
ന്യൂഡൽഹി: മൂന്ന് തുരങ്കപാതകൾ അടക്കം ഉൾപ്പെട്ടുകൊണ്ടാണ് രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ വസതി, ഉപരാഷ്‌ട്രപതിയുടെ ഭവനം, എംപിമാരുടെ ചേംബറുകൾ എന്നിവയെ പാർലമെന്റ് മന്ദിരവുമായി ബന്ധപ്പെടുത്തിയാണ് നിർമ്മാണം എന്നാണ് സൂചന. വിവിഐപികളുടെ സുരക്ഷയ‌്ക്ക് ഏറെ പ്രാധാന്യം നൽകിയാണ് തുരങ്കപാത നിർമ്മിക്കുന്നത്. വിശിഷ്‌ട വ്യക്തികൾക്ക് മാത്രമാണ് ഇതിൽ പ്രവേശിക്കാൻ അവസരം. പ്രവേശനകവാടം മുതൽ അവസാനം വരെയും അതീവ സുരക്ഷാവലയത്തിലായിരിക്കും മൂന്ന് തുരങ്കപാതകളും.
പുതിയ പാർലമെന്റ് മന്ദിരം അടങ്ങുന്ന സെൻട്രൽ വിസ്‌ത പ്രോജക്‌ടിന്റെ നിർമ്മാണം കൃത്യതയാർന്ന പദ്ധതിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. സെൻട്രൽ വിസ്‌ത പദ്ധതി 2021 നവംബറിലും, പാർലമെന്റ് മന്ദിരം 2022 മാർച്ചിലും, സെൻട്രൽ സെക്രട്ടറിയേറ്റ് 2024 മാർച്ചിലും പൂർത്തിയാകും.
സെൻട്രൽ വിസ്‌ത പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ഭവനസമുച്ചയത്തിനൊപ്പം ഓഫീസും ഉണ്ടാകും. സൗത്ത് ബ്ളോക്കിലാണ് ഇവ നിർമ്മിക്കുക. നോർത്ത് ബ്ളോക്കിലാണ് ഉപരാഷ്‌ട്രപതിയുടെ ഭവനം. എംപിമാരുടെ ചേംബർ, നിലവിലെ ട്രാൻസ്പോർട്ട് ആന്റ് ശ്രാം ശക്തി ഭവന്റെ സ്ഥാനത്തും നിർമ്മിക്കും.
വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാർലമെന്റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക. 971 കോടി രൂപ ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലാണ് ഇതി നിർമ്മിക്കുന്നത്. നിലവിലെ മന്ദിരത്തിനേക്കാൾ 17,000 ചതുരശ്രമീറ്റർ വലുതായിരിക്കും. ആറ് കവാടങ്ങളുണ്ടാകും. നാല് നിലകൾ. ലോക്‌സഭാ ചേംബറിന്റെ വലുപ്പം 3,015 ചതുരശ്ര മീറ്റർ ആണ്. 888 അംഗങ്ങൾക്ക് ഇരിപ്പിടമുണ്ടാകും. രാജ്യസഭ ചേംബറിൽ 384 അംഗങ്ങൾക്ക് ഇരിക്കാം. ലോക്‌സഭയിൽ നിലവിൽ 543 ഉം രാജ്യസഭയിൽ 245 ഉം അംഗങ്ങൾക്കാണ് ഇരിപ്പിടമുള്ളത്.