
മുപ്പത്തിയഞ്ച് ദിവസങ്ങൾക്കകലെ കേരളം അടുത്ത അഞ്ചുവർഷത്തെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുകയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് അത്യന്തം തിരക്കുപിടിച്ച ദിവസങ്ങളാണിവ. സീറ്റ് വിഭജനത്തിന്റെയും സ്ഥാനാർത്ഥി നിർണയത്തിന്റെയും വാർത്തകൾക്കാണ് മാദ്ധ്യമങ്ങളിൽ പ്രാമുഖ്യം. ഉദ്വേഗത്തോടെ വായിക്കപ്പെടുന്നതും ആ വാർത്തകളാണെന്ന കാര്യത്തിൽ സംശയമില്ല. അത് കഴിഞ്ഞാൽ പിന്നെ പ്രചാരണത്തിന്റെയും നിയോജകമണ്ഡലങ്ങളിലെ താപനിലയെയും കുറിച്ചുള്ള വാർത്തകളായി. ഇതിനിടയിൽ വികടസരസ്വതി അനുഗ്രഹിച്ച ആരെങ്കിലും എന്തെങ്കിലുമൊക്കെ തിരുവചന സ്‌ഫോടനങ്ങൾ നടത്തുമെങ്കിൽ അതും അതിന്റെ പ്രതിസ്‌ഫോടനങ്ങളും വാർത്തകളിൽ കുറെ ദിവസം സ്ഥാനം പിടിക്കും. ഈ ശബ്ദഘോഷത്തിനുള്ളിൽ അധികം ശ്രദ്ധകിട്ടാതെ പോകുന്ന ഒന്നാണ് പ്രകടനപത്രികകളും അവയുടെ ഉള്ളടക്കവും. ഓരോ പാർട്ടിയും മുന്നണിയും അതീവ ശ്രദ്ധയോടെയാണ് പ്രകടനപത്രിക തയാറാക്കുന്നത്. അതിലൂടെയാണ് രാഷ്ട്രീയ പാർട്ടികളും മുന്നണികളും അവരുടെ വികസന ദർശനം അവതരിപ്പിക്കുന്നത്. സമൂഹത്തിൽ നിലവിലിരിക്കുന്ന പ്രശ്നങ്ങളോടുള്ള നിലപാടുകളും പ്രതികരണങ്ങളും പുതിയ വാഗ്ദാനങ്ങളും അവയിൽ സ്ഥാനം പിടിക്കുന്നു. പാർട്ടിക്കുള്ളിലും പുറത്തുമായി പല തലങ്ങളിൽ ചർച്ചകൾ ഇതിനു മുന്നോടിയായി നടക്കുന്നുണ്ട്.
ആശയപരമായ സ്വാതന്ത്ര്യവും ധിഷണയും രാഷ്ട്രീയമായ യാഥാർത്ഥ്യബോധവും പ്രകടനപത്രികകളുടെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. പ്രകടനപത്രികകൾ പ്രകടനമല്ല; പ്രവർത്തിക്കാനുള്ള പ്രമാണരേഖയാണ്. ഇങ്ങനെ ശ്രദ്ധാപൂർവം തയാറാക്കപ്പെട്ട പ്രകടനപത്രികകളുടെ മൂല്യവും പ്രായോഗികതയും അവയിലെ വാഗ്ദാനങ്ങളുടെ സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളും അഭിലഷണീയതയും വേണ്ടത്ര ചർച്ചചെയ്യപ്പെടുന്നുണ്ടോ? ഇല്ല. അതാണ് വാസ്തവം. പ്രചാരണത്തിന് കിട്ടുന്ന മൂന്നാഴ്ചയ്ക്കുള്ളിൽ അതിനൊന്നും സമയം തികയുകയില്ലെന്നത് മറ്റൊരു കാര്യം. പ്രാദേശികവും കാലികവും വിവാദപരവുമായ വിഷയങ്ങളിലാണ് പ്രചാരണദിവസങ്ങളിലെ ജനശ്രദ്ധ. ഓരോ സ്ഥാനാർത്ഥിയും