
'തേനും തുടിപ്പുമുള്ള നിരവധി പൂച്ചെടികൾ നിറഞ്ഞ ഉദ്യാനത്തിൽ ഒറ്റയ്ക്കൊരു മൂലയിൽ നില്‌ക്കുന്ന തുളസിച്ചെടിയെ കണ്ടിട്ടില്ലേ? വല്ലപ്പോഴുമൊരാൾ പൂവെന്ന് കരുതി ഇതിന്റെ ഇലയും മണപ്പിച്ച് ചൂടുന്നു. എനിക്കും ഇതേ ധർമ്മമാണ് നിർവഹിക്കാനുള്ളത്; ജീവിതത്തിന്റെ നന്ദനോദ്യാനത്തിൽ എന്റെ ചെറിയ സസ്യവർഗത്തിന്റെ പരാഗണം.
അതേ, കെല്പറ്റതെങ്കിലും എൻകൈയും ചെല്ലായ്കിൽ
അപ്പൊഴേ നിശ്ചലം കാലചക്രം...'' എന്നാണ് തന്നിലെ കവിയെ വിഷ്ണുനാരായണൻ നമ്പൂതിരി രേഖപ്പെടുത്തിയത്. തുളസിക്കതിരിന്റെ നൈർമല്യവും വിശുദ്ധിയും ഔഷധഗുണവുമുള്ള കവിതകൾ സമ്മാനിച്ചുപോയ കവിയുടെ ജീവിതവും അതുപോലെ പ്രസാദാത്മകമായിരുന്നു. 'സത്യത്തിൽ, കവിതയെന്നും ജീവിതമെന്നും രണ്ട് അനുസന്ധാനങ്ങൾ കവിക്ക് ഇല്ലല്ലോ, കവിയുടെ ജീവിതം തന്റെ കവിതയുടെ വ്യാഖ്യാനം മാത്രം.''- എന്നും വിഷ്ണുനാരായണൻ നമ്പൂതിരി ആരണ്യകത്തിന്റെ ആമുഖത്തിൽ കുറിച്ചുവച്ചു.
'ആത്മശാന്തിക്കുള്ള ഏതു കർമ്മത്തെയും യാഗശുദ്ധിയായി കാണാൻ ശീലിച്ച' കവിയാണ് അദ്ദേഹം. പൗരാണികതയോടും വേദേതിഹാസങ്ങളോടും കവിക്കുണ്ടായിരുന്ന ആത്മബന്ധം രചനകളിൽ ഉടനീളം തീർത്ഥജലം പോലെ വ്യാപിച്ചുകിടപ്പുണ്ട്. ആധുനികകാലത്തെ പ്രതിസന്ധികളെ അവതരിപ്പിക്കുമ്പോഴും വൈദികസംസ്കൃതിയുടെ ബിംബങ്ങളും വിശകലനങ്ങളുമാണ് ഇതൾവിടർത്തുന്നത്. അല്പം പിന്നിലേക്കു നടന്ന് എല്ലാ സംഘർഷങ്ങളെയും നന്മയും തിന്മയും തമ്മിലുള്ള ഏറ്റുമുട്ടലായി കാണാനായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ഇഷ്ടം.
ആധുനിക ജീവിതസംവേദനങ്ങളെ പൂർണമായി ഉൾക്കൊള്ളുന്നത് പൗരാണിക ബിംബങ്ങളിലൂടെയാണെന്ന് കവിതന്നെ രേഖപ്പടുത്തിയിട്ടുമുണ്ട്. അതുകൊണ്ടാണ് അറുപതുകളിൽ മലയാളകവിത ആധുനികതയുടെ പടച്ചട്ട അണിഞ്ഞുനിന്നപ്പോഴും കവിതയിലെ ശുദ്ധബ്രാഹ്മണനാകാൻ ഈ കവി ആഗ്രഹിച്ചത്. വൈദികസംസ്കാരത്തിന്റെ മുദ്രകൾ ആഴത്തിൽ പതിഞ്ഞിട്ടുള്ള കവിതകളുടെ സമാഹാരമാണ് ആരണ്യകം. അവതാരികയിൽ ഡോ.എൻ.മുകുന്ദൻ ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ നാമരൂപാദികൾതൊട്ട് ഉള്ളടക്കംവരെ വ്യാപ്തമാണ് ഈ സംസ്കാരമുദ്ര. ഇതിലെ 'ബ്രഹ്മദത്തൻ' എന്ന കവിത അവതരിപ്പിക്കുന്നത് -കാലം വൈദികം,രംഗം ഹിമാലയം- എന്ന് സ്ഥലകാല വ്യക്തതകൂടി നൽകിക്കൊണ്ടാണ്.
