india-england-cricket

ഇന്ത്യ-ഇംഗ്ളണ്ട് അവസാന ടെസ്റ്റ് ഇന്ന് അഹമ്മദാബാദിലെ മാെട്ടേറയിൽ തുടങ്ങുന്നു

സമനില നേടിയാലും ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താം

മൊട്ടേറ : ഇംഗ്ളണ്ടിനെതിരായ പരമ്പരയിലെ ഫൈനൽ ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മനസിൽ മറ്റൊരു ഫൈനലാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ. നാലു മത്സര പരമ്പരയിലെ അവസാന ടെസ്റ്റിൽ തോൽക്കാതിരുന്നാൽ മാത്രം മതി ഇന്ത്യയ്ക്ക് ജൂണിൽ ന്യൂസിലാൻഡിനെതിരായ ഫൈനലിൽ കളിക്കാൻ. ഇതേ വേദിയിൽ നടന്ന കഴിഞ്ഞ ടെസ്റ്റിൽ രണ്ട് ദിവസംകൊണ്ട് ഇംഗ്ളണ്ടിനെ രണ്ട് ഇന്നിംഗ്സുകളിലും ചുരുട്ടിക്കൂട്ടി വൻ വിജയം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ വലിയ വിജയം നേടിയെങ്കിലും തുടർന്ന് രണ്ട് മത്സരങ്ങളിലും തോറ്റുപോയതിന്റെ ക്ഷീണം തീർത്ത് വിജയം നേടി സ്വന്തം നാട്ടിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുക എന്നതുതന്നെയാണ് ഇംഗ്ളണ്ടിന്റെയും പരമമായ ലക്ഷ്യം.

മൊട്ടേറയിലെ ആദ്യ ടെസ്റ്റിന് ഉപയോഗിച്ച പിച്ച് ഉയർത്തിയ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാൽ രണ്ടാം ടെസ്റ്റിൽ ഉപയോഗിക്കാനിരിക്കുന്ന പിച്ചിന്റെ സ്വഭാവത്തിലും വലിയ മാറ്റം ഉണ്ടാകാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ.അതുകൊണ്ടുതന്നെ സ്പിന്നർമാരുടെ അപ്രമാദിത്വം ഒരിക്കൽക്കൂടി പ്രതീക്ഷിക്കാം. എന്നാൽ കഴിഞ്ഞ മത്സരം ഡേ ആൻഡ് നൈറ്റായി പിങ്ക് പന്ത് ഉപയോഗിച്ചാണ് നടത്തിയത് എന്നതിനാൽ ബൗളർമാർക്ക് ലഭിച്ച ആനുകൂല്യം ചുവപ്പ് പന്ത് ഉപയോഗിച്ച് കളിക്കുമ്പോൾ ലഭിക്കണമെന്നില്ല.

അരങ്ങേറ്റ പരമ്പരയിൽ അത്ഭുത പ്രകടനം കാഴ്ചവയ്ക്കുന്ന അക്ഷർ പട്ടേലും പരിചയസമ്പത്തിന്റെ നിറകുടമായ രവിചന്ദ്രൻ അശ്വിനുമൊപ്പം യുവ ആൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെയും ഈ ടെസ്റ്റിലും ഇന്ത്യ അണിനിരത്തിയേക്കും. അക്ഷറും അശ്വിനും ചേർന്ന് 18 വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ നാലേനാലു പന്ത് മാത്രമാണ് സുന്ദറിന് എറിയേണ്ടിവന്നത്. ഒരു വിക്കറ്റ് നേടുകയും ചെയ്തു. കഴിഞ്ഞ കളിയിൽ ഒരേയൊരു സ്പിന്നറെ മാത്രം പരീക്ഷിച്ച ഇംഗ്ളണ്ട് ഇക്കുറി രണ്ട് സ്പിന്നർമാരെ കളിപ്പിക്കാൻ സാദ്ധ്യതകൂടുതലുമാണ്. ജാക്ക് ലീച്ചിനൊപ്പം ഡോം ബെസ് തിരിച്ചെത്തിയേക്കും.

സ്പിൻ ബൗളിംഗിനെതിരെ ഇന്ത്യൻ ബാറ്റ്സ്മാന്മാരും അത്ര മികച്ച പ്രകടനമല്ല ചെപ്പോക്കിലും മൊട്ടേറയിലും കാഴ്ചവച്ചത്. രോഹിത് ശർമ്മയുടെ ഒറ്റപ്പെട്ട മികവാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇത് മനസിലാക്കി കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ സ്പിൻ ബൗളിംഗിനെ നേരിട്ട് പരിശീലിക്കാനാണ് വിരാടും രോഹിതും അജിങ്ക്യ രഹാനെയുമടക്കമുള്ള ഇന്ത്യൻ മുൻനിര ബാറ്റ്സ്മാന്മാർ ശ്രമിച്ചത്. അക്ഷർ പട്ടേലും അശ്വിനുമാണ് ഇരുവർക്കും പന്തുകൾ എറിഞ്ഞുകൊടുക്കാൻ എത്തിയത്. നായകൻ ജോ റൂട്ട് ആദ്യ ടെസ്റ്റിന് ശേഷം ഫോമിലേക്ക് എത്താത്തതാണ് ഇംഗ്ളണ്ടിനെ അലട്ടുന്നത്.

ടി വി ലൈവ് : രാവിലെ 9.30 മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്