heeraben-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയെ ബി.ബി.സി റേഡിയോയിലെ തത്സമയ ഷോയിൽ അധിക്ഷേപിച്ച് ശ്രോതാവ്. ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന്റെ ‘ബിഗ് ഡിബേറ്റ്’ റേഡിയോ ഷോയിലേക്ക് വിളിച്ച ശ്രോതാവാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ അധിക്ഷേപ വാക്കുകൾ ചൊരിഞ്ഞത്. സംഭവം വിവാദമായതിനു പിന്നാലെ ഈ പരിപാടിയുടെ എപ്പിസോഡ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

യു.കെയിലെ സിഖുകാർക്കും ഇന്ത്യക്കാർക്കുമെതിരായ വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുളള ചർച്ച, മോദി സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെപ്പറ്റിയുളള ച‌ർച്ചയിലേക്ക് ​ഗതിമാറി. ഇതിനിടെ ഷോയിലേക്ക് വിളിച്ചവരിൽ ഒരാൾ പ്രധാനമന്ത്രി മോദിയുടെ അമ്മ ഹീരബെൻ മോദിക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ച് സംസാരിക്കുകയായിരുന്നു.

@BritIndianVoice @HCI_London

Did anyone hear the whole show ? pic.twitter.com/W1R1J8lndC

— Sunny Johal (@DatchetTrainMan) March 1, 2021

കാർഷിക പ്രതിഷേധങ്ങളുടെ ഭാഗമായി ബ്രിട്ടൻ ഉൾപ്പടെയുള്ള സ്ഥലങ്ങളിലും പ്രതിഷേധ പരിപാടികൾ നടന്നിരുന്നു. അതിനിടെയാണ് യു.കെയിലെ റേഡിയോ പരിപാടിയിൽ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ച സംഭവം ഉണ്ടായിരിക്കുന്നത്.സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിനെ എതിർക്കാത്തതിനും അത് സംപ്രേഷണം ചെയ്യാൻ അനുവദിച്ചതിനും നിരവധി പേർ റേഡിയോ ഷോ അവതാരകനെയും ബി.ബി.സി റേഡിയോയ്ക്കെതിരെയും വിർമശനവുമായി രംഗത്തെത്തി.

അതേസമയം കാ‌‌ർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ യു.പി എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ മൂന്ന് മാസത്തോളമായി ഡൽഹി അതിർത്തിയിൽ തമ്പടിച്ച് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞയാഴ്ച ‘റെയിൽ രോക്കോ’ പ്രതിഷേധത്തിന്റെ ഭാഗമായി പഞ്ചാബിലെ ഡൽഹി - ലുധിയാന - അമൃത്സർ റെയിൽവേ റൂട്ടിലെ പല സ്ഥലങ്ങളിലും പ്രതിഷേധക്കാർ ട്രാക്കുകളിൽ ഇരുന്നു സമരം ചെയ്തിരുന്നു. ഇതേത്തുടർന്ന് റെയിൽവേ പൊലീസുകാരെയും സംസ്ഥാന പോലീസ് സേനയെയും വിന്യസിച്ച് സർക്കാർ സംസ്ഥാനത്ത് സുരക്ഷ കർശനമാക്കിയിരുന്നു.