
'ഇക്കരിന്തിരി നീളേ
ഏന്തി നിൽക്കുമോ പുത്തൻ
പ്രത്യയനാളം നാളേ?'
വിഷ്ണുനാരായണൻ നമ്പൂതിരി മാഷ്... കെട്ടകാലത്ത് പ്രത്യയനാളമായി വഴികാട്ടിയ ഗുരുനാഥൻ. ജീവിതമെന്ന ആനന്ദം നല്ല വാക്കുകളിലൂടെ, സ്വന്തം ജീവിതത്തിലൂടെ കൊണ്ടാടിയ കവി, അദ്ധ്യാപകൻ! കാളിദാസന്റെ ഋതുസംഹാരം മലയാളികൾക്കായി വിവർത്തനം ചെയ്ത് പ്രകൃതിയും മനുഷ്യനും രണ്ടല്ല ഒന്നാണെന്ന സൗന്ദര്യപാഠം പകർന്നുവച്ച ധിഷണാശാലി. വൈലോപ്പിള്ളിയെക്കുറിച്ചും ജയപ്രകാശ് നാരായണനെക്കുറിച്ചും സംസാരിക്കുമ്പോൾ ഉള്ളുലഞ്ഞ് കണ്ണു നനയുന്ന പച്ച മനുഷ്യൻ!
ശ്രീവല്ലിയിൽ എത്രയോ വട്ടം ആ വാക്കുകൾ കേൾക്കാനായി പോയിരിക്കുന്നു. ബേക്കർ നിർമ്മിച്ച ആ ലളിതമായ ഭവനത്തിലേക്കുള്ള പടികൾ ഒരു ദേവാലയത്തിലേയ്ക്കെന്ന പോലെയാണ് ഞാൻ കയറിയിരുന്നത്. മുറ്റത്ത് രുദ്രാക്ഷച്ചെടി വളർന്നു വരുന്നത് കൗതുകപൂർവം കണ്ടിരുന്നു. അമ്മ എന്നു ഞാൻ വിളിക്കുന്ന മാഷിന്റെ സഹധർമ്മിണി സ്നേഹപൂർവം കൊണ്ടുത്തരുന്ന ചായയും മുറുക്കും കഴിച്ച് എത്ര സമയം സംസാരിച്ചിരുന്നാലും നേരം പോകുന്നതറിയില്ല.
ചിട്ടയായ ജീവിതചര്യയും വ്യായാമവും കൊണ്ട് അരോഗദൃഢഗാത്രനായി പ്രായത്തിന്റെ എഴുപതുകളിൽ നടന്ന മാഷ് പെട്ടെന്ന് ചില അസ്വസ്ഥതകളിലേക്ക് വീണു പോയപ്പോൾ ഏതാനും മാസങ്ങൾക്കകം എല്ലാം പൂർവസ്ഥിതിയിലാകുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല. കൊയ്തെടുത്ത അക്ഷരക്കറ്റകൾ കൊണ്ടു മലയാളത്തിന്റെ പത്തായം നിറച്ച, ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന ആ തികഞ്ഞ തേജോരൂപംകടന്നു പോയി. ഇടശ്ശേരിക്കും വെണ്ണിക്കുളം ഗോപാലക്കുറുപ്പിനുമൊക്കെ അന്ത്യയാത്രാ വചനങ്ങൾ കുറിച്ച ആ കൈകളും നിശ്ചലമായി. വേദത്തിന്റെ സാരാംശങ്ങളുൾക്കൊള്ളുന്ന വരികളാണ് ചില കവിതകളെങ്കിൽ ഒരു മടിയും കൂടാതെ നാം സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങൾ പല കവിതകളിലും ഉപയോഗിച്ചിരിക്കുന്നതും കാണാം. സാധാരണക്കാരന്റെ സാധാരണ ജീവിതവും കുട്ടികളുടെ കൗതുകങ്ങളുമൊക്കെ കവിതാ വിഷയങ്ങളായി. ശോണമിത്രനും അഹല്യയുമൊക്കെ ആ കവിതകൾക്കു
പാത്രീഭൂതരായി.
'നട്ടുച്ചയ്ക്കും വിറയ്ക്കുന്ന ഹിമഗിരി ശിഖരങ്ങളെ' ഏറെ സ്നേഹിച്ച കവിയുടെ നിരന്തര ഹിമാലയ യാത്രകളുടെ വിവരണം എത്രയോ വട്ടം കൗതുകത്തോടെ ഞാൻ കേട്ടിരുന്നു. ഹിമമുരുകി ധവളശൃംഗങ്ങൾ ഇല്ലാതാവുന്ന കാലത്തെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം പലവട്ടം പങ്കുവച്ചിരുന്നു. ജയപ്രകാശ് നാരായണനും ഭാര്യയും നയിച്ചിരുന്ന ഋഷിതുല്യ ജീവിതത്തെക്കുറിച്ച്, ഇന്ത്യയിൽ സോഷ്യലിസത്തിന്റെ വളർച്ചയേയും തളർച്ചയേയും കുറിച്ചുമൊക്കെ മാഷിന്റെ വാക്കുകളിൽ കേൾക്കുമ്പോൾ ഇന്ത്യ എന്ന വികാരം പൂർണമായി ഉൾക്കൊണ്ട മാനവികതയുടെ പ്രകാശം നിറഞ്ഞ ഒരു ചരിത്ര കുതുകിയെക്കൂടി കാണാൻ കഴിഞ്ഞിരുന്നു. എന്റെ ഒരു കവിതാ സമാഹാരത്തിന്റെ പ്രകാശനം നിർവഹിച്ചതും മറ്റൊരു കവിതാസമാഹാരം നോക്കി അവതാരിക എഴുതിയതും എനിക്കു മറക്കാനാവാത്ത അനുഭവങ്ങളാണ്. പല കവിതകളെക്കുറിച്ചും അദ്ദേഹം ദീർഘമായി സംസാരിക്കും, ചില 'തെറ്റുകൾ' ചൂണ്ടിക്കാട്ടും. അങ്ങനെ അദ്ദേഹം കോളേജിൽ എന്നെ പഠിപ്പിക്കാതെ എന്റെ മാഷായി.
