gorbachev

മോസ്​കോ: സോവിയറ്റ് യൂണിയന്റെ പതനത്തിൽ മുഖ്യ പങ്ക് വഹിച്ച മിഖായേൽ ഗോർബച്ചേവിന് 90 വയസ്. സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്നു അദ്ദേഹം. മാർച്ച് രണ്ടിനായിരുന്നു ജന്മദിനം. കൊവിഡ് മൂലം സൂമിലൂടെയാണ് അദ്ദേഹത്തിന്റെ പിറന്നാൾ അനുയായികൾ ആഘോഷിച്ചത്. സൂമിൽ അനുയായികളുമായും സുഹൃത്തുക്കളുമായും ഗോർബച്ചേവ്​ സംവദിച്ചു.അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, റഷ്യൻ പ്രസിഡന്റ് വ്ലാഡ്​മിർ പുടിൻ, ജർമൻ ചാൻസ​ലർ ആഞ്ചല മെർക്കൽ എന്നിങ്ങനെ നിരവധി ലോകനേതാക്കൾ ഗോർബച്ചേവിന് പിറന്നാൾ ആശംസകൾ നേർന്നു.

 ഗോർബച്ചേവിന്റെ പരിഷ്കാരങ്ങൾ

ആയുധ നിയന്ത്രണവും ജനാധിപത്യ പരിഷ്കാരങ്ങളും നടപ്പിലാക്കിയ ഗോർ‌ബച്ചേവ് ശീതയുദ്ധം അവസാനിപ്പിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നു. അദ്ദേഹം ഭരണാധികാരിയിരിക്കെ, 1991ലാണ് സോവിയറ്റ് യൂണിയൻ പല സ്വതന്ത്ര രാജ്യങ്ങളായി മാറുന്നത്. അദ്ദേഹം നടപ്പാക്കിയ ഗ്ലാസ്​നോസ്​ത്​,​ പെരിസ്​ട്രോയ്​ക എന്നീ പരിഷ്​കാരങ്ങൾ കമ്യൂണിസ്റ്റ് രാജ്യമായിരുന്ന സോവിയറ്റ് യൂണിയനെ പുരോഗമന വാദത്തിലേക്ക് നയിച്ചു. സോവിയറ്റ് യൂണിയന്റെ രാഷ്​ട്രീയ സംവിധാനം അദ്ദേഹം പാടെ മാറ്റിയെഴുതി. സമ്പദ്​വ്യവസ്​ഥയുടെ വികേന്ദ്രീകരണവും നടപ്പാക്കി. എന്നാൽ, ഈ പരിഷ്കാരങ്ങളെല്ലാം സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായി. എന്നാൽ, കിഴക്കൻ യൂറോപിൽ സോവിയറ്റ്​ യൂണിയന്റെ സർവാധിപത്യം അവസാനിപ്പിച്ചതിനും സമാനമായ മറ്റു നീക്കങ്ങൾക്കും 1990ൽ അദ്ദേഹത്തിന് സമാധാന നൊബേൽ ലഭിച്ചു. 1971ലാണ്​ ​സോവിയറ്റ്​ കമ്യൂണിസ്റ്റ്​ പാർട്ടി കേന്ദ്ര സമിതിയിൽ ആദ്യമായി അദ്ദേഹം അംഗമാകുന്നത്​. 1979ൽ പോളിറ്റ്​ ബ്യൂറോയിലെത്തി. 1985ൽ പ്രസിഡന്റായി സ്ഥാനമേറ്റു.