തെങ്കിലുമൊരു വഴി അവൻ കണ്ടുപിടിക്കും.""
രവി അവളെ സമാധാനപ്പെടുത്തി.
പ്രകാശൻ തിരിച്ചു വന്നു. ജാലകത്തിലേക്ക് മുഖം താഴ്ത്തി അയാൾ പറഞ്ഞു:
''ഈ കയറ്റം കയറിയാൽ നമ്മളൊരു ടൗണിലെത്തും. ടൗണെന്നു പറയാമോ എന്നറിയില്ല. ഇത്തിരി വലിയ ഒരു ജംഗ്ഷൻ. ആലിൻചുവടെന്നാ അതിന്റെ പേര്.""
''അവിടെ വർക്ക്ഷോപ്പുണ്ടോ?""
''വർക്ക്ഷോപ്പില്ല.""
''പിന്നെ സ്ഥലമറിഞ്ഞിട്ടെന്തെടുക്കാനാ?""
''ഒരു ചെറിയ പരീക്ഷണം.""
ഒന്ന് നിർത്തി ഒരു ചെറിയ ചിരിയോടെ പ്രകാശൻ തുടർന്നു:
''രവിയേട്ടാ, നിങ്ങൾ യുക്തിവാദിയല്ലേ?""
''ആണ്. അതുകൊണ്ടെന്താ?""
''ഒരു കല്ലിനു മുൻപിൽ ഒരു തിരി കൊളുത്താമോ?""
രവി ഒട്ടും പിടിക്കാത്ത മട്ടിൽ പ്രകാശനെ നോക്കി.
''കല്ലിൽ വല്ല ദൈവങ്ങളുമാണോ?""
''ദൈവമാണോ എന്ന് ചോദിച്ചാൽ അതറിഞ്ഞുകൂടാ. എന്തായാലും രാമനും കൃഷ്ണനും ഭദ്രകാളിയുമൊന്നുമല്ല. കല്ലാവുന്നതിനു മുൻപ് ഇവിടെയൊക്കെ ഓടിനടന്ന ഒരു പെണ്ണായിരുന്നു. കൗസുവെന്നായിരുന്നു അവളുടെ പേര്. അവൾ കല്ലാവാനുള്ള കാരണം നിങ്ങളെപ്പോലെയൊരു യുക്തിവാദി തന്നെ.""
പ്രകാശനെ തുടരാനനുവദിക്കാതെ രവി ഇടയ്ക്കു കയറി.
''പ്രകാശാ, ഈ അസമയത്താണോ നീ ഓരോരോ തമാശകള് വിളമ്പുന്നത്? കാര്യം വല്ലതുമുണ്ടെങ്കിൽ പറ.""
''കാര്യം ഇത്രേയുള്ളൂ. ഇതുവഴി പോകുന്ന വണ്ടിക്കാരിൽ പലരും കൗസുക്കല്ലിനു മുൻപിൽ ഒരു തിരി കത്തിക്കും. തിരിയോ കർപ്പൂരമോ സാമ്പ്രാണിയോ. സൗകര്യം പോലെ.""
''പ്രകാശാ, നീ ആളെ കളിയാക്കുകയാണോ? നടപ്പുള്ള കാര്യം വല്ലതുമുണ്ടെങ്കി പറ.""
''രവിയേട്ടാ, എനിക്കും ഇതിലൊന്നും ഒരു വിശ്വാസവുമില്ല. ഇതുപിന്നെ, ചുമ്മാ ഒരു പരീക്ഷണം.""
രവിക്ക് ദേഷ്യം വന്നു.
''അസംബന്ധം പറയാതെ. ഈ കല്ലിന്റെ മുൻപിൽ തിരി കൊളുത്തുന്നതിനു പകരം ഞാനങ്ങുറങ്ങും. നേരം വെളുത്തിട്ട് അടുത്തുള്ള ഒരു വർക്ക് ഷോപ്പ് കണ്ടു പിടിച്ച് അവിടന്ന് ആളെ കൊണ്ടുവന്ന് വണ്ടി നന്നാക്കീട്ട് പോകും.""
രവി സീറ്റ് പിന്നിലേക്ക് മടക്കിവയ്ക്കാനൊരുങ്ങി.
അതുകണ്ട് യുവതി ഇടപെട്ടു.
''രവിയേട്ടാ, എന്തിനാണീ വാശി? നമ്മൾക്കാർക്കും ഇതിലൊന്നും ഒരു വിശ്വാസവുമില്ല. എന്നാലും ഒരു പരീക്ഷണം നടത്തിയാലെന്താ?""
