
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി നിൽക്കെ വിഴിഞ്ഞത്തിന്റെ ഇരട്ടി ശേഷിയുള്ള തുറമുഖം തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിർമ്മിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതിന്റെ ആദ്യ ഘട്ടമായി താത്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. തൂത്തുക്കുടി വി ഒ സി പോർട്ട് ട്രസ്റ്റാണ് താത്പര്യപത്രം പുറത്തിറക്കിയത്. 6.5 ദശലക്ഷം കണ്ടെയ്നർ ടി ഇ യു ശേഷിയുള്ള രാജ്യത്തെ വലിയ തുറമുഖങ്ങളിലൊന്നാവും നിർമ്മാണം പൂർത്തിയാവുമ്പോൾ ഈ തുറമുഖം.
കന്യാകുമാരിയിൽനിന്നു നാലു കിലോമീറ്ററോളം മാറി കോവളത്തിനും കീഴെമണക്കുടിക്കും ഇടയിൽ രണ്ടു കിലോമീറ്റർ ദൂരത്താണ് പദ്ധതിക്കു വേണ്ടിയുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നേരത്തെ തമിഴ്നാട്ടിലെ കുളച്ചലിൽ തുറമുഖം നിർമ്മിക്കുവാനുള്ള പദ്ധതി ഇട്ടിരുന്നുവെങ്കിലും മത്സ്യതൊഴിലാളികളടക്കമുള്ള പ്രാദേശികവാസികളുടെ ശക്തമായ സമ്മർദ്ദത്തെ തുടർന്ന് പദ്ധതി നടപ്പിലാക്കാനായില്ല. ഇതാണ് ഇപ്പോൾ കന്യാകുമാരിയിലേക്ക് മാറ്റുന്നത്. ഇവിടെ ജനവാസമേഖലയല്ലാത്ത പ്രദേശമായതിനാൽ എതിർപ്പുകൾ ഉയരാൻ സാദ്ധ്യത കുറവാണ്. അതിനാൽ വളരെ വേഗം തുറമുഖ പദ്ധതി യാഥാർത്ഥ്യമായേക്കും. മൂന്നുഘട്ടമായി നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടം അഞ്ചുവർഷത്തിനകം പ്രവർത്തനസജ്ജമാവും.
വിഴിഞ്ഞത്തിന് ഭീഷണി
നിരവധി കാരണങ്ങളാൽ തുറമുഖ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ് വിഴിഞ്ഞത്ത്. തുറമുഖ നിർമ്മാണ കമ്പനിയും ഭരണകൂടവും തമ്മിൽ നിരവധി വിഷയങ്ങളിൽ സ്വരച്ചേർച്ചയില്ലാത്തതും നിർമ്മാണത്തിന്റെ വേഗത കുറയ്ക്കുന്നുണ്ട്. നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പുമായി തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിൽ സർക്കാർ കൊമ്പുകോർക്കുകയും ചെയ്തിരുന്നു. വിഴിഞ്ഞം തുറമുഖവുമായി കേവലം എൺപത് കിലോമീറ്റർ അകലം മാത്രമാണ് പുതുതായി വരുന്ന തുറമുഖത്തിനുള്ളത്. ബി ജെ പി നേതാവും കന്യാകുമാരി എം പിയായിരുന്ന കേന്ദ്ര തുറമുഖ വകുപ്പ് സഹമന്ത്രി പൊൻ രാധാകൃഷ്ണന്റെ സ്വപ്നപദ്ധതിയായിരുന്നു കന്യാകുമാരി ജില്ലയിൽ ഒരു തുറമുഖം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 4000 പേർക്ക് നേരിട്ടും 10,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് കരുതുന്നു. കന്യാകുമാരി -വാരാണസി ആറുവരിപ്പാതയിൽനിന്നും കേവലം മൂന്നര കിലോമീറ്റർ ദൂരമാണ് പദ്ധതി പ്രദേശത്തേയ്ക്കുള്ളതെന്നതും നേട്ടമായി കരുതുന്നു.