modi-hoardings

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പരസ്യബോർഡുകൾ പെട്രോൾ പമ്പുകളിൽ നിന്നും നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ അടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികളുടെ പരസ്യബോർഡുകൾ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 72 മണിക്കൂറിനുള്ളിൽ (മൂന്ന് ദിവസം) നീക്കം ചെയ്യണമെന്നാണ് ബുധനാഴ്ച നിർദേശം നൽകിയിരിക്കുന്നത്.

പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യബോർഡുകൾ നീക്കംചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് വാക്സിനേഷൻ പ്രചരണത്തിലും പെട്രോൾ പമ്പുകളിലും മോദിയുടെ ചിത്രമുൾപ്പെടുന്ന പരസ്യബോർഡുകൾ വ്യാപകമായതിനെതിരെ പരാതിയുമായി തൃണമൂൽ കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കൊവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രങ്ങളുൾപ്പെടെയുള്ള പോസ്റ്ററുകൾ നീക്കം ചെയ്യാനും കമ്മീഷൻ ഉത്തരവിട്ടിരുന്നു.