
കേരളത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്ന അപൂർവസുന്ദര നൃത്തമായ അഷ്ടപദിആട്ടത്തിന്റെ ആത്മാവ് തേടിയ കലാകാരി ഷീബയ്ക്ക് പുരസ്കാരത്തിന്റെ ആദരവ്...
ക്ഷേത്രകല അക്കാഡമി പുരസ്കാരം നേടിയ കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ മോഹിനിയാട്ടവും അഷ്ടപദിയാട്ടവും ഒരേ മെയ് വഴക്കത്തോടെ ആവിഷ്കരിക്കുന്ന കേരളത്തിലെ ഒരേയൊരു നർത്തകിയാണ്. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും സ്വായത്തമാക്കി ഒന്നിനുപുറകെ മറ്റൊന്നായി ഒരേ വേദിയിൽ അവതരിപ്പിക്കുന്നവർ സംസ്ഥാനത്ത് പലരുമുണ്ടെങ്കിലും, നാട്യകലയിൽ ഏറെ പുരാതനമായതും വേറിട്ടുനിൽക്കുന്നതുമായ അഷ്ടപദിയാട്ടം കൂടെ കൊണ്ടുപോകുന്ന കലാകാരി ഷീബ മാത്രം! ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമെടുത്തതിനുശേഷം ഷീബ ഇപ്പോൾ കലാമണ്ഡലത്തിൽ ഡോക്ടറേറ്റിനായുള്ള നൃത്തഗവേഷക വിദ്യാർത്ഥിയാണ്.
പന്ത്രണ്ടാം വയസുമുതൽ
അരങ്ങിൽ
തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിയിലാണ് ജനിച്ചു വളർന്നത്. നാട്യകലയോടുള്ള ഇഷ്ടം കൊണ്ടാണ് കേരള കലാമണ്ഡലത്തിൽ നൃത്ത വിദ്യാർത്ഥിയായി ചേർന്നത്. തുടർന്ന് പന്ത്രണ്ടാം വയസുമുതൽ മോഹിനിയാട്ടവും കഴിഞ്ഞ അഞ്ചു വർഷമായി അഷ്ടപദിയാട്ടവും കൂടെ തന്നെയുണ്ട്.
കഥകളിയേക്കാൾ പ്രാചീനമായതെന്ന് വലിയൊരു വിഭാഗം സാംസ്കാരിക ഗവേഷകർ രേഖാമൂലം സ്ഥിരീകരിക്കുന്നൊരു ദൃശ്യകലാരൂപമാണ് അഷ്ടപദിയാട്ടം. കൂടിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, ചാക്യാർകൂത്ത് മുതലായ നടനകലകളുടെ ഒരു ശ്രേഷ്ഠ മിശ്രണമായി പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ടതാണ് കഥകളിയെങ്കിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒഡീഷയിൽ ജീവിച്ചിരുന്ന കവിശ്രേഷ്ഠൻ ജയദേവൻ രചിച്ച 'ഗീതാഗോവിന്ദം" എന്ന കാവ്യത്തിന്റെ രംഗാവിഷ്കാരമാണ് അഷ്ടപദിയാട്ടം. ജയദേവകൃതിയിലെ എല്ലാ ഗീതങ്ങളും എട്ടു ഖണ്ഡങ്ങൾ ചേർന്നതായതിനാൽ, അതിനെ അഷ്ടപദിയെന്നും വിളിച്ചുപോന്നു. പിറവികൊണ്ട കാലം മുതൽ ഈ രാധാമോഹനകാവ്യത്തിന്റെ ദൃശ്യരൂപങ്ങൾ രാജ്യത്തിന്റെ പലഭാഗത്തും വിവിധ നാമങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അഷ്ടപദിയുടെ നാട്യഭാഷ്യം ക്രമേണ അഷ്ടപദിയാട്ടമായി അറിയപ്പെടാൻ തുടങ്ങി.

