
കാസർകോട് : പുറം കടലിൽ അയക്കൂറ പിടിക്കാൻ പോയ ഫൈബർ ബോട്ട് തകർന്നു കടലിൽ കുടുങ്ങിയ .അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം പുതിയ തുറയിലെ യേശുദാസിന്റെ മകൻ ഡായിറാസ് (35), സേവ്യറിന്റെ മകൻ ശ്യാം സേവ്യർ (18)റെജിന്റെ മകൻ ജോമി റെജിൻ (21) പൊഴിയൂരിലെ കുമാർ (43), ഈസ്റ്റർ ഭായി എന്ന അപ്പുക്കുട്ടൻ (58) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്
കാസർകോട് കീഴൂർ കടപ്പുറത്ത് നിന്നും 12 നോട്ടിക്കൽ മൈൽ അകലെ പുറങ്കടലിൽ ഇന്നലെ രാത്രി ഏഴ് മണിക്കാണ് അപകടം .ചെറുവത്തൂർ മടക്കരയിൽ നിന്നും മീൻ പിടിക്കാൻ കടലിൽ പോയ തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരുടെ 'മറിയം' ബോട്ട് തിരമാലയിൽപ്പെട്ട് രണ്ടായി മുറിയുകയായിരുന്നു. തകർന്ന ബോട്ടിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ ഫിഷറീസ് അധികൃതരെ ഫോണിൽ വിവരമറിയിച്ചതോടെയാണ് ബോട്ട് തകർന്ന വിവരം ലഭിച്ചത്. ഉടൻ തന്നെ തൈക്കടപ്പുറത്ത് നിന്നും ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള രക്ഷാ ബോട്ട് പുറംകടലിലേക്ക് പുറപ്പെട്ടു. 9.30 മണിയോടെ ഇവർ സ്ഥലത്തെത്തി. ബേക്കൽ തീരദേശ പൊലീസിന്റെ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്ന സംഘവും മേൽപ്പറമ്പ് പൊലീസും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. . ബോട്ടിന്റെ മുൻഭാഗമാണ് തകർന്നത്. പിളർന്ന ഭാഗങ്ങളിൽ പിടിച്ചു മൂന്ന് മണിക്കൂറോളം തൂങ്ങി നിൽക്കുകയായിരുന്നു മത്സ്യതൊഴിലാളികൾ.