
അംങ്കാര: അടിപൊളി ഗ്ലൗസുകളും പർപ്പിൾ നിറത്തിലുള്ള ഷൂസുകളും കറുത്ത ടീഷർട്ടുമറിഞ്ഞ് നാൻസി മുത്തശ്ളി ബോക്സിംഗ് റിംഗിൽ തകർത്ത് പരിശീലനം ചെയ്യുകയാണ്. തന്നെ ബാധിച്ചിരിക്കുന്ന പാർക്കിൻസൺസ് രോഗത്തിനെതിരെയുള്ള ഒരു പോരാട്ടം കൂടിയാണ് തുർക്കി സ്വദേശിയായ നാൻസി വാൻ ഡെർ സ്റ്റ്രാക്ടെൻ എന്ന 75കാരിയ്ക്ക് ബോക്സിംഗ്. ആറ് വർഷം മുൻപാണ് നാൻസി മുത്തശ്ശിയ്ക്ക് പാർക്കിൻസൺസ് രോഗം സ്ഥിരീകരിക്കുന്നത്.
അന്ന് മുതൽ, ചികിത്സയുടെ ഭാഗമായി നാൻസി ബോക്സിംഗ് പരിശീലനം ആരംഭിച്ചു. തിരിച്ചടികൾ ഇല്ലാത്ത നോൺ കോൺടാക്റ്റ് ബോക്സിംഗ് എന്ന രീതിയാണ് നാൻസി പരീക്ഷിക്കുന്നത്. ഇത്തരം ബോക്‌സിംഗ് പരിശീലിക്കുന്നത് പാർക്കിൻസൺസ് രോഗത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രോഗത്തെ ഇല്ലാതാക്കാൻ ഈ വഴികൾക്കൊന്നും കഴിയില്ല എന്ന് മുത്തശ്ശിക്കറിയാം. എങ്കിലും, രോഗബാധയുടെ കാഠിന്യം കുറയ്ക്കാൻ ബോക്സിംഗിന് കഴിയുമെന്നാണ് നാൻസിയുടെ വിശ്വാസം. ബോക്‌സിംഗിനൊപ്പം ആഴ്ചയിൽ മൂന്നുതവണ ജിമ്മിൽ പോയി വർക്കൗട്ടും നടത്താറുണ്ട് നാൻസി. എന്നെ റിംഗിൽ കണ്ടപ്പോൾ അവിടെ ബോക്‌സിംഗ് പഠിക്കാനെത്തിയവർ അമ്പരന്നു പോയി - നാൻസി പറയുന്നു. വീട്ടുപകരണങ്ങളുടെ ഡിസൈനിംഗ് പെയിന്റിംഗ് വർക്കുകൾ ചെയ്ത് നൽകുകയാണ് നാൻസിയുടെ ജീവിതമാർഗം. ബോക്‌സിംഗ് പഠിച്ചു തുടങ്ങിയതോടെ കൈത്തൊഴിലും നന്നായി ചെയ്യാൻ കഴിയുന്നുണ്ടെന്ന് നാൻസി പറയുന്നു.