''പ്രഭേ, അല്ലെങ്കിലേ എനിക്ക് ദേഷ്യം വന്നിരിക്കയാണ്. അത്ര നിർബന്ധമാണെങ്കി നീ പോയി തിരി കൊളുത്ത്. ഞാനില്ല.""
പ്രഭ പ്രകാശനെ നോക്കി ചോദിച്ചു:
''ഞാൻ കൊളുത്തിയാ മതിയോ പ്രകാശാ?""
പ്രകാശൻ ഒരു നിമിഷം ആലോചിച്ചുനിന്നു.
''സാധാരണ വണ്ടി ഓടിക്കുന്നവരാ കത്തിക്കാറ്. ഇതിപ്പോ ഓടിക്കുന്ന ആളിന്റെ ഭാര്യ...""
''അല്ല പ്രകാശാ, ഒരു പെണ്ണിന്റെ കല്ലല്ലേ? അപ്പം ഒരു പെണ്ണ് കത്തിക്കുന്നതിന് അഡിഷണൽ ബലമില്ലേ?"
''പിന്നേ പിന്നേ..., പെണ്ണാണ് പെണ്ണിന്റെ ശത്രുവെന്നല്ലേ ഇപ്പൊ ചെലര് പറയുന്നത്."" പിന്നിലേക്ക് ചാരിക്കൊണ്ട് രവി പൊട്ടിച്ചിരിച്ചു.
''അത് നമുക്ക് നോക്കാം.""
പ്രഭ ഡോർ തുറക്കാൻ തുടങ്ങി.
''പ്രഭേച്ചീ, കൊളുത്താൻ പറ്റിയ എന്തെങ്കിലുമുണ്ടോ നമ്മുടെ കൈയില് ? തിരി, സാമ്പ്രാണിത്തിരി,കർപ്പൂരം ...""
പ്രകാശന്റെ വാക്കുകൾ കേട്ട് പ്രഭ കാറിൽ നിന്നിറങ്ങാതെ ഒരു നിമിഷം ആലോചിച്ചിരുന്നു.
''ഇതൊക്കെ ഈ വണ്ടിയിലെവിടന്നാ?""
അസ്വസ്ഥത മുറ്റിയ ശബ്ദത്തിൽ രവി ചോദിച്ചു.''ഒരു ലൈറ്റർ വേണമെങ്കിൽ തരാം.""
''ലൈറ്റർ വേണ്ടി വരില്ല. കൗസുവിന്റെ മുൻപിൽ തിരി കത്തുന്നുണ്ടാവും. മറ്റതാണാവശ്യം."" പ്രകാശൻ പറഞ്ഞു. പ്രഭയുടെ മുഖത്ത് നിരാശ പടർന്നു. പെട്ടെന്ന് തന്നെ വീണ്ടുകിട്ടിയ ഉത്സാഹത്തോടെ പ്രഭ നിവർന്നിരുന്നു.
''കൗസുവിന്റെ സഹായമുണ്ടെങ്കിൽ ഇപ്പം പ്രശ്നം പരിഹരിക്കാം.""പറയുന്നതോടൊപ്പം തന്നെ പ്രഭ ഡാഷ്ബോർഡ് തുറന്നു. അതിൽ കൈയിട്ട് പരതി. ഒരു ചെറിയ പൊതി കൈയിലെടുത്തു.'' ദാ കിട്ടിപ്പോയി."" സന്തോഷത്തോടെ അവൾ പറഞ്ഞു.
''എന്താത്?""
പ്രകടമായും വിളറിക്കൊണ്ട് രവി ചോദിച്ചു. പ്രകാശനും മൗനമായി അത് തന്നെ ചോദിക്കുകയായിരുന്നു.
''ഇതാണ് കർപ്പൂരം. ഇതിതിലുണ്ടെന്ന് എങ്ങനെ അറിഞ്ഞു എന്നായിരിക്കും അടുത്ത ചോദ്യം. അത് ഞാൻ പ്രകാശനോട് പറയാം.""
