nasa

വാഷിംഗ്ടൺ: നാസയുടെ വിജയരഹസ്യം കപ്പലണ്ടിയോ?. പെഴ്സീവിയറൻസ് രണ്ടാഴ്ച മുൻപ് ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ വിജയകരമായി ഇറങ്ങിയതിനു പിന്നാലെ എൻജിനീയർമാർ കപ്പലണ്ടിപ്പൊതിയുമായി ഗ്രൂപ്പ് ഫോട്ടോയുമെടുത്തതോടെ നാസയുടെ കപ്പലണ്ടി പ്രേമം വാർത്തയായിരിക്കുകയാണ്. പണ്ട് മുതൽ, നാസാ ജീവനക്കാരുടെ പ്രിയപ്പെട്ട ഭക്ഷ്യവസ്തുവാണ് കപ്പലണ്ടി.

1964ലെ റേഞ്ചർ 7 ദൗത്യം മുതലാണ് നാസയും കപ്പലണ്ടിയും കൂട്ടാകുന്നത്. നേരത്തേ 6 റേഞ്ചർ ദൗത്യങ്ങളും പരാജയമായിരുന്നതിനാൽ നാസയുടെ സതേൺ കാലിഫോർണിയയിലെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ ഏഴാം ദൗത്യത്തിനു എൻജിനിയർമാർ നെഞ്ചിടിപ്പോടെയാണ് എത്തിയത്. അപ്പോഴാണ് മിഷൻ ട്രജക്ടറി എൻജിനീയർ ഡിക് വാലസിന് ഒരു ബുദ്ധിയുദിച്ചത്.

ദൗത്യം വിജയിക്കണമെങ്കിൽ എൻജിനിയർമാരുടെ ടെൻഷൻ കുറയ്ക്കണം. അതിനോ? എന്തെങ്കിലും കൊറിക്കാൻ കൊടുക്കണം. അങ്ങനെയാണ് കപ്പലണ്ടിയുടെ കടന്നു വരവ്.

എൻജിനീയർമാർക്കു കൊറിക്കാൻ കപ്പലണ്ടി നൽകാതിരുന്ന ദൗത്യങ്ങളെല്ലാം പരാജയപ്പെടുകയോ വൈകുകയോ ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. 40 ദിവസത്തോളം വൈകിയ ഒരു ദൗത്യം ഒടുവിൽ യാഥാർത്ഥ്യമായത് എൻജിനിയർമാർക്കു കപ്പലണ്ടി കൊടുത്ത ശേഷമാണത്രേ. ബഹിരാകാശദൗത്യം വിജയിക്കണമെങ്കിൽ കപ്പലണ്ടി കൊറിക്കണമെന്ന വിശ്വാസം ഇതോടെ നാസയിൽ ശക്തമായി. ദൗത്യത്തിന് മുൻപ്, എൻജിനിയർമാർ‌ ആദ്യം അന്വേഷിക്കുന്നതും കപ്പലണ്ടിയുണ്ടോ എന്നാണെന്നാണ് ജനസംസാരം.