k-m-shaji

കണ്ണൂർ: ഭീഷണി പ്രസംഗവുമായി വീണ്ടും മുസ്ലീം ലീഗ് എം എൽ എ കെ എം ഷാജി രംഗത്ത്. തനിക്കെതിരെ പ്രവർത്തിച്ചവർക്ക് എട്ടിന്റെ പണി നൽകുമെന്ന ഭീഷണിയുമായാണ് ഷാജി രംഗത്തെത്തിയിരിക്കുന്നത്. യു ഡി എഫ് അധികാരത്തിലെത്തിയാൽ ഉദ്യോഗസ്ഥരടക്കമുളളവരെ വെറുതെ വിടില്ലെന്നാണ് ഷാജിയുടെ പ്രസംഗം.

കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കെ എം ഷാജിയുടെ വിവാദ പ്രസംഗം. പാർട്ടിക്കുളളിൽ നിന്ന് തനിക്കെതിരെ പ്രവർത്തിച്ചവരുണ്ട്. അതൊന്നും മറക്കില്ല, അവർക്കെല്ലാം എട്ടിന്റെ പണി നൽകുമെന്നും ഷാജി ഭീഷണി മുഴക്കി. എം എൽ എ സ്ഥാനത്ത് നിന്ന് അയോഗ്യത കൽപ്പിക്കാൻ കാരണമായ സംഭവത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു ഭീഷണി.

'എനിക്കെതിരെ പ്രവർത്തിച്ചത് ഏതു കൊമ്പത്തവനായാലും വാങ്ങിയ അച്ചാരത്തിന്റെ കണക്ക് പുറത്തുകൊണ്ടുവരും. ഇത്‌ ഭീഷണിയായോ വെല്ലുവിളിയായോ എങ്ങനെ കരുതിയാലും ഒന്നുമില്ല. അങ്ങനെ മറന്നുപോകാൻ ഞാൻ പ്രവാചകനൊന്നുമല്ല. അങ്ങനെ വിട്ടുകളയും എന്നുകരുതേണ്ട. യു ഡി എഫ്‌ അധികാരത്തിൽ വന്നാൽ എല്ലാത്തിനും തിരിച്ചുകിട്ടും.' എന്നും പറയുന്ന ഷാജിയുടെ പ്രസംഗം ഇതിനകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.