
തിരുവനന്തപുരം: കൊവിഡിന്റെ വ്യാപനം അതിരൂക്ഷമായിരുന്ന കേരളത്തിൽ രോഗത്തിന്റെ തീവ്രത കുറയുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളിലെ ശരാശരി ഇതുവരെയുള്ള താഴ്ന്ന നിലയിലെത്തി. ഓണത്തിനു ശേഷമുള്ള രണ്ടാഴ്ചയായിരുന്നു കൊവിഡിന്റെ ഏറ്റവും വലിയ ഉയർച്ച രേഖപ്പെടുത്തിയത്. ഈയാഴ്ച പ്രതിദിന കൊവിഡ് കേസുകളുടെ ശരാശരി 3496 ആണ്. മാത്രമല്ല, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടി.പി.ആർ) 5% താഴെ എത്തുകയും ചെയ്തു. ടി.പി.ആർ അഞ്ച് ശതമാനം ആയി നിലനിറുത്താനായാൽ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങളിൽ പറയുന്നത്.
കഴിഞ്ഞ വർഷം സെപ്തംബർ ആഗസ്റ്റിൽ 1.10 ലക്ഷം പേരാണ് കൊവിഡ് ബാധിതരായത്. അന്നുമുതൽ തുടർന്നുള്ള അഞ്ച് മാസം കൊണ്ട് സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയും 10.59 ലക്ഷത്തിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ വർഷം സെപ്തംബറിൽ ഏഴ് ദിവസത്തെ ടി.പി.ആറിന്റെ ശരാശരി 8.9 ശതമാനം ആയിരുന്നെങ്കിൽ ഇപ്പോൾ ഇത് 5.3 ശതമാനം ആണെന്നത് അനുകൂലമായ ഘടകമാണ്.
സുരക്ഷിത സ്ഥിതി ആയിട്ടില്ല
അതേസമയം, ടി.പി.ആർ കുറഞ്ഞെങ്കിലും കൊവിഡ് പ്രതിരോധത്തിൽ കേരളം ഇപ്പോഴും സുരക്ഷിത നിലയിൽ എത്തിയിട്ടില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. കൊവിഡിന്റെ പ്രതിദിന വളർച്ചാനിരക്ക് 0.33 ശതമാനം ആയെങ്കിലും ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. 0.14 ശതമാനമാണ് ദേശീയ ശരാശരി. പ്രതിദിന കേസുകളുടെ എണ്ണത്തിൽ മഹാരാഷ്ട്രയാണ് ഒന്നാമത്. അവിടെ ശരാശരി പ്രതിദിന കേസുകൾ 0.37 ശതമാനം ആണ്.
ഇതേസമയം, കേരളം ഇപ്പോഴും ആന്റിജൻ പരിശോധന തന്നെയാണ് കൂടുതലായി നടത്തുന്നത്. ആകെ നടക്കുന്ന പരിശോധനകളിൽ 65 ശതമാനവും ആന്റിജൻ ടെസ്റ്റുകളാണ്. ഒരു ലക്ഷം ടെസ്റ്റുകൾ നടത്തുമ്പോൾ അതിൽ 75 ശതമാനം ആർ.ടി.പി.സി.ആർ ആയിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥിതി ഇതിലും മെച്ചപ്പെട്ടേനെയെന്ന് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.