congrdd

 സർവേ മുന്നറിയിപ്പിലും കണ്ണുതുറക്കാതെ കോൺഗ്രസ്

 പ്രതിഷേധം കടുപ്പിച്ച് പിന്നാക്ക നേതാക്കളും അണികളും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത പ്രഹരത്തിൽ നിന്ന് ഒന്നും പഠിക്കാതെയും, എ.ഐ.സി.സിയുടെ സർവേയിലെ മുന്നറിയിപ്പിന് പുല്ലുവില പോലും നൽകാതെയും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിപ്പട്ടികയിലും പിന്നാക്ക സമുദായങ്ങളെ വെട്ടിയരിഞ്ഞ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.

90 മുതൽ 95 വരെ സീറ്റിൽ മത്സരിക്കൊനൊരുങ്ങുന്ന കോൺഗ്രസിനു വേണ്ടി എ,ഐ ഗ്രൂപ്പ് മേലാളന്മാർ രൂപം നൽകിയ പട്ടികയിൽ ഈഴവ പ്രാതിനിദ്ധ്യം വെറും ഒമ്പത്. കഴിഞ്ഞ തവണ ഈഴവർക്കു നൽകിയ 11 ൽ വീണ്ടും രണ്ടു സീറ്റ് കുറച്ചാണ് ഇപ്പോഴത്തെ തന്നിഷ്ട പരീക്ഷണം. 2016 ൽ വിശ്വകർമ്മ സമുദായത്തിന് പേരിന് ഒരു സീറ്റ് നൽകിയിരുന്നെങ്കിൽ ഇത്തവണ അതുമില്ല.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചേ‌ർന്ന് അംഗീകരിച്ച പട്ടിക പാർട്ടി ഹൈക്കമാൻഡിനു കൈമാറി, തുടർചർച്ചകൾക്കു ശേഷം എട്ടാം തീയതിയോടെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ, സംസ്ഥാനത്തെ ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ഈഴവർ ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളെ വെട്ടിനിരത്തിയത് കടുത്ത പ്രതിഷേധങ്ങൾക്കും പലയിടത്തും കനത്ത പരാജയത്തിനും ഇടയാക്കിയിരുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദി പുറത്തുവിട്ട കണക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും, ഹൈക്കമാൻഡിലേക്കും പ്രവഹിക്കുകയും ചെയ്തു.

തുടർന്നാണ്,കേരളത്തിൽ സർവേ നടത്താൻ സംസ്ഥാനത്തിനു പുറത്തുള്ള മൂന്ന് ഏജൻസികളെ എ.ഐ.സി.സി നിയോഗിച്ചത്. അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ പിന്നാക്കക്കാരെ ഒപ്പം നിറുത്തണമെന്നും, 35 സീറ്റെങ്കിലും (ഈഴവർക്ക് 32) നൽകണമെന്നുമായിരുന്നു സർവേ റിപ്പോർട്ടിലെ ശുപാർശ. തുടർന്നു ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വി.എം.സുധീരനും കെ.മുരളീധരനും ഉൾപ്പെടെയുള്ള നേതാക്കളും സ്ഥാനാർത്ഥി നിർണയത്തിൽ സാമൂഹികനീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗ്രൂപ്പ്, വ്യക്തി താത്പര്യങ്ങൾക്ക് ഇത്തവണ സ്ഥാനമുണ്ടാകില്ലെന്നായിരുന്നു ഹൈക്കമാൻഡിന്റെ പ്രഖ്യാപനം. എ.ഐ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തി ചില കമ്മിറ്റികളും വന്നു.

പക്ഷേ, എ, ഐ ഗ്രൂപ്പ് നേതാക്കൾ ചേർന്ന് രൂപം കൊടുത്ത പട്ടിക പല കൈകൾ മറിഞ്ഞ് മൂവർ സംഘത്തിന്റെ പക്കലെത്തിയതോടെ 'മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ'യായി. ഈഴവ സമുദായത്തിന് ഇത്തവണ 24 സീറ്റ് (എ,ഐ ഗ്രൂപ്പുകൾ 12 വീതം) നീക്കിവയ്ക്കുമെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പാർട്ടിയിലെ പിന്നാക്കക്കാരായ നേതാക്കൾക്ക് ഉറപ്പ് നൽകിയിരുന്നതായും പറയുന്നു.

ഏഴ് ജില്ലകളിൽ ഔട്ട്, വർക്കല പോലുമില്ല!

ഹൈക്കമാൻഡിനു സമർപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാക്കിയ സ്ഥാനാർത്ഥിപ്പട്ടികയിൽ 14 ജില്ലകളിൽ ഏഴിലും ഈഴവ സമുദായ പ്രാതിനിദ്ധ്യമില്ല. കാസർകോട്, വയനാട്, മലപ്പുറം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് സമ്പൂർണ തഴയൽ. മറ്റു ജില്ലകളിൽ ഒന്നോ രണ്ടോ! തിരുവനന്തപുരം ജില്ലയിൽ ശിവഗിരി ഉൾപ്പെടുന്ന വർക്കലയിൽപ്പോലും സീറ്റില്ല. ഈ അവഗണനയുടെ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയവരോട്, രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തീരമേഖലകളിൽ നടത്തുന്ന റോഡ് ഷോകളോടെ എല്ലാം 'ഒ.കെ'യാവുമെന്നായിരുന്നുവത്രെ ഗ്രൂപ്പ് തലവന്മാരുടെ മറുപടി.

ആ 9 സീറ്റുകൾ

കണ്ണൂർ (കണ്ണൂർ), കൊയിലാണ്ടി (കോഴിക്കോട്), ചിറ്റൂർ, ആലത്തൂർ (പാലക്കാട്), കുന്നംകുളം

(തൃശൂർ), തൃപ്പൂണിത്തുറ (എറണാകുളം), കായംകുളം (ആലപ്പുഴ),കഴക്കൂട്ടം (തിരുവനന്തപുരം)