''ചിത്തത്തിൽ വാക്കുറയ്ക്കട്ടേ
ചിത്തം വാക്കിലുമങ്ങനെ''
ബ്രഹ്മചാരികളീമട്ടിൽ
സ്വാദ്ധ്യായം ചൊല്ലിനിറുത്തവേ- എന്നുതുടങ്ങുന്ന കവിത അവസാനിക്കുന്നതിങ്ങനെ-
'കളത്രവാൻ,യഥാകാലം
പുത്രവാനായി വാഴ്ക നീ;
ചേതസിൽ വാക്കുറപ്പിക്ക
വാക്കിൽ ചേതസുമങ്ങനെ'-
ഉള്ളു പൊള്ളയായ വെറും കാറ്റല്ല വാക്ക് എന്ന തിരിച്ചറിവോടെ നല്ല വാക്കുകൾക്കായി ധ്യാനിച്ച കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. 'പുരുഷസ്യ വാക് രസഃ' -എന്നും 'മുഖാദ് വാക്, വാചഃ അഗ്നിഃ' എന്നും ഈ കവി വിശ്വസിച്ചിരുന്നു. മുഖത്തിൽനിന്ന് വാക്കും വാക്കിൽനിന്ന് അഗ്നിയും പൊട്ടിപ്പുറപ്പെടുന്നു. ഈ വാക്കിനെ ജൈവസാരംശമായി കവി അറിഞ്ഞു. ഓരോ വാക്കും ഭദ്രദീപമാക്കാനാണ് വിഷ്ണുനാരായണൻ നമ്പൂതിരി ആഗ്രഹിച്ചത്. സഫലമായ ആ യത്നം കവിയുടെ ജീവിതംപോലെ മന്ദസ്മിതം തൂകുന്ന പ്രസാദമായി ഭവിച്ചു.
'ഏതു വഴിക്കു കാൽവച്ചാലും
പാതയൊന്നുണ്ടു തുടങ്ങുന്നു
അവ നാലുപാടും നീളുന്നു,
ചുവടെന്നാലെൻ വഴിനീങ്ങുന്നു'- പലവഴികളും മുഖങ്ങളുമുള്ള വൈദികസംസ്കൃതിയുടെ നടുത്തളത്തിൽ നില്ക്കുമ്പോഴും സ്വന്തം കവിതയുടെ ചുവട് വേറിട്ട വഴിയിലൂടെ നീങ്ങണമെന്ന് കവിക്ക് നിർബന്ധമുണ്ടായിരുന്നു. ഉണ്ണിക്കതിരോൻ ഇളംചൂടാൽ പുല്ലിനു നാമ്പു വിടർത്തുന്നപോലെ തന്റെ പ്രാണരശ്മിയാൽ ഓരോവാക്കിനും ജീവൻപകരുകയായിരുന്നു വിഷ്ണുനാരായണൻനമ്പൂതിരി.
'ഭൂമിയോടൊട്ടിനില്‍ക്കുന്നോൻ ഭൂമിഗീതങ്ങളോർക്കുവോൻ-
ഭൂമിയെന്നാലെനിക്കെന്റെ കുലപൈതൃകമല്ലയോ'- എന്നും ഈ കവി പാടി. മണ്ണിനോടും മനുഷ്യനോടും എപ്പോഴും ചേർന്നുനടക്കാനായിരുന്നു കവിക്ക് താത്പര്യം. സൂര്യനെ നോക്കിയല്ല, സൂര്യരശ്മിയാൽ പുളകിതമാകുന്ന പ്രകൃതിയെനോക്കി പാടാനായിരുന്നു കവിക്കിഷ്ടം.
