bowl

വാഷിംഗ്ടൺ: നിസാര തുകയ്ക്ക് വിൽപ്പനയ്ക്ക് വച്ച പഴയ ചെറിയ കളിമൺ പാത്രത്തിന്റെ യഥാർത്ഥ വില 36,417,700 രൂപ. സെക്കൻഡ്ഹാൻഡ് സാധനങ്ങളുടെ വിൽപ്പനമേളയിൽ പ്രദർശിപ്പിച്ച ഈ പാത്രത്തിന് 2,500 രൂപയാണ് വിലയായി നിശ്ചയിച്ചിരുന്നത്. പിന്നീടാണ് ഇത്, 15ാം നൂറ്റാണ്ടിൽ നിർമ്മിച്ച അപൂർവമായ പാത്രമാണെന്ന് സംഘാടകർക്ക് മനസിലായത്. കണക്ടികട്ട് സ്വദേശിയായ വ്യക്തിയുടെ പക്കലാണ് നിലവിൽ പിഞ്ഞാണമുള്ളത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇദ്ദേഹം പുരാവസ്തു ഗവേഷകരെ പാത്രം കാണിച്ചിരുന്നു. പാത്രം വിലയേറിയതാണെന്ന് ഇവരാണ് കണ്ടെത്തിയത്.

 'പാത്ര ചരിത്രം'

പൂക്കളുടേയും വള്ളികളുടേയും ചിത്രങ്ങൾ നീല നിറത്തിൽ ആലേഖനം ചെയ്ത പാത്രം ചൈനയിലെ മിങ് രാജവംശക്കാലത്ത് നിർമ്മിച്ചതാണ്. 1402 മുതൽ 1424 വരെ ഭരണത്തിലിരുന്ന യോങ്കിൾ ചക്രവർത്തിയുടെ ഭരണകാലത്താണ് ഇത്തരത്തിലുള്ള പാത്രങ്ങൾ നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. ഇതേ മാതിരിയുള്ള മറ്റ് ആറ് പാത്രങ്ങൾ മാത്രമാണ് ഇതിന് മുമ്പ് കണ്ടെത്തിയിട്ടുള്ളതെന്ന് ആർട്ട് വർക്ക്‌സ് കോർപറേഷനായ സോത്‌ബെയിലെ ചൈനീസ് കലാരൂപപഠനവിഭാഗം മേധാവി ആംഗേല മക്അറ്റീർ പറഞ്ഞു. ഇതുവരെ ഇത്തരത്തിലുള്ള ആറ് പാത്രങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഇതിൽ അഞ്ച് ബൗളുകളിൽ രണ്ടെണ്ണം തായ്‌വാനിലും രണ്ടെണ്ണം ലണ്ടനിലും ഒരെണ്ണം ടെഹ്‌റാനിലുമുള്ള മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. ആറാമത്തെ ബൗളിനെക്കുറിച്ച് 2007ൽ വാർത്തകൾ പുറത്തു വന്നിരുന്നെങ്കിലും ഇപ്പോൾ ആരുടെ പക്കലാണെന്ന കാര്യം അജ്ഞാതമാണ്. ഇപ്പോൾ കണ്ടെത്തിയ ഏഴാമത്തെ പാത്രം 17 ന് സോത്‌ബെ പ്രദർശനത്തിനെത്തിക്കും. ഈ ബൗൾ എങ്ങനെയാണ് സ്വകാര്യ വിൽപനക്കെത്തിയതെന്ന കാര്യം വ്യക്തമല്ലെന്ന് ആംഗേല പറഞ്ഞു.