kochuveli

തിരുവനന്തപുരം: റെയിൽവേ വികസനത്തിന്റെ ഭാഗമായി തലസ്ഥാനം കാലങ്ങളായി ആവശ്യപ്പെട്ടു വരുന്ന

കൊച്ചുവേളി ടെർമിനലിന്റെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആരംഭമാകുന്നു. കൊച്ചുവേളിയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള മൂന്നാംഘട്ട വികസനം നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. 39 കോടിയുടെ വികസനമാണ് ഇവിടെ നടപ്പാക്കുന്നത്. 2022 മാർച്ചിൽ പദ്ധതി പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ഫണ്ടുകളുടെ അപര്യാപ്തതയെ തുടർന്ന് പല ഘട്ടങ്ങളിലായാകും പദ്ധതി നടപ്പാക്കുക. കൊച്ചുവേളി വികസനത്തിന്റെ മൂന്നാംഘട്ടത്തിന്റെ ആദ്യ ഘട്ടത്തിൽ രണ്ടാം പ്ലാറ്റ്‌ഫോമുകളും ഒരു സ്റ്റേബ്ളിംഗ് ലൈനുകളുമാണ് നിർമ്മിക്കുക. ഇതിനായി ആറ് കോടി രൂപയാണ് ചെലവിടുക. നിർമ്മാണത്തിനുള്ള ടെൻഡർ റെയിൽവേ വിളിച്ചിട്ടുണ്ട്. ഉടൻ തന്നെ സിവിൽ ജോലികൾ റെയിൽവേ ആരംഭിക്കും. 2021 മാർച്ചോടെ ഇത് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

സിവിൽ ജോലികൾ കൂടാതെ പ്ളാറ്റ്ഫോമുകളുടെ വൈദ്യുതീകരണം, മെക്കാനിക്കൽ ജോലികൾ, സിഗ്നൽ, വാർത്താവിനിമയ സംവിധാനങ്ങളുടെ ആധുനികവത്കരണം എന്നിവയും നടക്കും. പദ്ധതികളുടെ അപ്ഗ്രഡേഷന്റെ ഭാഗമായി ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. സിഗ്നലുകളും പോയിന്റുകളും നിയന്ത്രിക്കാൻ കഴിയുന്ന സോഫ്‌റ്റ്‌വെയർ സംവിധാനമാണ് ഇലക്ട്രോണിക് ഇന്റർലോക്കിംഗ്. അതീവ സുരക്ഷയും കുറഞ്ഞ അറ്റകുറ്റപ്പണിയുമാണ് ഇതിന്റെ സവിശേഷത. ഇതാദ്യമായാണ് കൊച്ചുവേളി മേഖലയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. രണ്ട് പ്ളാറ്റ്ഫോം കൂടി വരുന്നതോടെ കൊച്ചുവേളിയിലെ പ്ളാറ്റ്ഫോമുകളുടെ എണ്ണം ആറായി ഉയരും.

നിലവിൽ രണ്ട് പ്ളാറ്റ്ഫോമുകളിലൂടെ മാത്രമാണ് ട്രെയിൻ ഗതാഗതമുള്ളത്. മൂന്ന് ലൈനുകൾ അടിയന്തര അറ്റകുറ്റപ്പണികൾക്കായി മാറ്റിയിട്ടിരിക്കുകയാണ്. ഇത് കൂടാതെ മൂന്ന് സ്റ്റേബ്ളിംഗ് യാർഡുകളുമുണ്ട്. രണ്ട് പ്ളാറ്റ്ഫോമുകൾക്ക് ലൈനുകൾ ഒന്നും തന്നെയില്ല. മറ്റുള്ള രണ്ട് ലൈനുകൾക്ക് ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള സിഗ്നൽ സംവിധാനങ്ങളുമില്ല. നവീകരണം പൂർത്തിയാകുന്നതോടെ പുതിയ മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾ ഇവിടേക്ക് എത്തും.

നിലവിൽ ആഴ്ചയിൽ 63 ദീർഘദൂര ട്രെയിനുകൾ കൈകാര്യം ചെയ്യാനുള്ള ശേഷി ടെർമിനലിന് ഉണ്ടെങ്കിലും 15 എണ്ണം മാത്രമാണ് റെയിൽവേ കൈകാര്യം ചെയ്യുന്നത്. നഗരത്തിലേക്ക് എത്താനുള്ള പ്രയാസവും ഇവിടെ നിന്ന് യാത്രക്കാർ ട്രെയിനുകളിൽ കയറാത്തതുമാണ് കൊച്ചുവേളിയ്ക്ക് തടസ്സമായി നിൽക്കുന്നത്.


നേമത്തെ നവീകരണം പൂർത്തിയായാൽ വടക്കോട്ട് പോകുന്ന ട്രെയിനുകൾ നേമത്ത് നിന്നും തെക്കോട്ട് പോകുന്ന ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും ഓപ്പറേറ്റ് ചെയ്യാനാണ് റെയിൽവേ ആലോചിക്കുന്നത്. ഇത് കൂടാതെ തെങ്കാശിയിൽ നിന്ന് പുനലൂർ വഴി കൊല്ലത്ത് എത്തുന്ന ട്രെയിനുകളും കൊച്ചുവേളിയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യാനാണ് റെയിൽവേയുടെ ആലോചന.

 116 കോടി

നേമം ടെർമിനലിന് 116 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. നേമം വരെ ഏറ്റെടുക്കേണ്ടത് 14.86 ഹെക്ടർ ഭൂമിയാണ്. നേമം ടെർമിനലിന് മാത്രം 5.28 ഹെക്ടർ വേണം. തമ്പാനൂർ സെൻട്രൽ സ്റ്റേഷൻ മുതൽ നേമം വരെ പാത ഇരട്ടിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കാനുള്ള തുടർനടപടികളും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല. ടെർമിനൽ പദ്ധതിക്ക് 2008ലാണ് അനുമതി ലഭിച്ചത്. അഞ്ചു പ്ലാറ്റ്‌ഫോം മാത്രമുള്ള തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആലോചിച്ചത്. എന്നാൽ, കഴിഞ്ഞ ബഡ്‌ജറ്റിൽ 50 ലക്ഷം രൂപ മാത്രമാണ് നേമത്തിന് ലഭിച്ചത്.