
സ്വതന്ത്രമായ രാഷ്ട്രീയ കാർട്ടൂണുകൾക്കു പുറമേ ഒരു രാഷ്ട്രീയസന്ദർഭത്തെ അടയാളപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ഇലസ്‌ട്രേഷനുകളായും കാർട്ടൂണുകൾ പത്രങ്ങളിൽ നിറയാറുണ്ട്. സ്വതന്ത്ര കാർട്ടൂണുകളിൽ നിന്ന് വ്യത്യസ്‌തമായി പത്രത്തിന്റെ ദൃശ്യ ഭംഗിയുമായി ചേർന്ന് നിൽക്കുന്നവയാണ് ഇത്തരം ചിത്രീകരണങ്ങൾ. ഒരു ഡിസ്‌പ്ലേ എലമെന്റ് എന്ന രീതിയിലാണ് ഇത്തരം കാർട്ടൂണുകളെ ഉപയോഗിക്കുന്നത്.ദിനപത്രങ്ങളിലെ ദൃശ്യഭംഗി ഉറപ്പുവരുത്താനായി സാധാരണയായി പല മാർഗങ്ങളും ഉപയോഗിക്കാറുണ്ട്. മികച്ച ഫോട്ടോഗ്രാഫുകൾ, ഇൻഫോ ഗ്രാഫിക്‌സുകൾ, അക്കങ്ങൾ, കാരിക്കേച്ചറുകൾ, രേഖാചിത്രങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും.
പലപ്പോഴും ഒരു വാർത്തയുടെ അനുബന്ധ വിവരങ്ങൾ നൽകാനോ വാർത്തയെ ഒന്നുകൂടി പൊലിപ്പിക്കാനോ ആയിരിക്കും ഇത്തരം ഡിസ്‌പ്ലേ എലമെന്റുകൾ ഉപയോഗിക്കുക. വാർത്തയെ ഭംഗിയായി വായനക്കാരനു മുന്നിൽ അവതരിപ്പിക്കുക എന്നതിലപ്പുറം ഒരു വിശകലനത്തിന് കൂടി സാദ്ധ്യത ഉണ്ടാക്കുന്നു എന്നതാണ് കാർട്ടൂൺ രൂപത്തിലുള്ള ചിത്രീകരണങ്ങളുടെ മേന്മ.
ഒരു ഫോട്ടോഗ്രാഫ് കൊണ്ടോ ഇൻഫോ ഗ്രാഫിക്‌സ് കൊണ്ടോ രേഖാചിത്രം കൊണ്ടോ അടയാളപ്പെടുത്താൻ സാധിക്കാത്ത പല വാർത്തകളും സന്ദർഭങ്ങളും ദൈനംദിന പത്രപ്രവർത്തനത്തിൽ കടന്നുവരും. ഉദാഹരണത്തിന് ഇന്ന് വോട്ടെണ്ണൽ എന്ന് തലക്കെട്ടിന്റെ കാര്യം നോക്കാം. വോട്ട് എണ്ണുന്ന ദിവസം 8 മണിയോടുകൂടി അന്നത്തെ ദിനപത്രം അപ്രസക്തമാകും. എന്നാൽ ഇന്ന് ഫലം അറിയാം എന്നത് പത്രത്തിൽ മുഖ്യ വാർത്ത ആകാതിരിക്കാനും സാധിക്കില്ല. കാരണം അന്ന് ജനം മുഴുവൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കാത്തു ഇരിക്കുകയായിരിക്കും. അത്തരമൊരു സന്ദർഭത്തിൽ ക്ലീഷേകൾ പരമാവധി ഒഴിവാക്കാനും കൂടുതൽ മികവ് പ്രകടിപ്പിക്കാനും എന്തുചെയ്യാനാകും എന്തുചെയ്യാനാകും എന്നാണ് ചിന്തിക്കുക. അവിടെയാണ്കാർട്ടൂൺ ചിത്രീകരണങ്ങളുടെ പ്രസക്തി. അര പേജിലോ മുഴുവൻ പേജിലോ നിറഞ്ഞുനിൽക്കുന്ന ഒരു കാർട്ടൂൺ ചിത്രീകരണത്തിലൂടെ ഒരു പശ്ചാത്തലം മുഴുവൻ വിശകലനം ചെയ്യാനും രസകരമായി അവതരിപ്പിക്കാനും ആകും.
ഫലമറിയാൻ കാത്തുനിൽക്കുന്ന വിവിധ നേതാക്കളുടെ പ്രതികരണം അക്ഷരങ്ങൾ ഒന്നുമില്ലാതെ മുഖഭാവങ്ങളിലൂടെ വരച്ചിടാനാകും. വാക്കുകളുടെ ധാരാളിത്തം ഇല്ലാതെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിക്കുന്ന ചിത്രത്തിലൂടെ ഒരു രാഷ്ട്രീയ സന്ദർഭം മുഴുവൻ വരച്ചിടാൻ ആയി ഇത്തരം ഡിസ്‌പ്ലേ കാർട്ടൂണുകൾ നിരന്തരം ഉപയോഗിക്കാറുണ്ട്.
