k-surendran-

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ പ്രതീക്ഷയോടെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് ബി ജെ പി. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ നിയമസഭയിൽ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യമായിരുന്നു പാർട്ടിക്കുണ്ടായിരുന്നത്. ഈ ലക്ഷ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമം സ്വന്തമാക്കിയതിലൂടെ ബി ജെ പി പൂർത്തീകരിച്ചിരുന്നു. ഇപ്പോൾ ഭരണം പിടിക്കാനാവും എന്ന ആത്മവിശ്വാസമാണ് ബി ജെ പി ദേശീയ നേതാക്കളടക്കം പങ്കുവയ്ക്കുന്നത്. കർമ്മമണ്ഡലത്തിൽ ഒരിയ്ക്കലും കറപുരളാത്ത ഇ ശ്രീധരനടക്കമുള്ള വ്യക്തികൾ അടുത്തിടെ പാർട്ടിയിൽ ഭാഗമായതും ബി ജെ പിക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.

പ്രമുഖ നേതാക്കളുടെ സീറ്റുകൾ ഇതിനകം തന്നെ നിശ്ചയിച്ചു കഴിഞ്ഞുവെങ്കിലും സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുമോ, മത്സരിച്ചാൽ എവിടെ എന്നതിനൊന്നും ഇപ്പോഴും വ്യക്തമായ ഉത്തരം ലഭ്യമായിട്ടില്ല. സുരേന്ദ്രനായി ബി ജെ പി കരുതിയിരിക്കുന്നത് തലസ്ഥാനത്ത് ബി ജെ പിക്ക് ഏറെ ജയപ്രതീക്ഷയുള്ള കഴക്കൂട്ടം മണ്ഡലമാണെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ ബി.ജെ.പി കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ആദ്യം പുറത്തുവന്നിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിയെന്ന തിളക്കമാർന്ന പരിവേഷമുള്ള മുരളീധരൻ നിയമസഭ തിരഞ്ഞെടുപ്പിൽ നിൽക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് മത്സരിച്ച മുരളീധരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇക്കുറി ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കിയാൽ മണ്ഡലം കൂടെപോരുമെന്ന വിശ്വാസമാണ് ബി ജെ പി നേതാക്കൾ പങ്കുവയ്ക്കുന്നത്. മുരളീധരൻ സ്ഥാനാർത്ഥിയായില്ലെങ്കിൽ തീർച്ചയായും അദ്ദേഹത്തിന്റെ വിശ്വസ്തനായ സുരേന്ദ്രനെ ഇറക്കിയാവും ബി ജെ പി അങ്കത്തിന് തയ്യാറെടുക്കുക.


അഞ്ച് വർഷം കൊണ്ട് നാലിരട്ടി വോട്ട് വർദ്ധന

2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 10070 വോട്ടുകൾ നേടിയ ബി.ജെ.പി 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 41829 ആയി കുത്തനെ ഉയർത്തി. അന്ന് സംസ്ഥാനത്ത് ബി.ജെ.പി ഒന്നാമതെത്തിയ നാലു നിയമസഭാ മണ്ഡലങ്ങളിലൊന്ന് കഴക്കൂട്ടമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 42732 വോട്ട് നേടി. എന്നാൽ നവംബറിൽ നടന്ന തദ്ദേശതിരഞ്ഞെടുപ്പിൽ ഈ നേട്ടം അവർക്ക് ആവർത്തിക്കാനായില്ല. തിരുവനന്തപുരം കോർപ്പറേഷനിലെ 18 വാർഡുകളുൾപ്പെടുന്നതാണ് കഴക്കൂട്ടം മണ്ഡലം. ഇതിൽ 11ഉം ഇടതുമുന്നണി നേടി. ബി.ജെ.പിക്ക് നാലും യു.ഡി.എഫിന് രണ്ടും കിട്ടി.