തന്റെ വോട്ടുകൾ വർദ്ധിപ്പിക്കാനുള്ള ബദ്ധപ്പാടിൽ സമ്മതിദായകരെ വിശ്വാസത്തിലെടുക്കാൻ പ്രയത്നിക്കുന്നതിനിടയിൽ സംസ്ഥാനത്തിന്റെ ആളോഹരി കടബാദ്ധ്യതയോ, പരിസ്ഥിതിയും വികസനവും തമ്മിലുള്ള വൈരുദ്ധ്യമോ, ആ വൈരുദ്ധ്യ സമീകരണമോ, ചർച്ച ചെയ്യാൻ ആർക്കുണ്ട് സമയവും ധൈര്യവും? കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള തന്ത്രമോ, അഴിമതി നിർമാർജ്ജനം ചെയ്യാനുള്ള ജാഗ്രതയോ, പൊതുജീവിതത്തിലെ ധാർമ്മികതയോ തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടുന്നില്ല., സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ജനങ്ങൾ നടത്തേണ്ട ത്യാഗങ്ങളെന്തെന്നും സാമാന്യമായ ജീവിതശൈലിയിലെ വിപൽസൂചനകളെന്തെന്നും നമ്മുടെ വികസന സമീപനത്തിലെ വൈകല്യങ്ങളെന്തെന്നുമുള്ള അപ്രിയസത്യങ്ങൾ മാനിഫെസ്റ്റോകളിൽ ആരും തുറന്നുപറയാറില്ല. ചില സംസ്ഥാനങ്ങളിൽ ഓരോ പാർട്ടിയും ഓരോ വിഭാഗം ജനങ്ങൾക്കും ബാങ്ക് വായ്പകൾ എഴുതിത്തള്ളുമെന്ന് മത്സരിച്ചു പ്രഖ്യാപിക്കുകയാണ് (കേരളത്തിലല്ല.) . ഇതിനൊക്കെ പണമെവിടെ നിന്ന് വരുമെന്നും മറ്റു ക്ഷേമപ്രവർത്തനങ്ങൾക്കുള്ള പണമല്ലേ ഇതിനൊക്കെ മാറ്റി വയ്ക്കപ്പെടുന്നതെന്നും ആരും ചൂണ്ടിക്കാണിക്കുന്നില്ല.
പ്രകടനപത്രികകളെ അടിസ്ഥാനപ്പെടുത്തിയുള്ള ആഴത്തിലുള്ള ചർച്ചകൾ നടക്കണം. പക്ഷേ രാഷ്ട്രീയ മുന്നണികളോട് അവരുടെ മാനിഫെസ്റ്റോ വാഗ്ദാനങ്ങളുടെ വരുംവരായ്കകളെക്കുറിച്ച് യുക്തിപൂർവമുള്ള സമസ്യകൾ ഉയർത്താൻ നമ്മുടെ തിരഞ്ഞെടുപ്പു പ്രക്രിയയിൽ നിർഭാഗ്യവശാൽ വേണ്ടത്ര അവസരമില്ല. അക്കാരണത്താൽ അധികാരത്തിലെത്തുന്ന കക്ഷിയെ പ്രകടനപത്രികയെ മുൻനിറുത്തി വിചാരണചെയ്യാനുള്ള കരുത്ത് നമ്മുടെ ജനാധിപത്യത്തിന് ഇല്ലാതെ പോകുന്നു. യാഥാർത്ഥ്യബോധമില്ലാത്തതും, താത്‌കാലിക പ്രയോജനം മാത്രമുള്ളതുമായ കാര്യങ്ങൾ അങ്ങനെ യഥേഷ്ടം അവയിൽ പ്രതിഫലിക്കുന്നു. ചില പ്രകടനപത്രികകളിൽ ഉൾപ്പെടുത്തിയിരുന്നതും, തിരഞ്ഞെടുപ്പ് സമയത്ത് വേണ്ടത്ര ചർച്ച ചെയ്യപ്പെടാതെ പോവുകയും ചെയ്ത കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കുന്നതിന്റെ കെടുതികൾ നമ്മൾ മറക്കാനും പാടില്ല.