പ്രകാശന്റെ നേർക്ക് മുഖമുയർത്തിക്കൊണ്ട് പ്രഭ പറഞ്ഞു:
''രവിയേട്ടന് രമേശെന്നൊരു ഫ്രൻഡുണ്ട്. പുള്ളിക്കാരൻ ഈ വണ്ടീല് കേറുമ്പോഴൊക്കെ കൈയിലൊരു കുപ്പി കാണും. രമേശ് പോയിക്കഴിഞ്ഞിട്ട് നമ്മളീ വണ്ടി കേറുമ്പോ വല്ലാത്തൊരു മണമടിക്കും. ഒരിക്കൽ ഞാൻ ഈ മണത്തെപ്പറ്റി രവിയേട്ടനോട് കംപ്ലയിന്റ് പറഞ്ഞു. അതിനുശേഷം രമേശ് പോയിക്കഴിഞ്ഞു ഞാൻ വണ്ടികേറുമ്പോഴൊക്കെ നല്ല കർപ്പൂരത്തിന്റെ മണമായിരുന്നു. അതുകൊണ്ട് ഞാൻ ഊഹിച്ചു ഇതിനകത്ത് കർപ്പൂരം കാണുമെന്ന്.""
പ്രകാശൻ പൊട്ടിച്ചിരിച്ചു പോയി. രവിയാകട്ടെ, തല കുനിച്ചിരിക്കുകയായിരുന്നു.
''രവിയേട്ടാ, പെണ്ണുങ്ങളാണ് ഏറ്റവും വലിയ യുക്തിവാദികളെന്ന് ഇനിയെങ്കിലും നിങ്ങൾ സമ്മതിക്കണം.""
''വാ, വാ, സമയം കളയണ്ട.""
പ്രഭ ഡോർ തുറന്ന് പുറത്തേക്കിറങ്ങി. വീണ്ടും തിരിഞ്ഞു രവിയെ നോക്കി പറഞ്ഞു:
''നിങ്ങൾ കർപ്പൂരം കത്തിക്കുന്നില്ലെങ്കിൽ വേണ്ട. ഞങ്ങടെ കൂടെ വാ. ഒരു എസ്കോർട്ട്...""
രവി പുറത്തേക്കിറങ്ങാൻ തുടങ്ങുന്നതുകണ്ട പ്രഭ വീണ്ടും തിരിഞ്ഞു പറഞ്ഞു:
''ആ ലൈറ്റർ കൂടെ കൈയിലെടുത്തോ. ചെലപ്പോ ആവശ്യം വന്നാലോ?""
പ്രകാശൻ മുന്നിൽ നടന്നു. തൊട്ടു പിറകിൽ പ്രഭ. ഏറ്റവും പിന്നിലായി മനസില്ലാമനസോടെ രവി.
''ഒത്തിരി ദൂരം നടക്കണോ പ്രകാശാ?""
നാല് ചുവട് നടന്നുകഴിഞ്ഞപ്പോൾ പ്രഭ ചോദിച്ചു.
''ങാ, കുറച്ച്.""
''അങ്ങനെയാണെങ്കിലേ ആ കൗസുവിന്റെ കഥയൊന്നു പറ. കേൾക്കട്ടെ.""
''അതുപറയാം. അതിനുമുൻപ് മറ്റൊന്ന് പറയട്ടെ...""
സമ്മതമാണോ എന്ന് പരിശോധിക്കുന്ന മട്ടിൽ പ്രകാശൻ തിരിഞ്ഞു അവരുടെ മുഖങ്ങളിലേക്കു നോക്കി. ഇരുട്ടിൽ ആ മുഖങ്ങളിൽ ഒരു ഭാവവും കണ്ടില്ലെങ്കിലും അവർ സമ്മതിച്ചിട്ടെന്നപോലെ അയാൾ തുടർന്നു :
''അച്യുത് കന്യ എന്ന ഒരു സിനിമയെപ്പറ്റി കേട്ടിട്ടുണ്ടോ നിങ്ങൾ?""
''അതേതു സിനിമ? അങ്ങനെയും ഒരു സിനിമയുണ്ടോ?""
പ്രഭ വലിയ താല്പര്യമൊന്നുമില്ലാത്ത മട്ടിൽ ചോദിച്ചു.
''1936 ലെ സിനിമയാണ്. ദേവികാറാണിയും അശോക് കുമാറും അഭിനയിച്ചത്. ഞാൻ ഇന്ത്യൻ സിനിമാചരിത്രത്തെപ്പറ്റിയുള്ള ഒരു ടി.വി പരിപാടിയിലാണ് അതിന്റെ ഭാഗങ്ങൾ കണ്ടത്.""
''ഇതൊക്കെ എന്തിനാ ഇവിടെപ്പറയുന്നത്?""
