k-surendran

ആലപ്പുഴ: കിഫ്ബി അഴിമതിയിൽ കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നീക്കം അന്വേഷണത്തെ സർക്കാർ ഭയപ്പെടുന്നുവെന്നതിന്റെ തെളിവാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മടിയിൽ കനമില്ലാത്ത പിണറായി എന്തിനാണ് കേന്ദ്ര ഏജൻസികളെ ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി നിയമ വാഴ്‌ച അട്ടിമറിക്കുകയാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല. അന്വേഷണ ഏജൻസികളെ വിളിച്ചു വരുത്തിയത് മുഖ്യമന്ത്രി തന്നെയാണ്. ആദ്യം പറഞ്ഞ ന്യായങ്ങളിൽ നിന്ന് മുഖ്യമന്ത്രി മാറുകയാണ്. ജനങ്ങളെ ഈട് വച്ച് അധിക പലിശയ്‌ക്ക് വായ്‌പയെടുക്കുന്ന തട്ടിപ്പ് വിദ്യയാണ് മസാല ബോണ്ട്. കിഫ്‌ബിയിൽ എന്താണ് നടന്നതെന്ന് ജനം അറിയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ജനങ്ങളെ കബളിപ്പിക്കുന്ന ഐസക്കിന്റെ പ്രചാരവേല അവസാനിപ്പിക്കണം. വികസനത്തിന്റെ കാര്യത്തിൽ ഐസക്ക് പറയുന്നതെല്ലാം പാഴ്‌വാക്കുകൾ മാത്രമാണ്. പാക്കേജുകൾ പ്രഖ്യാപിക്കുകയല്ലാതെ പണമൊന്നും അനുവദിക്കുന്നില്ല. കേരളത്തിലെ കർഷകർ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ഡൽഹിയിൽ ട്രാക്‌ടർ ഓടിക്കുകയാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

ശോഭാ സുരേന്ദ്രനെ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര നേതൃത്വമാണ് അതിൽ തീരുമാനമെടുത്തത് എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഇ ശ്രീധരൻ ഊരാളുങ്കൽ സൊസൈറ്റിയെ അഭിനന്ദിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹത്തിന് ഊരാളുങ്കലിന്റെ അഴിമതിയെപ്പറ്റി അറിയില്ലായിരിക്കും എന്നായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചത്.