kovalam-

തിരുവനന്തപുരം: മൂന്ന് വർഷം മുമ്പ് വിദേശ വനിതയെ കൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തിയ കോവളം വാഴമുട്ടത്തിനും പനത്തുറയ്ക്കും മദ്ധ്യേയുള്ള പൂനം തുരുത്തിലെ ചെന്തിലക്കരി എന്ന പ്രദേശം ഇപ്പോഴും അശാന്തിയുടെ തീരമായി തുടരുന്നു. വിദേശ വനിതയെ അരും കൊലചെയ്യുകയും മൃതദേഹം ഒളിപ്പിക്കുകയും ചെയ്ത ചതുപ്പ് കാടും പടലവും വൃത്തിയാക്കി സംരക്ഷിക്കുമെന്ന് പൊലീസ് പ്രഖ്യാപിച്ചെങ്കിലും വർഷം രണ്ടുകഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. പൊലീസിന്റെ ഉറപ്പ് പാഴ് വാക്ക് ആയി. സാമൂഹ്യവിരുദ്ധ സംഘങ്ങൾ പഴയതുപോലെ ഇവിടെ തമ്പടിച്ചുതുടങ്ങി.

ദുരൂഹതകൾ നിറഞ്ഞ ചെന്തിലക്കരി

വിദേശ വനിതയുടെ ദുരൂഹ മരണത്തോടെയാണ് ചെന്തിലക്കരിയെ പുറംലോകം അറിയുന്നതെങ്കിലും നാട്ടുകാർക്ക് ഇവിടം ഇപ്പോഴും പേടി സ്വപ്നമാണ്. ഭൂമിശാസ്ത്രപരമായും അല്ലാതെയും ദുരൂഹതകൾ ചൂഴ്ന്നു നിൽക്കുന്ന സ്ഥലം. രാത്രി എട്ടുമണികഴിഞ്ഞാൽ ഇവിടെ ആരും വീടിന് പുറത്തിറങ്ങാറില്ല. രാത്രികാലങ്ങളിൽ ചെന്തിലക്കരിയിൽ ഇപ്പോഴും പുറത്തുനിന്നുള്ള ബൈക്കുകളുടെ നീണ്ട നിര കാണാം. മയക്കുമരുന്നും മദ്യസേവയും പതിവാണ്. സാമൂഹ്യവിരുദ്ധ ശല്യം അസഹ്യമായി. തെരുവ് വിളക്കുകൾ എറിഞ്ഞുടയ്ക്കും. ചൂണ്ടയിടാനെന്ന വ്യാജേന കണ്ടൽ കാടിന്റെ മറവ് തേടി നിരവധി പേരാണ് മദ്യവും മയക്കുമരുന്നും സേവിക്കാൻ ഇവിടെ വരുന്നത്.

ഉടമസ്ഥൻ എത്തിനോക്കാത്ത ഏക്കർകണക്കിന് സ്ഥലം

ഉടമസ്ഥനാരെന്ന് അറിയാത്ത നൂറേക്കറോളം വിജനസ്ഥലം. കോവളത്തെത്തുന്ന വിനോദ സഞ്ചാരികളെ പ്രലോഭിപ്പിച്ച് മദ്യവും മയക്കുമരുന്നും നൽകുന്ന സംഘങ്ങൾ ഇപ്പോഴും സജീവമാണെന്ന ആക്ഷേപത്തിന് കുറവില്ല.

കാട്ടാന്തറ പ്രദേശം മയക്കുമരുന്നിന്റെ കേന്ദ്രമാണ്. പ്രശ്നങ്ങളുണ്ടാക്കുന്നവർ പൊലീസ് എത്തുമ്പോൾ കായലിൽ ചാടും. അല്ലെങ്കിൽ കണ്ടൽക്കാട്ടിൽ ഒളിക്കും. വിദേശ വനിതയുടെ കൊലപാതകത്തിന് ശേഷം കുറച്ചു നാൾ പൊലീസിന്റെ ശ്രദ്ധ ഇവിടെ പതിഞ്ഞിരുന്നെങ്കിലും പിന്നീട് എല്ലാം പഴയപടിയായി. വിദേശ വനിതയുടെ അരുംകൊലയ്ക്ക് ശേഷം സിറ്റി പൊലീസ് കമ്മിഷണർ സന്ദർശനം നടത്തി നിർദ്ദേശിച്ചിരുന്ന സുരക്ഷാ മാനദണ്ഡങ്ങളും നടപടികളുമാണ് ഇപ്പോൾ പ്രഖ്യാപനത്തിലൊതുങ്ങിയത്. കോവളത്തിനൊപ്പം പൂനം തുരുത്തിലും നിരന്തരം നിരീക്ഷണം വേണമെന്ന് കമ്മിഷണർ നിർദ്ദേശിച്ചെങ്കിലും പൊലീസ് ഇക്കാര്യങ്ങളിൽ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നാണ് ആക്ഷേപം.

ലഹരി ഇടങ്ങൾ ഏറെ

ലോക്ക് ഡൗണിന് ശേഷം വിനോദ സഞ്ചാരികളുൾപ്പെടെ അന്യസംസ്ഥാനക്കാരും വിദേശികളും സംസ്ഥാനത്ത് വിരളമാണെങ്കിലും ലഹരി നുണയാനെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ല. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമായി നൂറു കണക്കിന് രഹസ്യ കേന്ദ്രങ്ങളിലാണ് ലഹരിക്കച്ചവടവും ഉപഭോഗവും പൊടിപൊടിക്കുന്നത്. തീരദേശമേഖലയിൽ വേളിയ്ക്കും ആക്കുളത്തിനും ചെന്തിലക്കരിയ്ക്കും പുറമേ നഗരത്തിനകത്തും പുറത്തും ഡസൻ കണക്കിന് സ്ഥലങ്ങളാണ് മയക്കുമരുന്ന് സേവയ്ക്കായുള്ളത്.

നിഗൂഢകേന്ദ്രങ്ങൾ

കൈമനത്തെ നിഗൂഢ കേന്ദ്രം പോലെ കരിക്കകം, ആറ്റുകാൽ ചിറപ്പാലം, കരമന ബണ്ട്രോഡ്, നെടുങ്കാട്, കോട്ടയ്ക്കകം, പുത്തരിക്കണ്ടം, മുട്ടത്തറ, തിരുവല്ലം, ശ്രീകാര്യം എൻജിനിയറിംഗ് കോളേജിന്റെ പിൻവശം, കഴക്കൂട്ടം, കണിയാപുരം തുടങ്ങിയ സ്ഥലങ്ങളിലെ ചില ഭാഗങ്ങളിലും ലഹരി മാഫിയ തമ്പടിക്കാറുണ്ടത്രേ. ഏതാനും ദിവസം മുമ്പ് ചിറപ്പാലത്ത് നിന്ന് ലഹരിമരുന്ന് സംഘത്തിൽ കണ്ണിയായ യുവാവിനെ കഞ്ചാവിനടിമയായി എക്‌സൈസ് പിടികൂടിയിരുന്നു. കഞ്ചാവുമായി പിടിയിലാകുന്നവരെ രക്ഷിക്കാൻ ചില രാഷ്ട്രീയ പാർട്ടി നേതാക്കൾ എത്താറുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിമിനലുകളെയും ഗുണ്ടകളെയും അമർച്ച ചെയ്യാൻ പൊലീസ് പരിശോധന കർശനമാക്കിയതോടെ രഹസ്യതാവളങ്ങളിലേക്ക് മാറിയാണ് ലഹരിവ്യാപാരവും ഉപയോഗവും പൊടിപൊടിക്കുന്നത്..