
തിരുവനന്തപുരം:1980കളുടെ തുടക്കം. അടിയന്തരാവസ്ഥയ്ക്കു പിന്നാലെയുള്ള അറസ്റ്റിന്റെയും
ജയിൽവാസത്തിന്റെയും സഹതാപ തരംഗത്തിൽ ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിക്കസേരയിൽ. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കേരളത്തിൽ ആന്റണി പക്ഷം ഇന്ദിരയെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തിനൊപ്പം. ഐ പക്ഷത്തിന്റെ വിദ്യാർത്ഥി,യുവജന സംഘടനകളെ പുനരുജ്ജീവിപ്പിക്കാനുള്ള യജ്ഞവുമായി ലീഡർ കെ.കരുണാകരന്റെ അരുമ ശിഷ്യർ
മൂന്നു പേർ- യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി.കാർത്തികേയൻ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് രമേശ് ചെന്നിത്തല, വൈസ് പ്രസിഡന്റ് കെ.ആർ.അനിൽ കുമാർ.
തലസ്ഥാനത്ത് ആയുർവേദ കോളേജിനു സമീപത്തെ സലാം ലോഡ്ജിലെ മുറിയിൽ മൂവരുടെയും
അന്തിയുറക്കം. പകൽ ഓടിനടന്ന് സംഘടനാ പ്രവർത്തനം. ഭക്ഷണത്തിന് പലപ്പോഴും
തുണയായത് തേടിയെത്തുന്നവരും കണ്ടുമുട്ടുന്നവരുമായ സഹപ്രവർത്തകർ. കാർത്തികേയനും
രമേശും പിന്നീട് രാഷ്ട്രീയത്തിൽ ഉന്നത പടവുകൾ പലതും താണ്ടി മുന്നേറി. ഒപ്പം നിന്ന അനിൽകുമാർ പിന്നീട് അഭിഭാഷക വൃത്തിയിലേക്കു തിരിഞ്ഞെങ്കിലും,സജീവ രാഷ്ട്രീയം വിട്ടില്ല. സേവാദൾ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി,ഡി.സി.സി ജനറൽ സെക്രട്ടറി... നിലവിൽ കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം.
കോൺഗ്രസിൽ ഇത്രയേറെ പ്രവർത്തന പാരമ്പര്യമുണ്ടായിട്ടും സ്ഥാനമാനങ്ങൾ തേടി ആർക്കും പിന്നാലെ അനിൽകുമാർ പോയില്ല. അർഹമായ അംഗീകാരം പാർട്ടി അറിഞ്ഞു നൽകിയതുമില്ല. 1987 മുതൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വർക്കലയിൽ ഉൾപ്പെടെ കെ.ആർ. അനിൽകുമാർ എന്ന പേരും കാണും. അതോടെ തീർന്നു. ഒരേ ഗ്രൂപ്പും ഒരേ സമുദായവുമൊക്കെ ഒരിടത്തു തന്നെ കുത്തകപ്പാട്ടം പിടിച്ചത് പാർട്ടിയുടെ തകർച്ചയ്ക്കു കാരണമാവുകയും ചെയ്തു.
വർക്കലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന പി. ഭരതന്റെ അനന്തരവനായ അനിൽകുമാർ
അവസരങ്ങൾ തേടിയലഞ്ഞില്ല. ആരോടും പരാതിപ്പെട്ടുമില്ല. നാലു പതിറ്റാണ്ടത്തെ സംശുദ്ധ പൊതു
ജീവിതത്തിന് ഉടമ. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം. ശിവഗിരിയുമായി ബന്ധപ്പെട്ട
എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിദ്ധ്യം. പാരമ്പര്യം തിരിച്ചറിഞ്ഞ് ഇത്തവണ നിയമസഭാ സ്ഥാനാർത്ഥിത്വത്തിന് പാർട്ടി വർക്കലയിൽ തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് കെ.ആർ. അനിൽകുമാർ.