bridge

തിരുവനന്തപുരം: നഗരത്തെ തീരപ്രദേശവും വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ വള്ളക്കടവ് പാലത്തിന് ഇതുവരെ ശാപമോക്ഷമായില്ല. കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലാണ് 132 വർഷം പഴക്കമുള്ള പാലം. പാലം പൊളിച്ചു കളഞ്ഞ ശേഷം പുതിയൊരു പാലം പണിയാൻ 2018ൽ തന്നെ തീരുമാനിച്ചിരുന്നു. ഇപ്പോഴുള്ള പാലത്തിന് പകരം അതേസ്ഥാനത്ത് പുതിയ പാലം നിർമ്മിക്കാനാണ് പദ്ധതി. അതുവരെ വാഹനഗതാഗതം തടസപ്പെടാതിരിക്കാൻ താൽക്കാലികമായി ഒരു പാലം നിർമ്മിക്കാനും അതിനായി 2019ൽ 79.08 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ഒന്നും നടപ്പായില്ല.

 ഭൂമിയേറ്റെടുക്കൽ എങ്ങുമെത്തിയില്ല

വള്ളക്കടവിൽ പുതിയ പാലം നിർമ്മിക്കുന്നതിന് 15 കോടിയാണ് പി.ഡബ്ല്യു.ഡി എസ്‌റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നത്. പാലത്തിനായി ഒരു ഏക്കർ ഭൂമിയാണ് വേണ്ടത്. ഭൂമി വിട്ടുകൊടുക്കാൻ സ്ഥലവാസികൾ തയ്യാറാണെങ്കിലും റവന്യൂ വകുപ്പ് ഇതുവരെ നടപടികളൊന്നും തന്നെ തുടങ്ങിയിട്ടില്ല. ഇതിനോടകം 30 ഭൂഉടമകൾ സ്ഥലം വിട്ടുനൽകാൻ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ, റവന്യൂ വകുപ്പ് അനാസ്ഥ തുടരുകയാണെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു. താൽക്കാലിക പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കൽ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് പുതിയ പാലത്തിനായി ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് വാങ്ങിയെടുത്ത മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹീം പറഞ്ഞു. സ്ഥലം ഏറ്റെടുക്കൽ കീറാമുട്ടിയായി തുടരുന്നത് കൂടാതെ പാലത്തിന്റെ പണിക്കായി കോൺട്രാക്ടറെ കിട്ടാത്തതും തിരിച്ചടിയാണ്. പാലം പണിക്കായി നേരത്തേ മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും ഒരു കമ്പനിയും പങ്കെടുത്തില്ല.

ഏറ്റവും പഴയ പാലം

സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ഏഴ് പാലങ്ങളിലൊന്നായ ഇതിന്റെ സ്റ്റീൽ ഗർഡറുകൾ തകർന്ന നിലയിലാണ്. പാലത്തിന്റെ സ്ളാബുകളും ദ്രവിച്ചു പോയി. പാലം പരിശോധിച്ച പൊതുമരാമത്ത് എൻജിനിയർ, അത് പുതുക്കി പണിയുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. ​അപകടാവസ്ഥയിലായ പാലത്തിലൂടെ ഇരുചക്ര വാഹനങ്ങൾ,​ ങാട്ടോറിക്ഷ,​ ടാക്സികൾ എന്നിവ മാത്രമെ അനുവദിക്കാവൂ എന്നും നിർദ്ദേശിച്ചിരുന്നു. പാലം നിർമ്മിക്കുമ്പോൾ ഈഞ്ചയ്ക്കൽ - വള്ളക്കടവ് - വലിയതുറ റോഡിലെ ഗതാഗതം നിയന്ത്രിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മാത്രമല്ല,​ പാലം നിർമ്മിക്കുമ്പോൾ ടി.എസ് കനാലിന് കുറുകെ ഒരു ബണ്ട് റോഡ് നിർമ്മിച്ച് ഗതാഗതം തിരിച്ചുവിടാനും ശുപാർശയുണ്ടായിരുന്നു.

ദേശീയജലപാതയിലെ ചട്ടങ്ങൾ പാലിക്കണം
ദേശീയ ജലപാതാ ചട്ടം അനുസരിച്ച് ജലനിരപ്പിൽ നിന്ന് ഏഴ് മീറ്റർ ഉയരത്തിലും ബോട്ടുകൾക്കും മറ്റും കടന്നുപോകുന്നതിന് തടസം ഉണ്ടാകാതിരിക്കാനായി 30 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കേണ്ടത്. നിലവിൽ വള്ളക്കടവ് പാലത്തിന് നാല് മീറ്റർ ഉയരവും 11 മീറ്റർ വീതിയും മാത്രമാണുള്ളത്. ബീമാപള്ളി,​ വലിയതുറ,​ വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വള്ളക്കടവ് പാലം 1887ലാണ് പണിതത്. ഇത് യാത്രക്കാർക്ക് ഏറ്റവും എളുപ്പമേറിയ വഴിയുമായിരുന്നു. നിരവധി സ്‌കൂൾ ബസുകളും ഈ പാലം വഴിയാണ് പോകുന്നത്. മാത്രമല്ല,​ ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ വെയർഹൗസിലേക്ക് വലിയ ചരക്ക് വാഹനങ്ങൾ സാധനങ്ങളുമായി എത്തുന്നതും ഈ പാലം വഴിയായിരുന്നു.

പുതുക്കൽ 'ഭയന്ന്" നാട്ടുകാർ

പാലത്തിൽ അറ്റകുറ്റപ്പണി നടത്തുന്നതിനോട് ജനങ്ങൾക്ക് താത്പര്യമില്ല. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിൽ അറ്റകുറ്റപ്പണി നടത്തിയാൽ അത് യാത്രാക്ളേശം കൂട്ടുമെന്നാണ് ജനങ്ങൾ പറയുന്നത്. മാത്രമല്ല,​ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി,​ അൽപശി ഉത്സവ ഘോഷയാത്രകൾ കടന്നുപോകുന്നതും ഈ പാലം വഴിയാണ്. പുതിയ പാലം പണിയുന്നത് വരെ പഴയ പാലത്തെ ശക്തിപ്പെടുത്തി ഉപയോഗിക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. ഇതിനായി പാലം വഴി അഞ്ച് ടണ്ണിന് മുകളിലുള്ള ചരക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കിയതോടെ അധികൃതർ പിന്മാറി.