'നിനക്കങ്ങനെയേ ആവാൻ കഴിയൂ' എന്നു പറഞ്ഞ് എന്റെ സ്വത്വത്തെ അംഗീകരിച്ച് പിൻതാങ്ങിയത് മറക്കാനാവാത്ത മറ്റൊരനുഭവം.
'വൈഷ്ണവം'എന്ന സമ്പൂർണ കൃതികളുടെ സമാഹാരമുൾപ്പെടെ അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും കൈയ്യൊപ്പിട്ട് സമ്മാനിച്ചിട്ടുള്ളതും മറക്കാവതല്ല. കവിതകൾ കൂടാതെ മറ്റു സാഹിത്യ മേഖലകളിലും ധൈര്യപൂർവം കൈവയ്ക്കണമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചത് എന്റെ മറ്റൊരു സൗഭാഗ്യം.
ടാഗോർ, നോവലുകളുൾപ്പെടെ എല്ലാ മേഖലകളിലും കൈവച്ച ഉദാഹരണം ചൂണ്ടിക്കാട്ടി. കഥയോ കവിതയോ നോവലോ യാത്രാവിവരണമോ ഒക്കെ എഴുതാൻ തോന്നിയാൽ ധൈര്യപൂർവം എഴുതുക തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞത് വലിയ പ്രചോദനമായി.
കവികൾ ദീർഘദർശികളാണെന്നു പറയുന്നത് എത്ര അർത്ഥവത്താണ്. 2005 നവംബറിൽ വിഷ്ണുമാഷ് എഴുതിയ 'ഭാഗീരഥീ പൊറുക്കേണമേ' എന്ന ലേഖനത്തിൽ തെഹ്രി അണക്കെട്ട് നിർമ്മാണം എത്ര വികലമായ മനുഷ്യ പ്രയത്നമാണെന്ന് പറയുന്നു. തന്റെ യാത്രയിലൊന്നിൽ രാപാർക്കാൻ തന്റെ മുളംകുടിലിൽ ഇടം നൽകിയ പഹാഡിയെക്കുറിച്ച്, അദ്ദേഹത്തിന്റെ നാടൻപാട്ടുകളെക്കുറിച്ച് ഓർക്കുന്നു.
'ചക്ക മുറിച്ചുവച്ച പോലെ മാനം മുട്ടുന്ന കൊടുമുടികളെ ഗംഗയുടെ കൈവഴികൾ ഇടിച്ചിറക്കി വെട്ടിനിരത്തിയിരിക്കുന്നത് പലേടത്തും ഭയത്തോടെ മാത്രം നോക്കാം. പിതൃ പിതാമഹന്മാരുടെ ചിതാഭസ്മം കലർന്ന ഗംഗാതടത്തിൽ
കമിഴ്ന്നു വീണ് ഞാൻ മാപ്പിരക്കുന്നു.
'ജഗജ്ജനനി! ജടാ ശങ്കരി! അരുതേ,
ഈ പിഴച്ച മക്കളുടെ തലമുറയിൽ
നിന്റെ ശാപം വീഴ്ത്തരുതേ!'
എവിടെ ചാലു കീറിയാലും അവിടൊക്കെ ജട നീട്ടുന്ന ഗംഗയെ വലിയോരണക്കെട്ടു നിർമ്മിച്ച് തടഞ്ഞു നിറുത്തേണ്ടതിന്റെ ആവശ്യകത തെല്ലുമില്ലെന്ന് അദ്ദേഹം അസന്നിഗ്ദ്ധമായി പറയുന്നു. അതിൽ നിന്ന് ഉണ്ടായേക്കാവുന്ന വിപത്തിനെ കുറിച്ചും ഹിമാലയയാത്ര തന്നെ പൊടിപടലങ്ങളും വെട്ടിമുറിച്ചുണ്ടായ ഗർത്തങ്ങളും നിമിത്തം അതിദുർഘടമായ അനുഭവമായി മാറിയതിനെക്കുറിച്ചും സംഭവിച്ചേക്കാവുന്ന വിപത്തിനെക്കുറിച്ചും വളരെ വ്യക്തമായ സൂചനകളാണ് അദ്ദേഹം ലേഖനത്തിൽ നൽകുന്നത്. ആശങ്കപ്പെട്ടത് സംഭവിച്ചു കഴിഞ്ഞു. ആ വാക്കുകൾ ഈ വൈകിയ വേളയിലെങ്കിലും വെളിച്ചമാകട്ടെ!