ronaldo

ടൂറിൻ: ഇറ്റാലിയൻ സെരി എ ഫുട്ബാൾ ലീഗിൽ യുവന്റസ് തകർപ്പന്‍ വിജയം നേടിയപ്പോൾ യൂറോപ്യൻ ഗോളടി റെക്കാഡുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സ്‌പെസിയയെ എതിരില്ലാത്ത മൂന്നുഗോളുകൾക്കാണ് യുവന്റസ് കീഴടക്കിയത്.

യുവന്റസിനായി ക്രിസ്റ്റ്യാനോയെക്കൂടാതെ അൽവാരോ മൊറാട്ട, ഫെഡെറിക്കോ ചിയേസ എന്നിവരുംസ്‌കോർ ചെയ്തു. ഈ വിജയത്തോടെ യുവന്റസ് കിരീടപ്രതീക്ഷ നിലനിർത്തി. കഴിഞ്ഞ ഒൻപത് സീസണുകളിലും യുവന്റസ് തന്നെയാണ് സെരി എ കിരീടം ചൂടിയത്.

രണ്ടാം പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. 62-ാം മിനിട്ടിൽ മൊറാട്ടയിലൂടെ യുവന്റസ് ആദ്യ ഗോൾ നേടി. ഫെഡെറിക്കോയുടെ പാസിൽ നിന്നാണ് ഗോൾപിറന്നത്. 71-ാം മിനിട്ടിൽ ചിയേസ ലീഡ് ഉയർത്തി. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് റൊണാൾഡോ മൂന്നാം ഗോൾ നേടിയത. താരം ഈ സീസണിൽ നേടുന്ന 20-ാം ഗോളാണിത്. .

തുടർച്ചയായി 12 സീസണുകളിൽ വിവിധ ടീമുകൾക്കായി 20 ലീഗ് ഗോളുകൾ നേടുന്ന താരം എന്ന റെക്കാഡാണ് റൊണാൾഡോ സ്വന്തമാക്കിയത്. ഈ വിജയത്തോടെ യുവന്റസ് 24 മത്സരങ്ങളിൽ നിന്നും 49 പോയിന്റുകളുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്തുള്ള എ.സി മിലാന് 52 പോയിന്റാണുള്ളത്. 56 പോയിന്റുകളുമായി ഇന്റർ മിലാനാണ് ഒന്നാമത്.