
ലക്‌നൗ: ആറ് ദിവസങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നിന്ന് കാണാതായ പന്ത്രണ്ടുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ ഒരു വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 25നാണ് പെൺകുട്ടിയെ കാണാതായത്. പ്രതിയാണെന്ന് സംശയിക്കുന്ന 22കാരനെ ഹിമാചൽപ്രദേശിലെ ഷിംലയിൽ നിന്ന് ബുധനാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.
മൃതദേഹം കണ്ടെത്തിയ വീട്ടിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള വയലിൽ കുടുംബാംഗങ്ങൾക്കൊപ്പം പണിയെടുക്കുന്നതിനിടെ വെള്ളം കുടിക്കാനായി പോയതായിരുന്നു പെൺകുട്ടി.
കാണാത്തതിനെ തുടർന്ന് സഹോദരിമാർ കുട്ടിയെ വിളിച്ചു നോക്കിയെങ്കിലും വീട്ടിലേക്ക് പോയിരിക്കാമെന്ന ധാരണയിൽ അവർ വയലിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ ശേഷമാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞത്.
കുട്ടിയെ അവസാനം കണ്ട പ്രദേശത്തെത്തി വൈകിട്ട് തെരച്ചിൽ നടത്തിയെങ്കിലും മദ്യപിച്ച് ബോധമില്ലാത്ത ഒരാളെ മാത്രമാണ് കാണാൻ കഴിഞ്ഞത്. രണ്ട് ദിവസം കൂടി കുട്ടിക്കായി തിരച്ചിൽ തുടർന്ന ശേഷം ഫെബ്രുവരി 28 നാണ് പൊലീസിൽ പരാതി നൽകിയതെന്ന് ബുലന്ദ്ഷഹർ പൊലീസ് മേധാവി സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
പൊലീസ് സഹായത്തോടെ ഗ്രാമീണർ കുട്ടിക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് ആളൊഴിഞ്ഞ വീട്ടിൽ അടുത്തിടെ കുഴിയെടുത്തതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഈ കുഴിയിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.
വീടിന്റെ ഉടമസ്ഥനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മകനെ ഷിംലയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ തൊഴിലാളിയായ ഇയാൾ സംഭവദിവസം വീട്ടിലുണ്ടായിരുന്നെങ്കിലും സംഭവശേഷം ഒളിവിലായിരുന്നു. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സാഹചര്യത്തെളിവുകളിൽ നിന്ന് വ്യക്തമാണെന്നും പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായിരിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ലെന്നും ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ പറഞ്ഞു.