
തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.
നോട്ടുനിരോധന കാലത്ത് പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഹാജരാകാൻ നോട്ടീസ് അയച്ചത്. പാർട്ടിപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. നേരത്തെ ഈ കേസില്‍ ഇ.ഡിയ്ക്കും വിജിലന്‍സിനും അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.
അതേസമയം വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഗുരുതരമായ രോഗമെന്ന് കോടതിയിൽ പറഞ്ഞ ഇബ്രാഹിംകുഞ്ഞിനെ പൊതുപരിപാടികളിൽ പ്രസംഗിക്കുന്നത് കണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തു എന്നും സർക്കാർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ വീണ്ടും മൽസരിക്കാൻ ആരോഗ്യവാനാണെന്ന പ്രസ്താവന ഇബ്രാഹിംകുഞ്ഞ് നടത്തിയിരുന്നതായും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.