2016ലെ ഏറ്റുമുട്ടൽ

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വി. മുരളീധരനും കടകംപള്ളി സുരേന്ദ്രനും കോൺഗ്രസിന്റെ എം.എ. വാഹിദുമാണ് ഏറ്റുമുട്ടിയത്. അന്ന് അവർക്ക് മന്ത്രിപരിവേഷങ്ങളില്ലായിരുന്നു. 7347വോട്ടുകൾക്കാണ് കടകംപളളി സുരേന്ദ്രൻ വിജയിച്ചത്. വി. മുരളീധരൻ രണ്ടാം സ്ഥാനത്തെത്തി. കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
എ.കെ. ആന്റണിയെയും എം.വി. രാഘവനെയും തലേക്കുന്നിൽ ബഷീറിനെയും എം.എം. ഹസനെയും പോലുള്ള യു.ഡി.എഫിലെ അതികായർ മത്സരിച്ച് വിജയിച്ച കഴക്കൂട്ടത്തിപ്പോൾ അവർക്ക് പഴയ പ്രൗഢി കഴിഞ്ഞ നിയമസഭാ, ലോക് സഭാതിരഞ്ഞെടുപ്പിൽ പുറത്തെടുക്കാനായില്ല. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ഇടതുമുന്നണിയുടെ മേൽകൈയാണ് പ്രകടമായത്. മണ്ഡലത്തിൽ അടുത്തിടെ ബി.ജെ.പിക്കുണ്ടായ മുന്നേറ്റമാണ് രാഷ്ട്രീയ സാഹചര്യം മാറ്റിയത്.
വോട്ട് നില
കടകംപള്ളി സുരേന്ദ്രൻ( എൽ.ഡി.എഫ്) 50079

വി.മുരളീധരൻ(ബി.ജെ.പി) 42732

എം.എ.വാഹിദ് ( യു.ഡി.എഫ്.) 38602

കഴക്കൂട്ടത്തിന് മെട്രോ സംസ്‌കാരം

അതിവേഗം വളരുന്ന നഗരപ്രദേശമാണ് കഴക്കൂട്ടം. ടെക്‌നോപാർക്കും നിരവധി പൊതുമേഖലാസ്വകാര്യസ്ഥാപനങ്ങളും അതിനോട് ചേർന്നുള്ള ഐ.ടി അനുബന്ധസ്ഥാപനങ്ങളും ജീവനക്കാരുമെല്ലാം ചേർന്ന് ഒരു മെട്രോ സംസ്‌കാരമുണ്ട്. വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരു ഉപനഗരത്തിന്റെ സ്വഭാവവമുണ്ട്. അന്യനാടുകളിൽ നിന്നെത്തി ടെക്‌നോപാർക്കിലും മറ്റും ജോലിചെയ്യുന്ന നിരവധി പേർ ഇപ്പോൾ കഴക്കൂട്ടം മണ്ഡലത്തിലെ വോട്ടർമാരാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി പ്രവചനാതീതമാണിവിടുത്തെ സ്ഥിതി.


ഇക്കുറി കഴക്കൂട്ടത്തെ കാത്തിരിക്കുന്നത് വി.ഐ.പി പോരാട്ടമാണെന്ന് ഉറപ്പായി കഴിഞ്ഞിരിക്കയാണ്. ഇടതുമുന്നണിയിൽ നിന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് സ്ഥാനാർത്ഥിയെന്ന് ഉറപ്പായി. ബി.ജെ.പി കേന്ദ്രമന്ത്രി വി. മുരളീധരനെയാണ് പരിഗണിക്കുന്നത്. അദ്ദേഹം വന്നില്ലെങ്കിൽ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനായിരിക്കും. രണ്ടായാലും മണ്ഡലത്തിന് വി.ഐ.പി മുഖച്ഛായ തന്നെ. ഇനി യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയാരാണെന്നേ അറിയാനുള്ളു. ഡോ. എസ്.എസ്. ലാൽ, മുൻ എം.എൽ.എ എം.എ. വാഹിദ്, എം.എ. ലത്തീഫ് തുടങ്ങിയ പേരുകളാണ് കേൾക്കുന്നത്.