2021ലെ വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച ദിവസത്തെ കാർട്ടൂൺ ഉദാഹരണമായി എടുക്കാം. ഏപ്രിൽ ആറിന് വോട്ടെടുപ്പ് എന്നതാണ് അന്ന് ഇറങ്ങിയ എല്ലാ പത്രങ്ങളുടെയും തലക്കെട്ട്. അന്നത്തെ മലയാള പത്രങ്ങളിൽ ഭൂരിഭാഗവും ഇത്തരം ഒരു ഡിസ്‌പ്ലേ കാർട്ടൂണിന്റെ സാദ്ധ്യത ഫലപ്രദമായി ഉപയോഗിച്ചു. വോട്ടെടുപ്പ് എന്ന ജനാധിപത്യ ഉത്സവത്തിനായി ഒരു ഉത്സവ പറമ്പിലേക്ക് പോകുന്ന പോകുന്ന രാഷ്ട്രീയ നേതാക്കളെയാണ് കേരളകൗമുദിയിൽ കാർട്ടൂണിൽ ചിത്രീകരിച്ചത്. ആനയും അമ്പാരിയും വെടിക്കെട്ടും തെയ്യവും കരകാട്ടവും എല്ലാം ചിത്രത്തിലുണ്ട്. ഈ ഒറ്റ ചിത്രത്തിലൂടെ തന്നെ നിലവിലെ രാഷ്ട്രീയ സാഹചര്യം വെളിപ്പെടുത്താൻ ആയിരുന്നു ശ്രമിച്ചത്.
തിരഞ്ഞെടുപ്പ് പേജിൽ വരച്ച ഡിസ്‌പ്ലേ കാർട്ടൂണിനെ കുറിച്ചു കൂടി പറയാം. തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് ഇടതു മുന്നണി നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. മുൻകാല നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്‌തമായി പാർട്ടിക്കുള്ളിലോ മുന്നണിക്കുള്ളിലോ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലാതെ ഒറ്റക്കെട്ടായാണ് ഇടതുമുന്നണി മുന്നേറുന്നത് എന്നതും ശ്രദ്ധേയമാണ്. അഭിപ്രായ സർവേകളിൽ എല്ലാത്തിലും ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമെന്നുള്ള പ്രവചനങ്ങളും മുന്നണിയുടെ യാത്രയ്‌ക്ക്
ഉണർവ് നൽകുന്നതാണ്. എന്നാൽ പ്രതിപക്ഷത്തിന്റെ കാര്യം അങ്ങനെയല്ല. അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് അവർ. എന്തുവിലകൊടുത്തും ഇത്തവണ ഭരണം പിടിച്ച മതിയാകൂ. എന്നാൽ നേതൃത്വത്തെ ചുറ്റിപ്പറ്റിയുള്ള ഒളിഞ്ഞും തെളിഞ്ഞുമുള്ള ആശങ്കകൾ അവിടെ പ്രകടമാണ്. പാർട്ടിക്കുള്ളിൽ തന്നെയുള്ള പ്രശ്‌നങ്ങൾ ഉണ്ട്. നേതൃത്വത്തോട് അഭിപ്രായവ്യത്യാസം കാരണം നിസംഗരായി ഇരിക്കുന്നവരും ഉണ്ട്. നേതൃത്വത്തിന് വേണ്ടിയുള്ള
കുതികാൽ വെട്ടുകളും ഉണ്ട്. ഇതെല്ലാം ഒരു ലേഖനത്തിൽ എഴുതുന്നതിനേക്കാൾ ഫലപ്രദമായി ഒറ്റച്ചിത്രത്തിലൂടെ വരച്ചുകാട്ടാൻ ഒരു ഡിസ്‌പ്ലേ കാർട്ടൂണിന് സാധിക്കും.
ഏപ്രിൽ 6 വള്ളംകളി എന്ന പേരിലായിരുന്നു കേരളകൗമുദി ഇലക്ഷൻ പേജിൽ കാർട്ടൂൺ വരച്ചത്. ഒറ്റക്കെട്ടായി വള്ളം മുന്നോട്ട് തുഴയുന്ന എൽഡിഎഫും പിന്നിലുള്ള ചങ്ങാടത്തിൽ അതിജീവിക്കാൻ ശ്രമിക്കുന്ന ചെന്നിത്തലയും ആയിരുന്നു പ്രധാനം. ചെന്നിത്തലയുടെ കാലിനിടയിലൂടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന ഉമ്മൻചാണ്ടിയും ചൂണ്ടയിടുന്ന രാഹുൽഗാന്ധിയും ചങ്ങാടത്തിൽ വിശ്രമിക്കുന്ന മുരളീധരനും പിന്നിലേക്ക് തുഴയുന്ന സുധാകരനും ഒക്കെയായിരുന്നു കാർട്ടൂണിൽ. നിലയില്ലാക്കയത്തിൽ ഒറ്റയ്‌ക്ക് നീങ്ങുന്ന കെ.സുരേന്ദ്രനും ഉണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം ഒരക്ഷരം പോലുമില്ലാതെ വരച്ചിട്ട് വിശാലമായ ഈ കാർട്ടൂണിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.