
പല തരത്തിലുള്ള മ്യൂസിയങ്ങളുണ്ട്. എന്നാൽ ടോയ്ലെറ്റുകൾക്കു വേണ്ടി മാത്രം നിർമ്മിച്ച മ്യൂസിയത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഡൽഹിയിലാണ് ഈ മ്യൂസിയം. 1992 ൽ ബിന്ദേശ്വർ പഥക് എന്ന സാമൂഹിക പ്രവർത്തകനാണ് ഈ മ്യൂസിയം സ്ഥാപിച്ചത്. സുലഭ് സാനിറ്റേഷൻ ആൻഡ് സോഷ്യൽ റീഫോം മൂവ്‌മെന്റിന്റെ സ്ഥാപകനാണ് ബിന്ദേശ്വർ പഥക് . രാജ്യത്തെ പലഭാഗങ്ങളിലും ഉള്ള സാനിറ്റേഷൻ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഏതാണ്ട് 50 രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
മൂന്ന് വിഭാഗങ്ങളിലായാണ് ഇവിടെ പ്രദർശന വസ്തുക്കൾ ഒരുക്കിയിരിക്കുന്നത്. പുരാതന കാലഘട്ടം, മദ്ധ്യ കാലഘട്ടം, ആധുനിക കാലഘട്ടം എന്നിവയാണ് ആ മൂന്നു വിഭാഗങ്ങൾ. ബിസി 3000 ആണ്ട് മുതൽ ഇരുപതാം നൂറ്റാണ്ട് വരെയുള്ള ടോയ്ലെറ്റുകൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യകാലത്തെ മൂത്രം ശേഖരിക്കുന്ന പാത്രങ്ങൾ , റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണവും വെള്ളികൊണ്ടും ഉണ്ടാക്കിയ ടോയ്‌ലറ്റുകൾ, അലങ്കൃതമായ വിക്ടോറിയൻ ടോയ്‌ലറ്റ് സീറ്റുകൾ തുടങ്ങിയവ ഇവിടത്തെ പ്രദർശന വസ്തുക്കളാണ്.
ഈ മ്യൂസിയത്തിലെ രസകരമായ ചില കാര്യങ്ങൾ ഇവയാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലെ കമ്മോഡിന്റെ ഒരു പകർപ്പ്, കിംഗ് ലൂയി 14 കോടതിയിൽ ഇരിക്കെത്തന്നെ പോയ ടോയ്‌ലറ്റിന്റെ മോഡൽ , ബുക്ക് കെയ്സിന്റെ മോഡലിലുള്ള ടോയ്‌ലറ്റ്, പഴയകാല ടോയ്‌ലറ്റുകളെ കുറിച്ചുള്ള രസകരങ്ങളായ തമാശകളും കാർട്ടൂണുകളും റോമൻ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ടോയ്‌ലറ്റ് , ആദ്യമായി നിർമ്മിച്ച ടോയ്‌ലറ്റ് ഫ്ളഷിന്റെ വിവരങ്ങൾ , ഹാരപ്പൻ സംസ്‌കാരത്തിൽ നില നിന്നിരുന്ന ജലനിർഗമന സംവിധാനങ്ങൾ, കൂടാതെ മൂത്രം വെള്ളമാക്കി മാറ്റുന്നതിനുള്ള സാങ്കേതികവിദ്യ 19 മില്യൺ യു.എസ് ഡോളറിന് റഷ്യ നാസയ്ക്കു കൈ മാറിയതിന്റെ വിവരങ്ങൾ തുടങ്ങിയവ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്