highcourt

കൊച്ചി: പത്ത് വർഷം പൂർത്തിയാക്കിയ സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള‌ള സർക്കാർ‌ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി. പി.എസ്.സി റാങ്ക്‌ഹോൾഡേഴ്‌സ് ഉൾപ്പടെ ആറോളം ഹർജിയികൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവിട്ടത്. ഇതുവരെ പൂർത്തിയാകാത്ത നിയമനങ്ങളിൽ ഉത്തരവ് ബാധകമാകും.

വിവിധ സ്ഥാപനങ്ങളിൽ പത്ത് വർഷം പൂർത്തിയാക്കിയ താൽക്കാലിക ജീവനക്കാരെ സർക്കാർ സ്ഥിരപ്പെടുത്തിയിരുന്നു, ഇതിനെതിരെയാണ് പി.എസ്.സി റാങ്ക് ജേതാക്കൾ കോടതിയെ സമീപിച്ചത്. 12ന് കോടതി ഈ ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും അതുവരെ പുതിയ നിയമനം പാടില്ലെന്നുമാണ് കേസ് പരിഗണിച്ച ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്.

താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന ഉത്തരവുകൾ ചൂണ്ടിക്കാട്ടി റാങ്ക് ജേതാക്കൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകനായ ജോർജ് പൂന്തോട്ടം ഹാജരായി. വിവിധ സർക്കാർ സ്ഥാപനങ്ങളായ കെൽട്രോൺ, കില, സി-ഡി‌റ്റ്, സാക്ഷരത മിഷൻ, യുവജനക്ഷേമ കമ്മീഷൻ, എൽബിഎസ്, വനിതാ കമ്മിഷൻ, സ്‌കോൾ ഇന്ത്യ, ഈ‌റ്റ തൊഴിലാളി ക്ഷേമ ബോർഡ്, ഫോറസ്‌റ്റ് ഇൻഡസ്‌ട്രിസ് ട്രാവൻകൂർ ലിമി‌റ്റഡ്, ബ്യൂറോ ഓഫ് ഇൻഡസ്‌ട്രിയൽ പ്രമോഷൻ എന്നിവിടങ്ങളിലാണ് താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയത്.