'ഈച്ചകൾ പെരുകും കാന്റീൻ, നാമതിൽ
ഈർഷ്യവെടിഞ്ഞൊരു മേശയ്ക്കരികിൽ
കീശയരിച്ചു പെറുക്കിയൊരിത്തിരി
കാശിനുപോരും ചായ പഴംപൊരി
ഏറെ പ്രിയമൊടശിച്ചു തകർപ്പൻ-
ശ്ലോകംചൊല്ലി രസിച്ചൊരുകാലം
തോഴാ, മറന്നോ പുലർകാലം?'(സതീർത്ഥ്യൻ)- എന്നിങ്ങനെ അയഞ്ഞമട്ടിലുള്ള കവിതകളും വിഷ്ണുലോകത്ത് നമുക്ക് വായിക്കാം.
''കടക്കൂപുറ''ത്തെന്നു
കല്പിക്കും ഗോത്രമുഖ്യനെ
കത്തുന്ന കൺകളാൽ നോക്കി
തല കുമ്പിട്ടിടാത്തവൻ- എന്ന മട്ടിലുള്ള കവിതകളും കാണാം.
വെള്ളമെന്തിനു മർത്ത്യർക്ക്
കള്ളെമ്പാടുമൊലിക്കുകിൽ
മറ്റെന്തമൃതം ആശിക്കാം
പുത്തൻ സമ്പദ്‌വ്യവസ്ഥയിൽ- എന്നിങ്ങനെ നർമ്മത്തിൽ പൊതിഞ്ഞ് രചനകളും കാണാനാവും.
ആത്മീയതയും ഭവനയും കൂടിക്കുഴയുമ്പോഴും ശാസ്താവബോധത്തിന്റെ ഭദ്രതകൂടി നിലനിറുത്താൻ കവി ശ്രദ്ധിച്ചിരുന്നു.
'ഈടുറ്റ സങ്കേത പരീക്ഷണാഗ്‌നി
ച്ചൂടേറ്റുയിർക്കും ചിറകാഞ്ഞുവീശി
ഗോളാന്തര വ്യോമതലം കടന്നുപായും മനുഷ്യപ്രതിഭാപ്രകർഷം'- എന്നാണ് നാസയെക്കുറിച്ച് വിഷ്ണുനാരായണൻനമ്പൂതിരി ചൊല്ലിയത്.
മലയാള കവിതയക്ക് പല മുഖങ്ങളുണ്ട്. അതിലൊന്ന് തീർത്തും പ്രസാദാത്മകമാണ്. വള്ളത്തോളിലും എം.പി അപ്പനിലുമെല്ലാം കാാണുന്നത് പ്രസാദാത്മകതയുടെ ആ നിലാവെളിച്ചമാണ്. ലോകസാഹിത്യത്തിനൊപ്പം മലയാളകവിതയ്ക്കും തീപിടിച്ചപ്പോഴും അതിന്റെ തീക്ഷ്ണതയിൽപെട്ടുകാതെ പ്രസാദാത്മകമായ സഞ്ചാരം തുടരുകയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. ഭാഷയിലും ആവിഷ്കാരത്തിലും ആശയത്തിലും ദർശനത്തിലും നാമരൂപങ്ങളിലുംവരെ വൈദിക സംസ്കൃതിയുടെ ശംഖുമുദ്ര പതിപ്പിച്ച കവിതകളാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടേത്. ഏതിരുട്ടിലും വെളിച്ചത്തിന്റെ സൂക്ഷ്മരേണുക്കൾ കാണാനുള്ള അകക്കണ്ണ് കവിക്കു നൽകിയത് ഈ വേദസംസ്കാരമാണ്.
'ഭയത്താൽ വാക്കൊളിക്കുവോർ
അസൂര്യമായ ലോകത്തിൽ
തള്ളിനീക്കുന്നു നാൾകളെ' -എന്ന് ബ്രഹ്മദത്തൻ എന്ന കവിതയിൽ എഴുതാനായതും അതുകൊണ്ടാണ്.
ആത്മാവിന്റെ ഇച്ഛകൾ വാക്കുകളിൽ സ്ഫുരിപ്പിക്കാൻ കഴിയുന്നവനാണ് കവി എന്ന് ഓരോ കവിതയിലൂടെയും ആവർത്തിക്കുകയായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി.
'സ്വത്വം പോയോർ ചിരിക്കുമ്പോൾ
ഭയംതാനല്ലി തോന്നുക?'(ശോണമിത്രൻ)- എന്നു കവിക്കു കണ്ടെത്താനാവുന്നതും അതുകൊണ്ടുതന്നെ.
