
കൽപ്പറ്റ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൻമാരുടെ രാജിവക്കലും മറ്റു പാർട്ടികളിലേക്ക് ചേക്കേറലും നിർബാധം തുടരുകയാണ്. വയനാട്ടിൽ കോൺഗ്രസിൽ നിന്നും മുതിർന്ന നേതാവ് രാജിവെച്ച് സി.പി.എമ്മിൽ ചേക്കേറി. കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥനാണ് രാജിവച്ചത്. അതേസമയം വിശ്വനാഥനെ സി.പി.എമ്മിലെടുത്തതിൽ പ്രതിഷേധിച്ച് പുതുപ്പളളി ഏരിയ കമ്മിറ്റിയംഗം ഇ.എ. ശങ്കരൻ രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. സി.പി.എമ്മിന്റെ ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനാണ് ഇദ്ദേഹം.
ബത്തേരി സീറ്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെതുടർന്നാണ് വിശ്വനാഥൻ രാജിവെച്ചത്. പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തിയുണ്ട്. നേതൃത്വം യാതൊരു ചർച്ചയും നടത്താതെ അവഹേളിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. പാർട്ടിയിൽ നിന്നും അവഗണനകൾ ഉണ്ടായതിനാലാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്നും വിശ്വനാഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
2011ൽ ബത്തേരിയിൽ ഇടത് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റ ശങ്കരൻ ഇത്തവണയും മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സി.പി.എമ്മിൽ നിന്നും രാജിവെച്ചിരിക്കുന്നത്. സി.പി.എമ്മിലെ മുഴുവൻ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരൻ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എൽ.ഡി.എഫ് സർക്കാർ കൈക്കൊണ്ടതെന്നും ആദിവാസികളായ കൂടുതൽ പേർ കോൺഗ്രസിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബത്തേരിയിൽ വിശ്വനാഥൻ എൽ.ഡി.എഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് സൂചന. അതേസമയം നിയമസഭാ തിരെഞ്ഞെടുപ്പിൽ ബത്തേരിയിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥിയാക്കുമെന്ന് ശങ്കരന് ഉറപ്പ് ലഭിച്ചതായാണ് അഭ്യൂഹം.