
ലണ്ടൻ: രാജപദവികൾ ത്യജിച്ച് ബക്കിംഗ്ഹാം കൊട്ടാരം വിട്ടിറങ്ങിയ ഹാരി രാജകുമാരനും പത്നി മേഗൻ മാർക്കലും രാജകൊട്ടാരത്തിനെതിരെയുള്ള കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. രാജകുടുംബത്തിൽ ചെലവഴിച്ച കാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുമെന്ന് ഓപ്ര വിൻഫ്രി ഷോയിൽ മേഗൻ പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി എട്ടിനാണ് ഹാരിയും മേഗനും പങ്കെടുക്കുന്ന വിൻഫ്രി ഷോ സംപ്രേഷണം ചെയ്യുന്നത്. തന്നെക്കുറിച്ചും ഹാരിയെക്കുറിച്ചും രാജകുടുംബം നുണപ്രചാരണം നടത്തുകയാണെന്നും മേഗൻ ആരോപിച്ചിരുന്നു. ഇൗ വിഷയങ്ങളിൽ ഇനിയും മൗനം തുടരാൻ താൽപര്യമില്ലെന്നും വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മേഗൻ പറയുന്നു. അഭിമുഖത്തിനിടെ രാജകുടുംബത്തെ പ്രതികാര മനോഭാവമുള്ള സ്ഥാപനം എന്ന് ഇരുവരും വിശേഷിപ്പിച്ചെന്നാണ് റിപ്പോർട്ട്.
അതേസമയം, ഹാരിയും മേഗനും രാജകുടുംബത്തിൽ നേരത്തെ ജോലി ചെയ്തിരുന്ന ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ബുദ്ധിമുട്ടിച്ചിരുന്നതായും ബെക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിരുന്നു. 2018ൽ തന്നെ ഇതിനെതിരെ ജീവനക്കാർ പരാതി നൽകിയെന്നും കൊട്ടാരം വക്താക്കൾ പറയുന്നു. ചിലപ്പോൾ അവർ പൊട്ടിക്കരഞ്ഞിരുന്നെന്നും മാനസിക സമ്മർദ്ദം താങ്ങാനാവാതെ രണ്ട് ജീവനക്കാർ രാജി വച്ചെന്നും ആരോപണമുണ്ട്. വിഷയത്തിൽ കൊട്ടാര വൃത്തങ്ങൾ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, അഭിമുഖം ബ്രിട്ടനിൽ വാർത്തയാകാതിരിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാകാം ആരോപണമെന്നും റിപ്പോർട്ടുണ്ട്. രാജകൊട്ടാരത്തിന്റെ ആരോപണങ്ങൾ മേഗന്റെ വക്താവ് നിഷേധിച്ചിട്ടുണ്ട്. ഈ വാർത്ത അറിഞ്ഞത് മുതൽ മേഗൻ ദുഃഖത്തിലാണെന്നും അവരെ വ്യക്തിഹത്യ നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും വക്താവ് പറഞ്ഞു.
2018 മേയിൽ വിവാഹിതരായ ഹാരിയും മേഗനും കഴിഞ്ഞ വർഷം മാർച്ചിൽ ഔദ്യോഗിക പദവികൾ ഉപേക്ഷിച്ച് ആദ്യം കാനഡയിലേക്കും അവിടുന്ന് കാലിഫോർണിയയിലേക്കും മാറിയിരുന്നു. കൊട്ടാരം നൽകുന്ന ആനുകൂല്യങ്ങൾ വേണ്ടെന്നും ഇവർ അറിയിച്ചു. കഴിഞ്ഞ മാസം രാജകുടുംബവുമായി ബന്ധപ്പെട്ട് കൈവശമുണ്ടായിരുന്നതെല്ലാം ഇരുവരും തിരിച്ച് നൽകി. മരുമകളെന്ന നിലയിൽ അവകാശപ്പെട്ട പലതും രാജകുടുംബം തനിക്ക് അനുവദിച്ചുതരാൻ താൽപര്യം കാണിച്ചിരുന്നില്ലെന്ന് നേരത്തെ മേഗൻ സൂചിപ്പിച്ചിരുന്നു.