tajmahal

ആഗ്ര: താജ്‌മഹലിന് സമീപം ബോംബ് കുഴിച്ചിട്ടിട്ടുണ്ടെന്നും ഏത് സമയം വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്നും വ്യാജ ഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ ഒരാളെ യു.പി പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഫിറോസാബാദ് സ്വദേശിയായ വിമൽ കുമാർ സിംഗ് എന്നയാളാണ് വ്യാജ ബോംബ് ഭീഷണി അന്വേഷണത്തിൽ പിടിയിലായത്. ഇയാൾ മാനസിക രോഗിയാണെന്നും രോഗചികിത്സയ്‌ക്കായി ആഗ്രയിലെത്തിയതാണെന്നും ഇങ്ങനെ വ്യാജ ബോംബ് ഭീഷണി മുഴക്കാനുള‌ള കാരണം തേടുമെന്നും പൊലീസ് അറിയിച്ചു.

യു.പി പൊലീസിന്റെ എമർജെൻസി നമ്പരിൽ ഇന്ന് രാവിലെയാണ് വ്യാജ ബോംബ്ഭീഷണി സന്ദേശം വന്നത്. ഉടൻതന്നെ താജ്‌മഹലിൽ സന്ദർശകരെ ഒഴിപ്പിക്കുകയും ബോംബ്‌സ്‌ക്വാഡും സി.ഐ.എസ്.എഫും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്‌തു. എന്നാൽ സംശയിക്കത്തക്കതായി ഒന്നും കണ്ടെത്തിയില്ല.തുടർന്ന് ഒരു മണിക്കൂറിന് ശേഷം 11.15ഓടെ സന്ദർശകർക്കായി വീണ്ടും താജ്‌മഹൽ തുറന്നുകൊടുത്തു.