
കൊച്ചി: കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ വിക്രംജിത്ത് ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിക്രംജിത്തിന് ഇഡി കഴിഞ്ഞദിവസം നോട്ടീസ് നൽകിയിരുന്നു. ഹാജാരാകാൻ അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെടും.
അതേസമയം വിക്രംജിത്തിനെ മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് കിഫ്ബി ഇഡിയ്ക്ക് മറുപടി നൽകും. തിരഞ്ഞെടുപ്പ് കമ്മീഷന് മുഖ്യമന്ത്രി പിണറായി വിജയൻ പരാതി നൽകിയത് ചൂണ്ടിക്കാണിച്ചാകും മറുപടി.നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും, നീക്കത്തിൽ നിന്ന് പിന്മാറണമെന്നും കിഫ്ബി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെടും.
വിദേശ നാണയ പരിപാലന ചട്ടം ലംഘിച്ചെന്ന ആരോപണത്തിൽ കിഫ്‌ബിക്കെതിരെ കേസെടുത്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കിഫ്‌ബി സി.ഇ.ഒ, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ, ആക്‌സിസ് ബാങ്ക് ഹോൾസെയിൽ മേധാവി എന്നിവർക്കാണ് കഴിഞ്ഞ ദിവസം നോട്ടീസയച്ചത്. ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറോട് ഇന്ന് കൊച്ചിയിലെ കിഫ്‌ബി ഓഫീസിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.