
മഹിഷ്മതിയും ബാഹുബലിയെയും അറിയാത്തവർ കുറവാണ്. എന്നാൽ, ബാഹുബലി കുന്നിനെ കുറിച്ച് അധികമാർക്കും കേട്ടുകേൾവിയുണ്ടാകാനിടയില്ല. ഒറ്റനോട്ടത്തിൽ കാണുമ്പോൾ മഹിഷ്മതി സാമ്രാജ്യത്തിലെ കുന്നുപോലെയാണ് ബാഹുബലി ഹിൽസ്. തടാകങ്ങളുടെയും ആഡംബര കൊട്ടാരങ്ങളുടെയും ആഘോഷങ്ങളുടെയും നാടായ ഉദയ്പൂരിൽ തന്നെയാണ് ഈ പ്രകൃതി വിസ്മയവും തലയുയർത്തി നിൽക്കുന്നത്.
ഉദയ്‌പൂരിലെ ബാഡി തടാകത്തിനും അരാകുവാലി കുന്നുകൾക്കും അഭിമുഖമായി നിൽക്കുന്ന ബാഹുബലി പാറക്കൂട്ടം നഗരത്തിൽ നിന്ന് കുറച്ചകലെയാണ്. സഞ്ചാരികളുടെ യാത്രാ ലിസ്റ്റിൽ ഇടം നേടിയിരിക്കുന്ന ബാഹുബലി ഹിൽസിനെ അടുത്തറിഞ്ഞാലോ?
ബാഹുബലി സിനിമയിൽ നമ്മൾ കാണുന്ന ഭീമാകാരമായ പർവ്വതത്തിന്റെ മനോഹരവും താരതമ്യേന ചെറുതുമായ ഒരു പകർപ്പാണ് ഈ ബാഹുബലി കുന്നുകൾ എന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. ഉദയ്പൂരിൽ നിന്ന് 13 കിലോമീറ്റർ അകലെയുള്ള ബടി തടാകത്തിനടുത്തായാണ് ബാഹുബലി ഹിൽസ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ പ്രസിദ്ധമായ മൺസൂൺ പാലസ് സ്ഥിതി ചെയ്യുന്ന ആരവല്ലി കുന്നുകളുടെ പിറകിലായാണ് ബാടി തടാകം സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ വടക്കേ അറ്റത്താണ് ബാഹുബലി ഹിൽസ് വ്യൂപോയിന്റ് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ കാർ പാർക്ക് വരെ മാത്രമേ വണ്ടിയിൽ യാത്ര ചെയ്യാൻ സാധിക്കൂ. ബാക്കി ദൂരം നടന്നുതന്നെ പോകേണ്ടതുണ്ട്.
ആരവല്ലി മലനിരകളുടെ പശ്ചാത്തലത്തിൽ ബാഡി തടാകത്തിന്റെ ആകാശക്കാഴ്ച ഇവിടെ നിന്നാൽ കാണാൻ കഴിയും. ഉയർന്നും താഴ്ന്നും പച്ചപ്പു നിറഞ്ഞ മലകളും ആകാശം മുട്ടി നിൽക്കുന്ന കുന്നിൻ തലപ്പുകളും മേഘമൽഹാറുമെല്ലാം ഇവിടുത്തെ കാഴ്ചയ്ക്ക് ആകർഷണീയത വർദ്ധിപ്പിക്കും.
ഉദയ്‌പൂരിന്റെ പ്രാന്തപ്രദേശത്തുള്ള ബാഡി എന്ന ചെറിയ ഗ്രാമത്തിന് സമീപം മഹാരാന രാജ് സിംഗ് ഒന്നാമൻ 1652-1680 കാലത്ത് നിർമ്മിച്ച മനുഷ്യനിർമ്മിത, ശുദ്ധജല തടാകമാണ് ബാഡി തടാകം. രാജ്യത്ത് നില നിന്നിരുന്ന ക്ഷാമം പരിഹരിച്ച് ജനങ്ങൾക്ക് തൊഴിൽ നല്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത് നിർമ്മിക്കുന്നത്. 1973ലെ വരൾച്ചയിൽ ഉദയ്പൂരിനെ ഏറ്റവുമധികം സഹായിച്ച ജലസ്രോതസ്സും ഇതുതന്നെയാണ്.
ബാഹുബലി ഹിൽസ് വ്യൂപോയിന്റിന് പുറമെ, തടാകത്തിന്റെ കിഴക്കൻ തീരത്ത് മറ്രൊരു സൺസെറ്റ് പോയിന്റും ഉണ്ട്. വ്യൂപോയിന്റിലേക്ക് പോകുന്ന വഴിയിലൂടെ ഇവിടേക്ക് പ്രവേശിക്കാൻ കഴിയും. പാർക്കിംഗ് സ്ഥലത്തു നിന്ന് മുകളിലേക്കുള്ള യാത്രയെയാണ് ട്രക്കിംഗായി കണക്കാക്കിയിരിക്കുന്നത്. മുകളിലെത്താൻ ഏകദേശം 10 മുതൽ 20 മിനിറ്റ് വരെ യാത്ര ചെയ്യേണ്ടതുണ്ട്. പ്രസിദ്ധമായ ഫത്തേ സാഗർ തടാകത്തിൽ നിന്ന് ആറ് കിലോമീറ്റർ അകലെയുള്ള ബാഡി തടാകത്തിന്റെ അങ്ങേയറ്റത്താണ് ബാഹുബലി കുന്ന് സ്ഥിതി ചെയ്യുന്നത്.