അഷ്ടപദിയാട്ടം ശ്രേഷ്ഠം,
നഷ്ടമാക്കരുത്
അഷ്ടപദിയാട്ടം ശ്രേഷ്ഠമായൊരു നൃത്തരൂപമാണ്, അത് നാം നഷ്ടമാക്കരുത്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ക്ലാസിക്കൽ കലാരൂപമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന കഥകളിയിൽ പോലും അഷ്ടപദിയാട്ടത്തിന്റെ അടയാളങ്ങൾ അങ്ങിങ്ങായി കാണാം. എന്നാൽ, അവ്യക്തമായ കാരണങ്ങളാൽ, അഷ്ടപദിയാട്ടത്തിന് അതിന്റെ പ്രതാപം ജനപ്രിയ വഴിയിലെവിടയോവച്ച് നഷ്ടമായി. അത് വീണ്ടെടുക്കുന്നതിനായി കേരളക്കരയിലെ നാട്യരംഗത്ത് അരനൂറ്റാണ്ടിലേറെ കാലമായി നടന്നുകൊണ്ടിരിക്കുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണ് മോഹിനിയാട്ടത്തിന്റെ കൂടെ അഷ്ടപദിയാട്ടവും ഞാൻ ആടിത്തുടങ്ങിയത്.
പുതിയ നൃത്തം ഏറ്റെടുക്കുന്നു
നൂറ്റിയഞ്ച് വയസ് പ്രായമുള്ള നാട്യകുലപതി ചേമഞ്ചേരി കുഞ്ഞിരാമൻ നായരാണ് അഷ്ടപദിയുടെ ഉത്കൃഷ്ടവീഥിയിലേക്ക് എന്നെ നയിച്ചത്. നൃത്താചാര്യൻ ചേമഞ്ചേരിയുടെതന്നെ ശിഷ്യയായ കണ്ണൂർ സീതാലക്ഷ്മി ടീച്ചറാണ് അഷ്ടപദിയാട്ടത്തിൽ മുൻഗാമി. കേരളത്തിലെ ആദ്യകാല നർത്തകിമാരിൽ ജീവിച്ചിരിക്കുന്ന അപൂർവം പേരിൽ ഒരാളാണ് സീതാലക്ഷ്മി ടീച്ചർ. നിരവധി വേദികളിൽ നടനവൈഭവം തെളിയിച്ച ടീച്ചർക്ക് പ്രായാധിക്യംമൂലം ഇനിയതിനാവില്ലെന്നു വന്നപ്പോഴാണ് അഷ്ടപദിയാടാൻ ഞാൻ ചിലങ്കയണിഞ്ഞത്. ഈ തലമുറയിലെ സഹൃദയർക്ക് കേട്ടറിവു മാത്രമുള്ള ഒരു ക്ലാസിക്കൽ നാട്യരൂപം അരങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ സകലവിധ പിരിമുറുക്കങ്ങളും അനുഭവിച്ചറിഞ്ഞു. ശാസ്ത്രീയനൃത്തങ്ങളുടെ പിൻബലം ഉള്ളവർക്കുകൂടി, അത്ര പെട്ടന്ന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു രീതികൾ. അഷ്ടപദിയാട്ടത്തിന് മോഹിനിയാട്ടവുമായി എന്തെങ്കിലും സാദൃശ്യമുണ്ടെങ്കിൽ അത് മുദ്രകളിൽ മാത്രമാണ്. എന്തിനേറെ, 48 വർഷത്തെ ഇടവേളക്കുശേഷം വേദി വീണ്ടുമൊരുങ്ങുന്നുവെന്ന വാർത്തയിൽ ഉൾപ്പെടുത്താൻ, അഷ്ടപദിയാട്ടത്തിന്റെ വേഷമണിഞ്ഞ ഒരു ഫോട്ടോപോലും എന്റെ കയ്യിലുണ്ടായിരുന്നില്ല. ഉടയാടകളുടെയും