
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് ഇ ശ്രീധരൻ. കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്നും എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാക്കും പ്രവർത്തനം നടത്തുകയെന്നും ശ്രീധരൻ വ്യക്തമാക്കി.
വീടുകൾ കയറിയുളള പ്രചാരണമായിരിക്കില്ല പകരം ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സന്ദേശങ്ങളുമായാകും ജനങ്ങളെ സമീപിക്കുക. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്‌ച തുടങ്ങിയ പാലാരിവട്ടം പാലത്തിലെ ഭാരപരിശോധന ഇന്നലെ രാത്രിയോടെ പൂർത്തിയായിരുന്നു. ഇതേതുടർന്ന് പാലം പരിശോധിക്കാനെത്തിയതായിരുന്നു ഇ ശ്രീധരൻ. ഡി എം ആർ സി യൂണിഫോം ധരിക്കുന്ന അവസാനദിനമാണിതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പണി പൂർത്തിയായ പാലാരിവട്ടം പാലം നാളെയോ മറ്റന്നാളോ റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോർപ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങൾക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സർക്കാരാണെന്നും ഇ ശ്രീധരൻ പറഞ്ഞു.
പാലം പണി വളരെ പെട്ടെന്ന് പൂർത്തിയാക്കാനായതിൽ വളരെ സന്തോഷമുണ്ട്. ഡി എം ആർ സി പുനർനിർമ്മാണ കരാർ ഏറ്റെടുത്തപ്പോൾ ഒമ്പത് മാസത്തിനുളളിൽ പണി പൂർത്തീകരിക്കാമെന്നാണ് സർക്കാരിന് വാക്കു കൊടുത്തിരുന്നത്. എന്നാൽ ഊരാളുങ്കലിന് പണിയുടെ കോൺട്രാക്‌റ്റ് നൽകിയത് എട്ടുമാസത്തിനുളളിൽ പണി പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ്. അഞ്ചുമാസം കൊണ്ട് അവർ പണി പൂർത്തിയാക്കിയെന്ന പറഞ്ഞ അദ്ദേഹം പണി ഇത്രവേഗം പൂർത്തിയാക്കിയതിന് ഊരാളുങ്കൽ സൊസൈറ്റിക്ക് നന്ദി അറിയിച്ചു.
നാട്ടുകാർക്ക് ഈ പാലം എത്രയും വേഗം പണി പൂർത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഒറ്റ ഉദേശം മൂലമാണ് ഡി എം ആർ സി പാലം പുനർനിർമ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുളള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരൻ പറഞ്ഞു. നാട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും മികച്ച സഹകരണം ഉണ്ടായി. അതും വളരെ പെട്ടെന്ന് പാലം പണി പൂർത്തീകരിക്കാൻ സഹായമായി എന്നും ശ്രീധരൻ പറഞ്ഞു.