
രസകരവും ശ്രദ്ധേയവുമായ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഷെയർചെയ്യുന്നയാളാണ് പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ ആനന്ദ് മഹീന്ദ്ര. തന്റെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം ഷെയർചെയ്‌ത ഒരു ആന ചിത്രമാണ് ഇക്കൂട്ടത്തിൽ ഏറ്റവും പുതിയത്. ഒരാനയ്ക്ക് എന്താണിത്ര പ്രത്യേകതയെന്ന് ചോദിച്ചാൽ ഇത് സാധാരണ ആനയല്ല. ഉഗ്രൻ ഷർട്ടും പാന്റും കറുത്ത ബെൽറ്റും തലപ്പാവുമിട്ട ഇത്തിരി ഫാഷൻ സെൻസുളള ആനയാണ്.
'ഇൻക്രെഡിബിൾ ഇന്ത്യ, എലി..പാന്റ്' എന്നാണ് ചിത്രത്തിന് തലവാചകം നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഏതോ തെരുവിൽ തന്റെ പാപ്പാനോടൊപ്പം നടന്നുപോകുന്ന വസ്‌ത്രം ധരിച്ച ആനയാണ് ചിത്രത്തിലുളളത്. 'പാപ്പാന് ലുങ്കിയും ആനയ്ക്ക് പാന്റും' എന്നെല്ലാം ധാരാളം ആളുകൾ ചിത്രത്തിന് കമന്റ് ചെയ്‌തിട്ടുണ്ട്. 11,000ത്തിലധികം ലൈക്കുകൾ ലഭിച്ച ചിത്രത്തിന് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.
Incredible India. Ele-Pant... pic.twitter.com/YMIQoeD97r— anand mahindra (@anandmahindra) March 3, 2021