രവി അക്ഷമനായി ചോദിച്ചു.
''അച്യുത് കന്യ എന്ന് പറഞ്ഞാൽ ദളിത് യുവതി എന്നാണർത്ഥം.""
രവിയുടെ അക്ഷമ ശ്രദ്ധിച്ചതായി നടിക്കാതെ പ്രകാശൻ തുടർന്നു:
''ഒരു ലെവൽ ക്രോസിൽ വച്ചു ഈ യുവതി തീവണ്ടി തട്ടി മരിച്ചു. അവൾക്കായി അവിടെ ഒരു ക്ഷേത്രം നിർമ്മിക്കപ്പെട്ടു. അവിടെയെത്തുമ്പോഴും വാഹനങ്ങൾ നിന്നു പോകാറുണ്ടായിരുന്നു.""
പ്രകാശൻ ഒന്ന് നിർത്തിയപ്പോഴേക്ക് രവി ചാടിവീണു.
'' എന്റെ പ്രകാശാ, ഏറ്റവുമധികം അന്ധവിശ്വാസികൾ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇതേപോലെയൊക്കെ വിശ്വസിക്കുന്നവരുണ്ടാവും. ഇതൊക്കെ വച്ചു കഥയെഴുതാനും സിനിമ പിടിക്കാനും ഇഷ്ടം പോലെ ആളുകളും കാണും.""
''പ്രകാശൻ കൗസുവിന്റെ കഥ പറയട്ടെ രവിയേട്ടാ.""
കഥ കേൾക്കാനുള്ള കൗതുകം കൊണ്ട് പ്രഭ പറഞ്ഞു.
''നീയിപ്പോ അച്യുത് കന്യയുടെ കഥയാണോ കൗസുവിന്റെ കഥയാണോ പറയാൻ പോകുന്നത്?""
''രണ്ടുമില്ല. കാരണം, ഇതാ കൗസുക്കല്ലാവാറായി.ആദ്യം നമ്മള് വന്ന കാര്യം നടത്താം.""
പിന്നെ പ്രകാശൻ നിശബ്ദനായി നടന്നു. ഏതോ അഭൗമസാന്നിധ്യത്തിന്റെ അരികിലൂടെ പോകുന്നതുപോലെ അത്രയും വിനയത്തോടെ, അത്രയും ഭക്തിയോടെ. രവിയാകട്ടെ, എത്ര അർത്ഥശൂന്യമാണ് ഈ നടത്തയെന്നു ചിന്തിച്ചുകൊണ്ട് നിശബ്ദനായി. പ്രഭ ദേവിമാരായി മാറുന്ന പെൺജന്മങ്ങളെപ്പറ്റി ഓർക്കുകയായിരുന്നു.
റോഡിന്റെയരികിൽ തലയുയർത്തി നിൽക്കുന്ന ഒരു പാറക്കെട്ട്. അങ്ങോട്ടുകയറാൻ പാറയ്ക്കിടയിലൂടെ തന്നെ ഒരു ചവിട്ടടിപ്പാത കാണാം. പാറക്കെട്ടിന്റെ നടുവിലായി ഒരു വലിയ അരശുമരം. അതിന്റെ ചുവട്ടിൽ കല്ലുകൾ കൊണ്ട് ഒരു വിളക്കുമാടം. അവിടെ ഒരു തിരി മങ്ങിമങ്ങി കത്തുന്നുണ്ടായിരുന്നു. പ്രകാശൻ കൽപ്പാതയിലേക്ക് കയറി നടന്നു. രണ്ടുപേരും അവനെ പിന്തുടർന്നു. വട്ടു തന്നെ എന്ന് പിറുപിറുത്തുകൊണ്ടിരുന്നു രവി.
തിരിനാളത്തിന്റെ മുന്നിൽ ചെന്ന് നിന്ന് പ്രകാശൻ കണ്ണടച്ച് കൈ കൂപ്പി. ത്രികോണാകൃതിയിൽ അടുക്കി വച്ച കല്ലുകൾക്കിടയിലായിരുന്നു തിരി കത്തിക്കൊണ്ടിരുന്നത്.
''പ്രഭേച്ചീ,കർപ്പൂരം ഇതാ ഇവിടെ കത്തിച്ചു വയ്ക്കൂ.""
