
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഒരാഴ്‌ചയ്‌ക്കിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13 ശതമാനം കുറഞ്ഞു. സെപ്‌തംബർ 15ന് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് യു.കെയിൽ ഉൾപ്പടെ സ്ഥിരീകരിച്ച ജനിതക വ്യതിയാനം വന്ന വൈറസുകളെ നേരിടാൻ ശേഷിയുണ്ട്. അതിനാൽ ഈ വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ആവശ്യത്തിന് വാക്‌സിൻ സ്‌റ്റോക്കുണ്ട്. 21 ലക്ഷം ഡോസ് വാക്‌സിൻ ഉടൻതന്നെ സംസ്ഥാനത്ത് എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിൻ രജിസ്‌ട്രേഷൻ സൈറ്റായ കോവിൻ സൈറ്റിലെ രജിസ്‌ട്രേഷൻ നടപടികൾ സുഗമമാക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു.
കോവിൻ പോർട്ടലിൽ 15 ദിവസത്തെ വാക്‌സിനേഷൻ സെഷൻ സൃഷ്‌ടിക്കും. ഈ സെഷനുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യും. സംസ്ഥാനത്ത് വാക്‌സിനേഷൻ കേന്ദ്രങ്ങൾ വർദ്ധിപ്പിക്കുമെന്നും ഇവിടെ നേരിട്ടെത്തുന്നവർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് താപനില കൂടി വരുന്നതായുംകോട്ടയം ആലപ്പുഴ ജില്ലകളിൽ ഉയർന്നചൂട് ദുരന്തം സൃഷ്‌ടിക്കാമെന്ന് മുന്നറിയിപ്പുണ്ട്. ഉഷ്ണതരംഗം, സൂര്യാതപം, സൂര്യാഘാതം എന്നിവയെ ശ്രദ്ധിക്കണം. ഇവ സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതാണ്. വേനൽകാല പ്രശ്‌നങ്ങൾ ജനങങ്ങൾ നേരിടുകയും പ്രത്യേക ജാഗ്രത പാലിക്കണം. ധാരാളം വെളളം കുടിക്കാനും പഴവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. വയോജനങ്ങൾ, കുട്ടികൾ, മുലയൂട്ടുന്ന അമ്മമാർ, ഗർഭിണികൾ എന്നിവർ ശ്രദ്ധിക്കണം. പകൽ 11 മുതൽ 3 വരെ ജാഗ്രത വേണം. ഈ സമയം നേരിട്ട് ചൂടേൽക്കാതെ തൊഴിൽ സമയം പുനക്രമീകരിക്കണമെന്നും നിർദ്ദേശിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.