ജാഗ്രതയോടെ വായിക്കപ്പെടേണ്ടതാണ് പ്രകടനപത്രികകൾ. പക്ഷേ ഇതിനാര് മുൻകൈയെടുക്കും? ആർക്കുണ്ട് ഈ മൂന്നാഴ്ചയ്ക്കുള്ളിൽ ഇതിനൊക്കെ സമയം? ടെലിവിഷൻ ചർച്ചകൾക്ക് വിവാദവിഷയങ്ങളുടെ ചുഴിയിൽ കിടന്ന് കറങ്ങാനേ സാധിക്കൂ.(പ്രകടനപത്രികകളുടെ ഇഴകീറി പരിശോധിക്കുന്ന പരിപാടികൾക്ക് ടി.ആർ.പി റേറ്റിംഗ് വളരെ
മോശമായിരിക്കുമല്ലോ.) പ്രകടനപത്രികകൾക്ക് തിരഞ്ഞെടുപ്പിലുള്ള സ്ഥാനം നിർവചിക്കാനും സ്ഥാപിക്കാനും അച്ചടി മാദ്ധ്യമങ്ങൾക്ക് സാധിക്കണം. പ്രത്യയശാസ്ത്രപരമായ കൂറ് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലാത്ത സ്വതന്ത്ര രാഷ്ട്രീയനിരീക്ഷകർക്കും, ബുദ്ധിജീവികൾക്കും, അദ്ധ്യാപകർക്കും പ്രാദേശികതലത്തിലും സംസ്ഥാനതലത്തിലും സാമൂഹ്യമാദ്ധ്യമങ്ങളിലുമെല്ലാം എറ്റെടുക്കാവുന്ന വലിയ സേവനമാണിത്. ഇക്കാര്യത്തിലും മറ്റു പല കാര്യത്തിലുമെന്ന പോലെ ഇന്ത്യയ്‌ക്ക് മാതൃകയാകാൻ കേരളത്തിന് സാധിക്കും. രാഷ്ട്രീയജാതിമത പരിഗണനകൾക്ക് അതീതമായി പ്രകടനപത്രികകളെ വസ്തുനിഷ്ഠമായി പരിശോധിക്കാനും അവയുടെ ആപേക്ഷികമായ ശക്തിദൗർബല്യങ്ങളും പ്രായോഗികതയും സമ്മതിദായകരുടെ മുൻപാകെ അവതരിപ്പിക്കാനും സാധിച്ചാൽ തിരഞ്ഞെടുപ്പു പ്രക്രിയ കൂടുതൽ അർത്ഥപൂർണവും വിചാരപ്രധാനവുമായി മാറും. നമ്മുടെ ജനാധിപത്യത്തിന് ആഴമുണ്ടാവും.
അധികാരത്തിന് ഉത്തരം പറയാനുള്ള ബാദ്ധ്യതയുണ്ടാവും. വൈകാരികമായ താത്‌കാലിക ആവേശമല്ല പ്രബുദ്ധതയുള്ള സമ്മതിദായകരെ നയിക്കേണ്ടത്. സംസ്ഥാനത്തിന്റെ പൊതു താത്‌പര്യവും ഭരണമേൽക്കാൻ പോകുന്നവരുടെ ആശയവ്യക്തതയും നിലപാടുകളും പ്രതിബദ്ധതയുമായിരിക്കണം വിലയിരുത്തപ്പെടേണ്ടത്. പ്രകടനപത്രികകളെ അവഗണിക്കുന്ന തിരഞ്ഞെടുപ്പുകൾ വൈകാരികതയാലും താത്‌കാലിക പരിഗണനകളാലും മാത്രം നയിക്കപ്പെടുന്നു. ജനങ്ങൾക്ക് അവർ അർഹിക്കുന്ന സർക്കാരിനെയാണ് കിട്ടുകയെന്ന് സാധാരണ പറയാറുള്ളതിന്റെ പൊരുൾ ഇതുതന്നെയാണ്.