pinarayi-vijayan

തിരുവനന്തപുരം: വിവാദമായ മന്ത്രിസഭായോഗ തീരുമാനത്തിന് ശേഷം ശ്രീ എമ്മിന് നാലേക്കർ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി. പ്രതിവർഷം 34 ലക്ഷം രൂപ പാട്ടത്തിന് പത്ത് വർഷത്തേക്കാണ് ഭൂമി അനുവദിച്ചത്. 17.5 കോടി രൂപയാണ് ഭൂമിയുടെ ആകെ മതിപ്പു വിലയെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലകാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം താലൂക്കിലെ ചെറുവയ്‌ക്കൽ വില്ലേജിലെ നാലേക്കർ ഭൂമിയാണ് പാട്ടത്തിന് നൽകിയിരിക്കുന്നത്. മൂന്നു വർഷം കൂടുമ്പോൾ പാട്ടം പുതുക്കണം, ഭൂമിയിലെ മരങ്ങൾ മുറിക്കരുത് തുടങ്ങിയ കർശന വ്യവസ്ഥകളോടെയാണ് ഭൂമി അനുവദിച്ചു കൊണ്ടുളള ഉത്തരവ്.

സത്‌സംഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഭൂമി കൈമാറിയതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കണ്ണൂരിലെ കൊലപാതകങ്ങൾക്ക് അറുതിവരുത്താനും സമാധാനാന്തരീക്ഷം സ്ഥാപിക്കാനുമായി സി പി എം-ആർ എസ് എസ് നേതാക്കൾ തമ്മിൽ ശ്രീ എമ്മിന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തിയതായുളള വിവരം വലിയ ഒച്ചപ്പാട് സൃഷ്‌ടിച്ചിരുന്നു. മദ്ധ്യസ്ഥനായി പ്രവർത്തിച്ചതിന്റെ പ്രതിഫലമായാണ് ശ്രീ എമ്മിന്റെ സ്ഥാപനത്തിന് ഭൂമി അനുവദിച്ചതെന്നും ആരോപണം ഉയർന്നിരുന്നു.