fire-

കൊല്ലം: അഞ്ചാലുംമൂട്ടിൽ അയൽവീട്ടിൽ കളിക്കാൻ പോയതിന് മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. അഞ്ച് ദിവസം മുമ്പ് പനയം പഞ്ചായത്തിലെ ഒരു കോളനിയിൽ ആയിരുന്നു സംഭവം നടന്നത്. പൊള്ളലേറ്റ കുട്ടിയുടെ കാലിൽ മരുന്ന് വയ്ക്കാത്തതിനാൽ വ്രണമായി മാറിയിരുന്നു. കഴിഞ്ഞദിവസം ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

പൊള്ളലേറ്റ ഭാഗത്തു മരുന്നു വയ്ക്കാതിരുന്നതിനാൽ വ്രണമായ അവസ്ഥയിലായിരുന്നു. കാലിന് എന്തുപറ്റിയെന്ന് ആരെങ്കിലും ചോദിച്ചാൽ ചീനച്ചട്ടിയിൽ നിന്ന് പൊള്ളലേറ്റതാണെന്നു പറയണമെന്ന് പിതാവ് മകൾക്ക് നിർദേശം നൽകിയിരുന്നതായും ആരോപണമുണ്ട്. അംഗൻവാടി ജീവനക്കാരുടെ സഹായത്തോടെ കുട്ടിയെ തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു ചികിത്സ ലഭ്യമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ് കുട്ടിയുടെ പിതാവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, സംഭവത്തെപ്പറ്റി ചൈൽഡ് ലൈനിൽ നിന്ന് ലഭിച്ച വിവരങ്ങൾ കുട്ടിയും മാതാവും നിഷേധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തീരുമാനിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി വനിതാ എസ്.ഐയും സംഘവും ഇന്ന് കുട്ടിയെ സന്ദർശിച്ച് വിശദമായ മൊഴിയെടുക്കും.അയൽവീട്ടിൽ കളിക്കാൻ പോയതിൽ പ്രകോപിതനായി പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകൾ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ അറിയിച്ചത്. ഇത് സംബന്ധിച്ച് ചൈൽഡ് ലൈൻ അധികൃതർ ശിശുക്ഷേമ സമിതിക്ക് ഇന്ന് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷം സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. കളിക്കാൻ പോയതിന്റെ പ്രകോപനത്താൽ ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

സംഭവത്തിൽ ഇന്നു തുടർനടപടി സ്വീകരിക്കുമെന്നു പൊലീസ് അറിയിച്ചു. കുട്ടിയെ പൊളളിക്കുന്നത് വീട്ടുകാർ എതിർത്തപ്പോൾ അവരെ മർദ്ദിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായും പറയപ്പെടുന്നുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷണ പരിധിയിൽ വരും. കുട്ടിയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.