സാമ്പ്രദായികരീതിയിൽ സംസ്കൃതവും വേദോപനിഷത്തുക്കളും പഠിച്ച അദ്ദേഹം-
'നീയാറ്റുവക്കത്തു നിൻ കളിപ്പാവയെ
നീരാട്ടിടുമ്പോൾ കുളിർത്തിതെൻ ഭാവന'- എന്ന മട്ടിൽ കാല്പനികഭാവങ്ങളുടെ ആകാശത്തേക്കും പറന്നുപൊങ്ങിയിരുന്നു. അപ്പോഴും ജീവന്റെ വേരുകൾ വേദസംസ്കാരത്തിന്റെ മണ്ണിൽ ഉറപ്പിച്ചു നിറുത്താൻ കവി ശ്രദ്ധിച്ചു. പുതുവായനയുടെ കളരിയിൽ തിരസ്കാരവും പാരമ്പര്യകവിതയുടെ ഈറ്റില്ലങ്ങളിൽ പുരസ്കാരവും സമ്മനിക്കുന്നതായിരുന്നു ആ കാവ്യരീതി.
ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിർത്തിയിലേക്ക് ഒരു യാത്ര, ഉജ്ജയിനിയിലെ രാപ്പകലുകൾ, മുഖമെവിടെ, ഭൂമിഗീതങ്ങൾ, പ്രണയഗീതങ്ങൾ, സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, ചാരുലത തുടങ്ങിയ കൃതികളിലെല്ലാം സവിശേഷമായ ഈ വൈദികസംസ്കൃതിയുടെ ദാർശനികശോഭ കാണാനാവും.
അതിന്റെ ഗുണവും ദോഷവും കവിതയ്ക്കൊപ്പം വളർന്നുകൊണ്ടിരുന്നു. ഇന്നിപ്പോൾ അമ്പലമുറ്റത്ത് പൂത്തുനില്ക്കുന്ന പവിഴമല്ലിപോലെ കവിയുടെ ആത്മസാന്നിദ്ധ്യം നാമറിയുന്നു.
'നീയാറ്റുവക്കത്തു നിൻ കളിപ്പാവയെ
നീരാട്ടിടുമ്പോൾ കുളിർത്തിതെൻ ഭാവന'
-ഭാവനയുടെ ലോകത്ത് പാറിപ്പറക്കുമ്പോഴും മണ്ണിൽ കാലൂന്നി നില്ക്കാൻ ശ്രദ്ധിച്ച കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. സൈക്കിൾ ടയറിന്റെ കനത്തിനപ്പുറം കാലുകൾ തുള്ളിപ്പറക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. ഇളംകാറ്റായി കോളേജ് കാമ്പസിലേക്കു സൈക്കിളിൽ ഒഴുകിവരുന്ന ഇംഗ്ലീഷ് പ്രൊഫസറെ അക്കാലത്ത് വിദ്യാർത്ഥികളായിരുന്ന ആർക്കാണ് മറക്കാനാവുക.
'ജീവിതത്തിൽ വെറുതെയാകുന്നില്ല
ഭാവശുദ്ധിയും ഭംഗിയും വെണ്‍മയും
പൂവിനുള്ള സുഗന്ധവും അന്യനായ്
താനൊരുക്കും ചെറിയ സംതൃപ്തിയും
നേരിനായ് മുറിവാർന്ന തൻ ജീവനാൽ
പാരിനേകും മംഗളാശംസയും (പ്രത്യായനം) - എന്ന് വായിക്കുമ്പോൾ മനുഷ്യകുലത്തിനായി കവി സമ്മാനിക്കുന്ന പ്രതീക്ഷയുടെ സുഗന്ധം നാമറിയുന്നു. സ്നേഹനിധിയായ കവിയുടെ വാക്കുകളിൽതന്നെ ഈ കാവ്യാർച്ചന പൂർത്തിയാക്കാം.
'രതിയായി സൃഷ്ടിയായി പിന്നെ
വൃദ്ധിയായി ലയമായി ഞാൻ
നിമിത്തമാത്രമായ് നിർവ-
ഹിക്കുന്നു മഹദിച്ഛയെ'.