p-c-george

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പി സി ജോർജ് ഒറ്റയ്‌ക്ക് മത്സരിക്കും. പൂഞ്ഞാറിൽ മാത്രമേ ജനപക്ഷം മത്സരിക്കുകയുളളൂവെന്നും എൻ ഡി എയുടെ ഭാഗമാകില്ലെന്നും ജോർ‌ജ് വ്യക്തമാക്കി. ജനപക്ഷം ഒരു മുന്നണിയുടേയും ഭാഗമാകില്ല. എൻ ഡി എ സ്ഥാനാർത്ഥിയെ നിർത്താതെ പൂഞ്ഞാറിൽ പിന്തുണ നൽകിയാൽ അവരോട് സ്‌നേഹം കൂടുമെന്നും ജോർജ് പറഞ്ഞു.

പൂഞ്ഞാറിൽ ബി ജെ പിയുടെ വോട്ട് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ വർദ്ധിച്ചിട്ടുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടാണ് വോട്ട് വർദ്ധനവുണ്ടായത്. പക്ഷേ സി പി എമ്മിന് വലിയ തിരിച്ചടിയായിട്ടുണ്ട്. സി പി എമ്മിന്റെ പ്രമുഖനായ നേതാവ് ഇന്നലെ ബി ജെ പിയിൽ ചേർന്ന ശേഷം തന്നെ വിളിച്ച് കൂടെയുണ്ടെന്ന് പറഞ്ഞുവെന്നും പി സി ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുസ്ലീം വോട്ടുകളിൽ തീവ്രവാദ സ്വഭാവമുളള ആളുകളോട് തനിക്ക് യോജിക്കാനാകില്ല. ഇന്ത്യയിൽ എല്ലായിടത്തും മുസ്ലീങ്ങളിൽ ഒരു വിഭാഗം തീവ്രവാദത്തിലേക്ക് പോയിട്ടുണ്ട്. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും തീവ്രവാദികളുണ്ട്. തങ്ങൾക്ക് മുസ്ലീം വിരുദ്ധതയില്ലെന്നും അങ്ങനെ പറയുന്നവർ തന്റെ പാർട്ടിയിൽ കാണില്ലെന്നും ജോർജ് കൂട്ടിച്ചേർത്തു.