editorial-

കോൺ ഐസ്‌ക്രീമിന്റെ കണ്ടുപിടിത്തത്തെപ്പറ്റി ഒരു കഥ കേട്ടിട്ടുണ്ട്. ഒരുകാലത്ത് ഐസ്‌ക്രീം കപ്പുകൾ ഉപേക്ഷിക്കപ്പെടുന്നത് അമേരിക്കയിൽ വലിയ പരിസ്ഥിതിപ്രശ്നമായി മാറി. ഇത് പരിഹരിക്കാനായി ഒരു പ്രധാന ഐസ്‌ക്രീം കമ്പനിയുടെ ഉടമകൾ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിച്ചു. പലരും പല നിർദ്ദേശങ്ങളും പറഞ്ഞു. പക്ഷേ ഒരു പരിഹാരമാർഗം ഉരുത്തിരിഞ്ഞു വന്നില്ല. ഇതിനിടയിൽ ചായ നൽകുകയായിരുന്ന വെയ്റ്റർ ഒരു നിർദ്ദേശം അറിയാതെ ഉറക്കെ പറഞ്ഞുപോയി. ''ഐസ്‌ക്രീമിന്റെ കൂടെ കപ്പും അങ്ങ് കഴിച്ചാൽ പ്രശ്നം തീരുമല്ലോ" എന്ന് . എല്ലാവരും ആദ്യം പൊട്ടി​ച്ചി​രി​ച്ചെങ്കി​ലും കോൺ​ ഐസ്‌‌ക്രീമി​ന്റെ തുടക്കത്തി​ന് പ്രചോദനമായത് ആ അവി​ദഗ്ദ്ധന്റെ നി​ർദ്ദേശമായി​രുന്നു. രാജ്യത്ത് ശാസ്ത്രജ്ഞർ മാത്രമല്ല കണ്ടുപി​ടി​ത്തങ്ങൾ നടത്തുന്നത്. യാതൊരു ശാസ്ത്ര പരിജ്ഞാനവുമി​ല്ലാത്ത പലരും ചി​ല കണ്ടുപി​ടി​ത്തങ്ങളുമായി​ മുന്നോട്ട് വരാറുണ്ട്. ഇതൊക്കെ പത്രങ്ങളി​ൽ വാർത്തകളും ആകാറുണ്ട്. പക്ഷേ മി​ക്കവാറും അതുകൊണ്ട് അവസാനി​ക്കും. കാരണം അവി​ദഗ്ദ്ധന്റെ കണ്ടുപി​ടി​ത്തങ്ങൾ ഒരി​ക്കലും വി​ദഗ്ദ്ധരുടെ സമി​തി​ ഗൗരവമായി​ പരി​ഗണി​ക്കി​ല്ല. ഒറ്റയാൾ പോരാട്ടം നടത്തി​ വി​ജയി​ക്കുക അസാദ്ധ്യവുമാണ്. സ്വകാര്യ കമ്പനി​കൾ ഇവരെ സഹായി​ക്കാൻ മുന്നോട്ടു വരാനുള്ള സാദ്ധ്യതയും കുറവാണ്. കാരണം സാധാരണക്കാരുടെ ആശയങ്ങൾക്കും കണ്ടുപി​ടി​ത്തങ്ങൾക്കും സർക്കാരി​ൽ നി​ന്ന് അനുമതി ലഭി​ക്കി​ല്ല എന്നതു തന്നെ കാരണം. അതി​നാൽ സർക്കാർ തന്നെ ഇത്തരത്തി​ലുള്ള കണ്ടുപി​ടി​ത്തങ്ങളും ആശയങ്ങളും പ്രോത്സാഹി​പ്പി​ക്കുന്നതി​ന് ഒരു പ്രത്യേക സംവിധാനം തുടങ്ങുന്നത് നല്ലതായിരിക്കും.

ആനന്ദി​ന്റെ അദ്‌ഭുത ട്രൈക്ക് ഓടും നീന്തും പറപറക്കും എന്ന തലക്കെട്ടി​ൽ ഇന്നലെ കേരളകൗമുദി​ ഒന്നാംപുറത്ത് ഒരു കൗമുദി​ സ്പെഷ്യൽ പ്രസി​ദ്ധീകരി​ച്ചി​രുന്നു. ശാസ്താംകോട്ടക്കാരനായ ഒരു ചെറുപ്പക്കാരൻ കരയി​ലും വെള്ളത്തി​ലും ആകാശത്തും സഞ്ചരി​ക്കുന്ന ഒരു വാഹനം വി​കസി​പ്പി​ച്ചതു സംബന്ധി​ച്ചാണ് വാർത്ത. 18 ലക്ഷം രൂപ ചെലവിലാണ് ട്രൈക്ക് - 4 എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ വാഹനം നിർമ്മിച്ചത്. ഇതുപോലുള്ള കണ്ടുപിടിത്തങ്ങളിൽ സർക്കാരിന്റെ ശ്രദ്ധ പതിയുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്താൽ നാളെ സമൂഹത്തിന് പ്രയോജനകരമായ പല കണ്ടുപിടിത്തങ്ങളും പരീക്ഷണശാലകൾക്ക് പുറത്ത് ഉണ്ടായി വന്നെന്നിരിക്കും. സമർത്ഥനായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ കീഴിൽ ഇതിനായി മാത്രം ഒരു വിഭാഗം തുടങ്ങുന്നത് തുടക്കത്തിൽ പരിഹാസത്തിന് പോലും ഇടയാക്കാമെങ്കിലും ഭാവിയിൽ അത് ഗുണകരമായി ഭവിക്കുക തന്നെ ചെയ്യും. ഇന്ന് വളർന്ന് പന്തലിച്ചിരിക്കുന്ന 'കുടുംബശ്രീ" എന്ന സംവി​ധാനത്തെ തുടക്കത്തി​ൽ ആരെങ്കി​ലും ഗൗരവമായി​ കണ്ടി​രുന്നോ? വി​ജയി​ച്ചു കഴി​ഞ്ഞാലേ അംഗീകരി​ക്കപ്പെടൂ എന്ന പഴയ കാഴ്ചപ്പാട് മാറി​വരണം. പ്രതി​ഭകളെ മുളയി​ലേ കണ്ടെത്തി​ നനച്ച് വളർത്താൻ സർക്കാർ സംവി​ധാനത്തി​ന് മാത്രമേ കഴി​യൂ.