
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ചുള്ള കേരള ഷാഡോ കാബിനറ്റിന്റെ റിപ്പോർട്ട് പുറത്തിറക്കി. ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ സർക്കാർ മികച്ച നേട്ടം കൈവരിച്ചതായി സമർത്ഥിക്കുന്ന റിപ്പോർട്ട് പക്ഷേ, സ്‌പ്രിൻക്ളർ, പൊലീസ് നിയമഭേദഗതി, മുഖ്യമന്ത്രി ഉപദേശകരെ നിയമിച്ചത് അടക്കമുള്ള വിവാദ വിഷയങ്ങളിൽ സർക്കാരിനെ വിമർശിക്കുന്നുമുണ്ട്. ജനാധിപത്യത്തെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ എൻ.ജി.ഒകൾ, സന്നദ്ധ, സാമൂഹിക പ്രവർത്തകർ അടക്കമുള്ളവർ ചേർന്ന് തയ്യാറാക്കിയതാണ് റിപ്പോർട്ട്.
2018ലാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ നാല് എൻ.ജി.ഒകൾ ചേർന്ന് ഹൈക്കോടതി അഭിഭാഷകൻ ജോൺ ജോസഫിന്റെ നേതൃത്വത്തിൽ ഷാഡോ കാബിനറ്റ് (നിഴൽ മന്ത്രിസഭ) രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി 19 നിഴൽ മന്ത്രിമാരെയും തീരുമാനിച്ചിരുന്നു. ഇവർ സർക്കാരിലെ ഓരോ വകുപ്പുകളുടെയും പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സർക്കാരിന്റെ പ്രവർത്തനത്തിലാണ് ഷാഡോ കാബിനറ്റ് കൂടുതൽ തൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് അവയെ ഉയർത്താനായതും സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമായാണ് റിപ്പോർട്ട് വിലയിരുത്തുന്നത്. ഇതോടൊപ്പം അദ്ധ്യാപകരുടെ നിലവാരം ഉയർത്താനായതും പാഠപുസ്‌തകങ്ങൾ സമയത്ത് വിതരണം ചെയ്യാനായതും മേന്മയായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പല പദ്ധതികളും പ്രതിപക്ഷത്തിന്റെ എതിർപ്പിനെ തുടർന്ന് പിന്നീട് പിൻവലിക്കേണ്ടി വന്നതും തെറ്റായ തീരുമാനങ്ങൾ കൈക്കൊണ്ടതും സർക്കാരിന് തിരിച്ചടിയായതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്‌പ്രിൻക്ളർ കരാർ, പമ്പയിലെ മണൽവാരൽ, മന്ത്രിസഭ അധികാരത്തിന് വന്നതിന് പിന്നാലെ ബന്ധു നിയമന വിവാദത്തെ തുടർന്ന് മന്ത്രി ഇ.പി.ജയരാജന് രാജിവയ്ക്കേണ്ടി വന്നത്, ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകിയത്, ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനു നേരെ ഉയർന്ന മാർക്കുദാന ആരോപണം, പ്രൈസ് വാട്ടർ കൂപ്പേഴ്സിന്റെ കൺസൾട്ടൻസി വിവാദം, വിവാദ പൊലീസ് നിയമഭേദഗതി തുടങ്ങിയവ മുതൽ ഏറ്റവും ഒടുവിലെ ആഴക്കടൽ മത്സ്യബന്ധന കരാർ വരെ സർക്കാരിന് കനത്ത തിരിച്ചടി ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെ നിയമിച്ചതും മാദ്ധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെയും റിപ്പോർട്ടിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്.