ചമയങ്ങളുടെയും അന്തിമരൂപ തീരുമാനങ്ങൾ നീണ്ടുപോയി. രണ്ടുവർഷം കഠിനമായ പരിശീലനം തന്നെയായിരുന്നു. അമ്പതുകളിൽ ടീച്ചർ അവതരിപ്പിച്ച അഷ്ടപദിയാട്ടം, കണ്ണൂരിലെ മാധവറാവുസിന്ധ്യ ട്രസ്റ്റിന്റെ കലാവേദിയിൽ സാംസ്കാരിക നായകരെ സാക്ഷിനിർത്തി പുനരാവിഷ്കരിച്ചു. നാലുവർഷം മുമ്പ് നടന്ന അഷ്ടപദിയിലെ എന്റെ അരങ്ങേറ്റം കലാസ്നേഹികൾ വരവേറ്റത് അങ്ങേയറ്റം ആവേശത്തോടെയാണ്. 1972-ൽ, ടീച്ചർ അരങ്ങിൽനിന്ന് വിടപറഞ്ഞതിനുശേഷം ആസ്വാദകർ ആദ്യമായി അഷ്ടപദിയാട്ടം കാണുകയായിരുന്നു.

പരിണാമങ്ങൾ
സീതാലക്ഷ്മി ടീച്ചറുടെ കാലത്ത്
നാലുമണിക്കൂർ നേരം ചെയ്തിരുന്ന നാട്യം, പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് രണ്ടുമണിക്കൂറിലേക്ക് സംക്ഷേപിച്ചുവെന്നതാണ് പ്രധാന ഘടനാപരമായ വ്യത്യാസം. ഗുരു ചേമഞ്ചേരിയുടെ ബോധനം അനുസരിച്ചാണ് ഈ ലളിതവൽക്കരണം നടത്തിയത്. മുന്നെ രണ്ടുമണിക്കൂർ സോളോ പെർഫോർമൻസും, ബാക്കി രണ്ടുമണിക്കൂർ ബാലെയുമായിരുന്നു. ഇപ്പോൾ ബാലെ വേണ്ടെന്നുവച്ചു. പുതിയ ലോകത്ത്, നാലുമണിക്കൂർനേരം ഇരുന്നുകാണാലുള്ള ക്ഷമ പ്രേക്ഷകർക്ക് ഉണ്ടാവില്ലെന്നതുകൂടി പരിഗണിച്ചാണ് ഈ മാറ്റം വരുത്തിയത്. ടീച്ചർ അണിഞ്ഞിരുന്നത് ഗുജറാത്തി രീതിയിലുള്ള പാവാടയും ബ്ലൗസും, ദാവണിയുമായിരുന്നു. ചിത്രകലാ രംഗത്തെ സജീവ സാന്നിധ്യമായ കെ. കെ. മാരാർ മാഷാണ് കേരള ശൈലിയിലുള്ള പുതിയ വസ്ത്രങ്ങളും അവയുടെ നിറങ്ങളും വിഭാവനം ചെയ്തത്. നങ്ങ്യാർകൂത്തിന്റേതുപോലെ വലിയ കിരീടമാണ് അഷ്ടപദി കലാകാരിയും ധരിച്ചിരുന്നത്. കേശാലങ്കാരത്തിൽ വരുത്തിയ വ്യത്യാസത്തോടൊപ്പം, കൊച്ചു വൈരക്കൽ കിരീടവും സ്വീകരിച്ചു. ആഭരണങ്ങളിലും ചമയങ്ങളിലും പാരമ്പര്യപ്പകർച്ച നഷ്ടപ്പെടാതെ, കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി. കേരളത്തിലെ പ്രശസ്ത ഫോക്ലോർ ഗവേഷകൻ ഡോ. രാഘവൻ പയ്യനാടും ബഹുവിഷയ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാടും വിലപ്പെട്ട നിർദ്ദേശങ്ങൾ തന്നിരുന്നു. മൃദംഗം, ഇടയ്ക്ക, പുല്ലാംകുഴൽ, വയലിൻ, നട്ടുവാങ്കം, ചെണ്ട, മദ്ദളം