പ്രകാശൻ വിളിച്ചപ്പോൾ പ്രഭ അങ്ങോട്ടു നീങ്ങി നിന്നു. കൈകൾ കൂപ്പി തികഞ്ഞ ഭക്തിയോടെ കുനിഞ്ഞു. കർപ്പൂരം തിരിയിൽ കാണിച്ചു കൊളുത്തി അതിനു കീഴിൽ വച്ചു. വീണ്ടും കണ്ണുകളടച്ചു കൈ കൂപ്പി. പ്രഭ അങ്ങനെ സ്വയം മറന്ന് പ്രാർത്ഥിച്ചു നിൽക്കുമ്പോൾ രവിയുടെ പരുഷസ്വരം കാതിൽ വന്നലച്ചു.
''കൊളുത്തിക്കഴിഞ്ഞില്ലേ, ഇനി ഭജനമിരിക്കാൻ പോകുകയാണോ? വരുന്നുണ്ടോ വേഗം?""
രവി പിന്തിരിഞ്ഞു നടന്നു. പ്രഭ കണ്ണ് തുറന്ന് തിരിനാളത്തിലേക്ക് ഒരിക്കൽക്കൂടി നോക്കി നമസ്കരിച്ചുകൊണ്ട് തിരിഞ്ഞു നടന്നു. പ്രകാശനും അവരെ പിന്തുടർന്നു .
കൽപ്പടികളിറങ്ങുമ്പോൾ ആരും ഒന്നും മിണ്ടിയില്ല.
റോഡിലെത്തിയപ്പോൾ പ്രഭ പറഞ്ഞു:
''പ്രകാശാ , ഞാനൊരു കാര്യം പറയാം. വിശ്വാസമായാലും അന്ധവിശ്വാസമായാലും ശരി, എനിക്കവിടെ നില്ക്കുമ്പോൾ എന്തോ ഒരു ശാന്തത തോന്നി. മനസിലാരോ തലോടുന്നതു പോലെ.""
''മനസിൽ തലോടുന്നു! ഇങ്ങനെ തന്നെയാണ് അന്ധവിശ്വാസങ്ങൾ വളരുന്നത്.""
അരിശത്തോടെ രവി പറഞ്ഞു.
''നീയും അതിന് നിന്റേതായ സംഭാവന കൊടുക്കുന്നു.""
അയാൾ ചവിട്ടിക്കുതിച്ചു നടന്നു. പിന്നെ ആരോടെന്നില്ലാതെ പിറുപിറുത്തു:
''കാണട്ടെ, വണ്ടി സ്റ്റാർട്ടാവുമോ എന്ന്.""
കാറിന്റെയടുത്തെത്തിയപ്പോഴാണ് പ്രഭ ഓർമ്മിപ്പിച്ചത്:
''പ്രകാശാ, കൗസുവിന്റെ കഥ പറഞ്ഞില്ല..""
''പറയാം.""
രവി കാറിന്റെയകത്തുകയറി. പ്രഭയും ഇടതുവശത്തുകൂടി നടന്ന് ഡോർ തുറന്നു. പ്രകാശൻ പുറത്തുതന്നെ നിന്നതേയുള്ളൂ.
രവി താക്കോൽ തിരിച്ചു. കാറിന് അനക്കമില്ല.
ഒന്ന് കൂടി ശ്രമിച്ചു. അപ്പോഴും പ്രതികരണമില്ല. രവി പൊട്ടിച്ചിരിച്ചു.
''ഞാൻ നിങ്ങളുടെ പൊട്ടത്തരത്തിനു കൂട്ട് നിന്നുവെന്നറിഞ്ഞാൽ ചങ്ങാതിമാര് എന്നെ കളിയാക്കിക്കൊല്ലും. തൃപ്തിയായല്ലോ എല്ലാവർക്കും.""
അരിശത്തോടെ അയാൾ വീണ്ടും താക്കോലിട്ടു തിരിച്ചു. പെട്ടെന്ന് കാറിനു ജീവൻ വച്ചു. കാർ സ്റ്റാർട്ടായി.
''അമ്മേ, ഭഗവതീ...""
എന്നറിയാതെ വിളിച്ചുപോയി
പ്രഭ.
പ്രകാശൻ കാറിനകത്തേക്കു കയറി.
കാർ നീങ്ങി.
''പ്രകാശാ, നീ കൗസുവിന്റെ കഥ പറ. കേൾക്കാൻ എനിക്ക് ധൃതിയായി.""
''പറയാം.""
പ്രകാശൻ പറഞ്ഞു.
ഇരുളിനെ കീറി മുറിച്ചു കാർ മുന്നോട്ടുനീങ്ങി.
(തുടരും)