
ഐവി ശശിയ‌്ക്ക് മുമ്പ് ദേവാസുരം സംവിധാനം ചെയ്യേണ്ടി ഇരുന്നത് താൻ ആയിരുന്നുവെന്ന് സംവിധായകൻ ഹരിദാസ്. മംഗലശ്ശേരി നീലകണ്‌ഠനായി തിരക്കഥാകൃത്ത് രഞ്ജിത്തും താനും ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ കഥ കേൾക്കാൻ മമ്മൂക്ക തയ്യാറായില്ലെന്നും പിന്നീട് മുരളിയിലേക്ക് ആലോചന പോയെങ്കിലും അതും നടന്നില്ലെന്ന് ഹരിദാസ് പറയുന്നു.
പിന്നീട് നടൻ അഗസ്‌റ്റിനാണ് മോഹൻലാലിനെ നായകനാക്കി ഐവി ശശി ദേവാസുരം സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചത്. ഗംഭീരമായി അദ്ദേഹം അത് ചെയ‌്തുവെങ്കിലും, ഒരു സീൻ മാത്രം താൻ വിചാരിച്ചതുപോലെയല്ല സിനിമയിൽ വന്നതെന്ന് ഹരിദാസ് വെളിപ്പെടുത്തി.
'എന്റെ ആലോചനയിൽ ഒടുവിൽ ഉണ്ണികൃഷ‌്‌ണൻ വീട്ടിലേക്ക് കയറിവരുന്നതായി ഉണ്ടായിരുന്നില്ല. അയാൾ പുറത്താണുള്ളത്. പക്ഷേ അയാൾ വരുമ്പോൾ വീട്ടുകാർക്ക് അറിയാം ഇന്നയാളാണെന്ന്. എന്റെ നാട്ടിൽ അങ്ങനൊരാൾ ഉണ്ടായിരുന്നു. ശബ്ദത്തിലൂടെ മാത്രമായിരുന്നു മോഹൻലാലും ഒടുവിലും തമ്മിലുള്ള കോംമ്പിനേഷൻ ഫിക്‌സ് ചെയ‌്തിരുന്നത്. ഞാനും രഞ്ജിത്തും ഇത് ഡിസ്‌കസ് ചെയ‌്തിരുന്നു. എന്നാൽ, ശശിയേട്ടൻ വന്നപ്പോൾ അത് അദ്ദേഹത്തിന്റെ രീതിയിൽ ആയി. വളരെ മനോഹരമായി തന്നെ അദ്ദേഹം അത് എടുത്തിട്ടുമുണ്ട്. രഞ്ജിത്തിന്റെ എക്കാലത്തെയും മികച്ച സ്ക്രിപ്‌ടായിരുന്നു ദേവാസുരം. ആദ്യഘട്ട ചർച്ചയിൽ മോഹൻലാലിന്റെ പേര് ഞാൻ സൂചിപ്പിച്ചെങ്കിലും അത് ശരിയാകില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. എന്താണ് അതിന് കാരണമെന്ന് എനിക്കറിയില്ല. പിന്നീട് ലാൽ മംഗലശ്ശേരി നീലകണ്ഠനായി.' -ഹരിദാസിന്റെ വാക്കുകൾ.