മുതലായവയാണ് അഷ്ടപദിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങൾ. പദം പാടുമ്പോൾ മൃദംഗവും ഇടയ്ക്കയും പുല്ലാംകുഴലും നട്ടുവാങ്കവുമാണ് വായിക്കുന്നത്. വാദികാഭിനയ സമയമാണിത്. കലാശത്തിലെത്തുമ്പോൾ ചെണ്ടയും, മദ്ദളവും വാദ്യവൃന്ദത്തിൽ പങ്കുചേരുന്നു. തീവ്ര സ്വഭാവമുള്ള രംഗങ്ങൾ ആവിഷ്കരിക്കുന്ന ഘട്ടങ്ങളിലാണ് ചെണ്ടയും മദ്ദളവും അകമ്പടിയായി എത്തുന്നത്. മനോധർമ്മം പ്രകടിപ്പിക്കുമ്പോൾ പശ്ചാത്തലമേളം വളരെ ഗാംഭീര്യമുള്ളതായിരിക്കണം. തീക്ഷ്ണ സ്വഭാവമില്ലാത്ത ആഖ്യാന രംഗങ്ങളിൽ ചെണ്ട ഉപയോഗിക്കാതിരിക്കുകയോ, മദ്ദളത്തോടൊപ്പം മൃദുവായി കൊട്ടുകയോ ചെയ്യുന്നു. വർണ്ണനാശ്ലോകങ്ങളാണ് വായ്പ്പാട്ടായി ആലപിക്കുന്നത്. നർത്തകി അതിന് മുദ്രകളിലൂടെയും നാട്യത്തിലൂടെയും ജീവൻ നൽകുന്നു. പക്കമേളം അതിന്റെ നാദ പകിട്ടാണ്!
ആത്യന്തിക നേട്ടം
മറ്റൊരു കലാകാരി വേദിയിൽ അവതരിപ്പിക്കുന്നത് ഒരിക്കൽപോലും നേരിൽ കാണാൻ സാധിക്കാതിരുന്നൊരു നാട്യയിനം അരങ്ങിലേക്കു തിരിച്ചെത്തിക്കുന്നതിന് കാരണമായതാണ് ആത്യന്തിക നേട്ടമായി എനിക്ക് തോന്നുന്നത്. നാട്യവേഷത്തിൽ സീതാലക്ഷ്മി ടീച്ചറുടെ രണ്ടുമൂന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ മാത്രമാണ് ആകെ കണ്ടിട്ടുള്ളത്. കാലഹരണപ്പെട്ടുപോകും മുന്നെ അഷ്ടപദിയാട്ടത്തെ വീണ്ടെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇടയ്ക്ക കൊട്ടിക്കൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഈയിടെ അഷ്ടപദിയാട്ടത്തിന്റെ ദൃശ്യവിരുന്നിൽ പങ്കെടുത്തത് അഭിമാന മുഹൂർത്തങ്ങളാണ്. കേരള ടൂറിസം ഡവലപ്മെന്റ് വകുപ്പിന്റെ പൈതൃകകല സംരക്ഷണ പുരസ്കാരം, കലാനിധി ഫൗണ്ടേഷന്റെ നടനകീർത്തി അവാർഡ്, ഹരിപ്രിയ സമ്മാനം, സ്ത്രീശക്തി പുരസ്കാരം, യുവപ്രതിഭ പുരസ്കാരം അങ്ങനെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഭർത്താവ് കൃഷ്ണകുമാറിനൊപ്പം തലശ്ശേരിയിലെ തിരുവങ്ങാടിലാണ് താമസം. വിദ്യാർത്ഥികളായ പ്രണവ് കൃഷ്ണയും പ്രവീൺ കൃഷ്ണയുമാണ് മക്കൾ.