dhanya-balan-

തൃശൂർ: തൃശൂരിലെ പ്രമുഖ ഇൻഷ്വറൻസ് കമ്പനിയുടെ ഏജന്റായ മദ്ധ്യവയസ്‌കന്റെ നഗ്നചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പതിനേഴര ലക്ഷം രൂപയും അഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും തട്ടിയ യുവതി അറസ്റ്റിൽ. ഇരിങ്ങാലക്കുട സ്വദേശിനിയും ഉത്തർപ്രദേശിലെ നോയിഡയിൽ സ്ഥിരതാമസക്കാരിയുമായ ധന്യ ബാലനാണ് (33) സിറ്റി പൊലീസിന്റെ പിടിയിലായത്.

മദ്ധ്യവയസ്‌കനെ തൃശൂർ കളക്ടറേറ്റിൽ ട്രെയിനി കളക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരിചയപ്പെട്ട് വൻതുകയുടെ ഇൻഷ്വറൻസ് എടുക്കാമെന്ന് പറഞ്ഞ് ഹോട്ടൽ മുറികളിലേക്കും ഫ്ളാറ്റുകളിലേക്കും വിളിച്ചുവരുത്തി മൊബൈൽ ഫോണിൽ അയാളുടെ നഗ്നചിത്രങ്ങൾ പകർത്തുകയായിരുന്നു. നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു. ഡൽഹി കേഡറിലുള്ള കളക്ടർ ട്രെയിനി ആണെന്നും പരിശീലനത്തിനായി നാട്ടിലേക്ക് വന്നതാണെന്നും ഡൽഹിയിൽ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ഇൻഷ്വറൻസ് ഏജന്റുമായി പരിചയപ്പെടുന്നത്.

ചിലരോട് ഇൻകം ടാക്സ് ഓഫീസറാണെന്നും നോയിഡയിലുളള താമസസ്ഥലത്ത് ഡിഫൻസിലെ ഓഫീസർ ആണെന്നുമാണ് പറയാറുള്ളതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, ജോലിയില്ലെന്നും ഓപൺ യൂണിവേഴ്സിറ്റിയിൽ എം.ബി.എ പാസായിട്ടുണ്ടെന്നും ഇവർ പൊലീസിന് മൊഴി നൽകി. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം ഉള്ളതിനാൽ നല്ല രീതിയിൽ സംസാരിക്കാനും ആളുകളെ പറഞ്ഞു വിശ്വസിപ്പിക്കാനുമുള്ള വാക്ചാതുരിയുമുണ്ട്.

ശരിയായ മേൽവിലാസവും ജോലിയും വ്യക്തിപരമായ വിവരങ്ങളും ആർക്കും പങ്കു വയ്ക്കാതിരുന്ന ഇവർ ഡൽഹിയിൽ താമസിക്കുന്നുവെന്ന് മാത്രമാണ് അറിയാമായിരുന്നത്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഡൽഹിയിലേക്ക് തിരിച്ച അന്വേഷണ സംഘത്തിന് തുടക്കത്തിൽ ഇവരെ കണ്ടെത്താനായില്ല. പിന്നീട്, ഡൽഹിയിലെ ചില മലയാളികളുടെ സഹായത്താൽ കണ്ടെത്തുകയായിരുന്നു.

നോയിഡയിൽ ലക്ഷങ്ങൾ വിലവരുന്ന സ്വന്തം ഫ്ളാറ്റിൽ നിന്നാണ് പിടികൂടിയത്. പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തെ കുറിച്ചും, സ്വർണ്ണാഭരണങ്ങളെ കുറിച്ചും വിവരങ്ങൾ ശേഖരിക്കാൻ വീണ്ടും ചോദ്യം ചെയ്യും. യുവതിയെ കോടതി റിമാൻഡ് ചെയ്തു. തട്ടിപ്പിനിരയായ ഇൻഷ്വറൻസ് കമ്പനി ഏജന്റ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. വെസ്റ്റ് പൊലീസായിരുന്നു തുടക്കത്തിൽ അന്വേഷിച്ചത്. പിന്നീട് ജില്ല ക്രൈംബ്രാഞ്ച് എ.സി.പി പി.ശശികുമാർ ഏറ്റെടുത്ത്, സിറ്റി ഷാഡോ പൊലീസ് പിടികൂടുകയായിരുന്നു. കമ്മിഷണർ ആർ. ആദിത്യയുടെ നിർദ്ദേശ പ്രകാരം എ.സി.പി. പി. ശശികുമാർ, ഷാഡോ പൊലീസിലെ എസ്.ഐ. എൻ.ജി സുവ്രതകുമാർ, എ.എസ്.ഐ ജയകുമാർ, സീനിയർ സി.പി.ഒ ടി.വി ജീവൻ, സി.പി.ഒ എം.എസ് ലിഗേഷ്, വനിത സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രതിഭ, പ്രിയ എന്നിവർ ഉൾപ്പെടുന്ന അന്വേഷണസംഘമാണ് യുവതിയെ അറസ്റ്റ് ചെയ്തത്.