
ചെന്നൈ: നടി ഖുശ്ബു സുന്ദർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കൊവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു. താൻ ആസ്‌മ രോഗിയും കഠിനമായ സൈനസൈറ്റിസും അനുഭവിക്കുന്ന ആളാണെന്നും അതിനാലാണ് ഇപ്പോൾ വാക്സിൻ സ്വീകരിച്ചതെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.
കൊവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിൽ 60 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ എടുക്കുന്നത്. എന്നാൽ ആരോഗ്യപ്രശ്‌നമുള്ള 45 വയസിന് മുകളിന് ഉള്ളവർക്കും ഡോക്ടറുടെ സർട്ടിഫിക്കറ്റോടെ വാക്സിനേഷൻ ലഭിക്കും.
"ഞാൻ വാക്സിനേഷൻ എടുത്തു. എന്റെ കുടുംബത്തെ സംരക്ഷിക്കാനും ദിവസവും കണ്ടുമുട്ടുന്ന ആയിരക്കണക്കിന് ആളുകളെ സംരക്ഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു. അതിനാലാണ് ഞാനിപ്പോൾ വാക്സിൻ സ്വീകരിച്ചത്. ഞാൻ ആസ്‌മ രോഗിയാണ്. കഠിനമായ സൈനസൈറ്റിസ് എന്നെ അലട്ടുന്നുണ്ട്. അതിനാൽ ഞാൻ മറ്റുള്ളവരെ മറികടന്ന് വാക്സിൻ സ്വീകരിച്ചുവെന്ന് പറയുന്നവർ ഒന്ന് സമാധാനപ്പെടൂ. മറ്റുള്ളവരെ സംരക്ഷിക്കാൻ എനിക്ക് ആരോഗ്യം വേണം."- ഖുശ്ബു ട്വീറ്റ് ചെയ്തു.
നടി സുഹാസിനിയുടെ അച്ഛനും നടനുമായ ചാരുഹാസനും ഭാര്യ കോമളവും ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിച്ചു.
"അച്ഛന് 91, അമ്മയ്ക്ക് 87ഉം വയസായി. അവർ വാക്സിൻ എടുത്തു, നിങ്ങൾ മടിക്കുന്നുവോ. പേടിക്കുന്നോ... അങ്ങനെയാവരുത്. ആരോഗ്യമുള്ള ലോകം ആഗ്രഹിക്കുന്നവനാകൂ..."- സുഹാസിനി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു