
ശബരിമല: ക്രിക്കറ്റ് കളിക്കുന്നത് നമ്മളിൽ പലർക്കും ഒരു വികാരമാണ്. ക്രിക്കറ്റ് കൂട്ടായ്‌മകൾക്ക് ഗ്രാമമെന്നോ നഗരമെന്നോ വ്യത്യാസമില്ല. അതുപോലെതന്നെ പ്രായത്തിനോ പദവിക്കോ വ്യത്യാസമില്ലെന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽപ്രചരിച്ചിരുന്നു. ശബരിമല മേൽശാന്തി തൃശൂർ കൊടുങ്ങല്ലൂർ പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ വി.കെ.ജയരാജ്, മാളികപ്പുറം മേൽശാന്തി അങ്കമാലി വേങ്ങൂർ മൈലക്കൊട്ടത്ത് മനയിൽ എം. എൻ. രെജികുമാർ ജനാർദനൻ നമ്പൂതിരി എന്നിവരുടെ ക്രിക്കറ്റ് കളിയായിരുന്നു അത്.
പൂജയുടെ ഇടവേളയിലാണ് പുറപ്പെടാശാന്തിമാർ ബാറ്റും ബോളും കൈയിലെടുത്തത്. വി.കെ.ജയരാജ് വിഡിയോയെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ''പൂജയുടെ ഇടവേളയിൽ യോഗയും സംസ്‌കൃതപഠനവുമാണ് പതിവ്. പിന്നെ നടപ്പന്തലിൽ ദിവസവും നടക്കുമായിരുന്നു. രണ്ടാഴ്ച മുൻപ് അവിടെ പുലിയിറങ്ങി. പിന്നെ അവിടെയുള്ള നടപ്പ് വേണ്ടെന്നുവച്ചു. മാളികപ്പുറം മേൽശാന്തിയുടെ മഠത്തിലാണ് വൈകിട്ടത്തെ ഒത്തുചേരൽ. അവിടെ താരതമ്യേന നല്ല സൗകര്യമുണ്ട്. സംസ്‌കൃതപഠനം അവിടെയാണ്. മഠത്തിന്റെ മുറ്റത്ത് ബാഡ്മിന്റൻ കളിയാണ് പതിവ്. കൗതുകത്തിന് ഒരു ദിവസം ക്രിക്കറ്റും കളിച്ചു. അത് അവിടെ നിന്നവർ മൊബൈലിൽ പകർത്തി. സ്വാമിമാരുടെ ഗ്രൂപ്പിലാണ് ആദ്യം വന്നത്. കൊവിഡ് കാല വിനോദമായി കണ്ടാൽ മതി'.